ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങൾ ചോർത്തി; ടിക് ടോക്കിന് 40 കോടി ഡോളർ പിഴ ചുമത്തി അമേരിക്ക
text_fieldsടിക്ക് ടോക്ക്
വാഷിങ്ടൺ: അമേരിക്കയിൽ കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചുവെന്ന കേസ് ഒത്തുതീർപ്പാക്കാൻ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാൻസും 40 കോടി ഡോളർ പിഴയൊടുക്കാൻ ധാരണയിലെത്തി. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഒത്തുതീർപ്പിന്റെ ഭാഗമായി ടിക് ടോക്ക് 30 കോടി ഡോളർ ഉടനടി നൽകും. കൂടാതെ, ടിക്ക് ടോക്കിന്റെ ഭാഗയായ ‘മ്യൂസിക്കലി’ (Musical.ly) എന്ന ആപ്പിനെതിരെ നിലവിലുണ്ടായിരുന്ന മുൻ ഉത്തരവ് റദ്ദാക്കപ്പെടുന്ന മുറക്ക് ബാക്കി 10 കോടി ഡോളറും നൽകും.
ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) പ്രകാരമുള്ള കേസുകളിൽ ഇതുവരെ ഈടാക്കുന്ന ഏറ്റവും വലിയ തുകകളിൽ ഒന്നാണിത്. 2024ൽ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും ഫെഡറൽ ട്രേഡ് കമ്മീഷനും (FTC) സംയുക്തമായാണ് ടിക് ടോക്കിനെതിരെ കോടതിയെ സമീപിച്ചത്.
മാതാപിതാക്കളുടെ അനുമതിയില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിവിവരങ്ങൾ വെബ്‌സൈറ്റുകളും ആപ്പുകളും ശേഖരിക്കുന്നത് ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് (COPPA) കർശനമായി നിരോധിക്കുന്നുണ്ട്.
എന്നാൽ, മാതാപിതാക്കളെ അറിയിക്കാതെ കുട്ടികളെ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുകയും അവരുടെ വ്യക്തിഗത ഡാറ്റ വ്യാപകമായി ശേഖരിക്കുകയും വഴി ടിക്ക് ടോക്ക് ലക്ഷക്കണക്കിന് കുട്ടികളുടെ സുരക്ഷയാണ് അപകടത്തിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നിർമിച്ച ‘കിഡ്സ് മോഡ്’ അക്കൗണ്ടുകൾ പോലും ഇമെയിൽ വിലാസങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും ശേഖരിച്ചിരുന്നുവെന്നും കേസിൽ ആരോപിക്കുന്നു.
2017ൽ ബൈറ്റ്ഡാൻസ് ഏറ്റെടുക്കുകയും പിന്നീട് ടിക്ക് ടോക്കുമായി ലയിപ്പിക്കുകയും ചെയ്ത 'മ്യൂസിക്കലി' എന്ന ആപ്പിനെതിരെ 2019ലും അമേരിക്കയിൽ ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് നിയമപ്രകാരം കേസെടുത്തിരുന്നു. ഈ പഴയ കേസിന്റെ തുടർച്ചയും പുതിയ നിയമലംഘനങ്ങളും പരിഗണിച്ചാണ് ഇപ്പോൾ ഭീമമായ തുക പിഴയായി ചുമത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഈ നടപടികൾക്ക് പുറമെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ടിക് ടോക്കിനെതിരെ കർശനമായ നിരീക്ഷണവും അന്വേഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവീസസ് ആക്ട് (DSA) പ്രകാരം യൂറോപ്യൻ യൂണിയൻ ടിക് ടോക്കിനെതിരെ അന്വേഷണം നടത്തിവരികയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ആപ്പിന്റെ അക്കൗണ്ട് ക്രമീകരണങ്ങൾ പരാജയപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തുന്നു.
ബ്രിട്ടീഷ് റെഗുലേറ്ററായ ഒഫ്‌കോം കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ടിക്ക് ടോക്ക് വരുത്തുന്ന വീഴ്ചകളും, അവരുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ ടിക്ക് ടോക്ക് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

