Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഡിസ്‌നിയുടെ സിനിമാ...

ഡിസ്‌നിയുടെ സിനിമാ ക്ലിപ്പുകൾ ഇനി ടിക് ടോക്ക് വീഡിയോകളിൽ ഉപയോഗിക്കാം; ക്രിയേറ്റർമാർക്ക് ഉപയോഗാനുമതി നൽകാൻ ധാരണ

text_fields
bookmark_border
disney
cancel
camera_alt

ടോയ് സ്റ്റോറി ചിത്രത്തിൽ നിന്ന്

ന്യൂയോർക്ക്: ഡിസ്‌നിയുടെ സിനിമകളിലെയും ടെലിവിഷൻ പരിപാടികളിലെയും ഭാഗങ്ങൾ ടിക് ടോക്ക് വീഡിയോകളിൽ ഉപയോഗിക്കാൻ കണ്ടന്‍റ് ക്രിയേറ്റേഴ്സിന് അനുമതി നൽകുന്ന പുതിയ കരാറിൽ ഒപ്പിട്ട് ഡിസ്‌നിയും ടിക് ടോക്കും. ഇതോടെ സ്റ്റാർ വാർസ്, ടോയ് സ്റ്റോറി, മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് തുടങ്ങിയ ജനപ്രിയ ഫ്രാഞ്ചൈസികളിലെ രംഗങ്ങൾ ടിക് ടോക്ക് വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇവ ഡിസ്നിയുടെ ഷോർട്ട്-ഫോം വീഡിയോ പ്ലാറ്റ്‌ഫോമായ വെർട്ട്‌സിലും പങ്കിടും.

പദ്ധതി ആദ്യം അമേരിക്കയിലാണ് ആരംഭിക്കുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങൾ ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, എ.ഐ നിർമിത വീഡിയോകളിൽ ഡിസ്‌നിയുടെ കഥാപാത്രങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിനായി ഡിസ്‌നിയും ഓപ്പൺ എ.ഐയും തമ്മിൽ പദ്ധതിയിട്ടിരുന്ന 100 കോടി ഡോളറിന്റെ കരാർ തകർന്നതിന് പിന്നാലെയാണ് ഈ ധാരണ. മറ്റ് ബിസിനസ് മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ഓപ്പൺ എ.ഐ അവരുടെ എ.ഐ വീഡിയോ മെയ്ക്കിങ് ടൂളായ സോറ അടച്ചുപൂട്ടിയതോടെ ആ കരാർ മാർച്ചിൽ റദ്ദാക്കിയിരുന്നു.

ആരാധകർ ഇക്കാലത്ത് തങ്ങളുടെ കഥകളെ പുതിയ രീതികളിലാണ് ആഘോഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ചിലത് ഡിസ്‌നിയുടെ ഉടമസ്ഥതയിലാണെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ ഇത്തരം കണ്ടന്‍റ് ക്രിയേറ്റർമാരിലാണ്. മുമ്പ് ആരാധകരെ ലക്ഷ്യമാക്കി മാത്രം വിപണനം നടത്തിയ ഹോളിവുഡിന് ഇപ്പോൾ കണ്ടന്‍റ് ക്രിയേറ്റർമാർക്ക് പ്രചാരണത്തിന്റെ ഭാഗമാകാൻ ആവശ്യമായ ഉള്ളടക്കം നൽകേണ്ടിവരുന്നു. ഇത് ഈ മേഖലയിലെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷം ടിക് ടോക്കിൽ സിനിമകളും ടിവി പരിപാടികളുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി 65 ലക്ഷം പോസ്റ്റുകൾ എത്തിയിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. സിനിമകളിലെയും സീരീസുകളിലെയും രംഗങ്ങൾ ഉപയോഗിച്ച് ആരാധകർ വീഡിയോകൾ സൃഷ്ടിക്കാറുണ്ടെങ്കിലും വ്യക്തമായ അനുമതിയില്ലാത്തതിനാൽ പകർപ്പവകാശത്തെ തുടർന്ന് ഇത്തരം ഉള്ളടക്കങ്ങൾ പലപ്പോഴും നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതോടെ പുതിയ സിനിമകളുമായി ബന്ധപ്പെട്ട ആരാധക ഉള്ളടക്കങ്ങൾക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിട്ടിരുന്നു.

ഹോളിവുഡിലെ ഏറ്റവും വലിയ സ്റ്റുഡിയോകളിലൊന്നിന്റെ ഔദ്യോഗിക ഉള്ളടക്ക പങ്കാളിയെന്ന നിലയിൽ ടിക് ടോക്കിന് കൂടുതൽ വിശ്വാസ്യത ലഭിക്കുമെന്നും ടിക് ടോക്കിന്‍റെ അൽഗോരിതത്തിന് ഏതെങ്കിലും കഥാപാത്രത്തെയോ രംഗത്തെയോ മറന്നുപോയ ഏതെങ്കിലും ഫ്രാഞ്ചൈസിയെയോ വീണ്ടും ജനപ്രിയമാക്കാനും മൂല്യമുള്ളതാക്കാനും കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഈ കരാറിലൂടെ ചില ക്രിയേറ്റർമാരുടെ വീഡിയോകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും പ്രത്യേക പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

ഓപ്പൺ എ.ഐയുടെ സോറ കരാർ അപ്രതീക്ഷിതമായി തകർന്നതിനെ തുടർന്ന് ഉണ്ടായ യൂസർ ജനറേറ്റഡ് കണ്ടന്‍റ് മേഖലയിലെ വിടവ് നികത്താനും മേഖലയിൽ ഡിസ്‌നിയുടെ സാന്നിധ്യം പുനഃസ്ഥാപിക്കാനും പുതിയ കരാർ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ ടിക് ടോക്കുമായി ബന്ധപ്പെട്ട സുരക്ഷാ ചർച്ചകൾ നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തെരഞ്ഞെടുക്കുന്ന ക്രിയേറ്റർ ഉള്ളടക്കം ക്യൂറേറ്റ് ചെയ്യുന്നതിന് ഡിസ്നിക്ക് കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഓൺലൈൻ കണ്ടന്‍റ് ക്രിയേറ്റേഴ്സിനും ഇൻഫ്ലുവൻസർമാർക്കും ബ്രാൻഡുകളുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പ്രാധാന്യം വർധിച്ചുവരികയാണ്.

2024 ൽ യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സ് ബ്രിട്ടൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 220 കോടി പൗണ്ടിന്റെ സംഭാവന നൽകുകയും 45,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും ചെയ്തതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്സിന്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ പറയുന്നു.

കുറഞ്ഞ ഫോളോവേഴ്‌സ് ഉള്ള ഇൻഫ്ലുവൻസർമാർക്കും പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കൂടുതൽ സജീവമായ പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുമെന്ന തിരിച്ചറിവും ബ്രാൻഡുകൾക്കിടയിൽ ശക്തമാകുന്നുണ്ട്. ഡിസ്‌നി മാർച്ചിലാണ് ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ വെർട്സ് അമേരിക്കയിൽ ആരംഭിച്ചത്. ഭാവിയിൽ ഇത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seriesMoviesdisneytiktokContent Creator
News Summary - ഡിസ്‌നി ടിക് ടോക്ക് കരാർ
Next Story