21,000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി ഒറാക്കിൾ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ 21,000 ജീവനക്കാരെ പിരിച്ചുവിട്ട ഒറാക്കിൾ വീണ്ടും വൻതോതിൽ ജീവനക്കാരെ കുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എ.ഐ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ സെന്റർ ബിസിനസിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പിരിച്ചുവിടൽ നടപടി.
കമ്പനിയുടെ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ ബാധിക്കുമെന്നാണ് വിവരം. എന്നാൽ എത്ര ജീവനക്കാരെയാണ് ഒഴിവാക്കുകയെന്നത് ഒറാക്കിൾ വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ ഒന്നിന് കമ്പനിയുടെ രണ്ടാം സാമ്പത്തിക പാദം ആരംഭിക്കുന്നതിന് മുമ്പ് വെട്ടിക്കുറക്കൽ നടപ്പിലാക്കുമെന്നാണ് വിവരം.
ഈ വർഷം ആദ്യം തന്നെ ഒറാക്കിൾ വലിയ തോതിൽ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. 21,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. എ.ഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങൾക്കും ഡാറ്റാ സെന്ററുകൾക്കുമായി കമ്പനി വൻതോതിൽ നിക്ഷേപം നടത്തുന്നതിനിടെയായിരുന്നു നടപടി. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കമ്പനിയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 162,000 ആയിരുന്നു. എന്നാൽ 2026 മെയ് 31ഓടെ ഇത് 141,000 ആയി ചുരുങ്ങി. 21000 ജീവനക്കാരെ പിരിച്ചുവിട്ടതോടെ ഏകദേശം 13 ശതമാനത്തോളം കുറവാണ് മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
പരമ്പരാഗത സോഫ്റ്റ്‌വെയർ ബിസിനസിനൊപ്പം എ.ഐ മോഡലുകൾക്ക് ആവശ്യമായ വൻതോതിലുള്ള കമ്പ്യൂട്ടിങ് ശേഷിയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറും നൽകുന്നതിലേക്കാണ് ഒറാക്കിളിന്റെ ശ്രദ്ധ. ഒറാക്കിളിനൊപ്പം മെറ്റ, ഗൂഗ്ൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ടെക് ഭീമൻമാരും കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

