Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഎ.ഐ തരംഗം...

എ.ഐ തരംഗം ആഞ്ഞടിക്കുന്നു; ഒരു വർഷത്തിനിടെ ഒറാക്കിൾ പിരിച്ചുവിട്ടത് 21,000 ജീവനക്കാരെ!

text_fields
bookmark_border
oracle
cancel

റെഡ്‌വുഡ് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ആഗോള തൊഴിൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ടെക് ഭീമനായ ഒറാക്കിൾ കോർപ്പറേഷന്റെ നടപടി മാറുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോളതലത്തിൽ 21,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ കമ്പനിയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 162,000 ആയിരുന്നു. എന്നാൽ 2026 മെയ് 31ഓടെ ഇത് 141,000 ആയി ചുരുങ്ങി. ഏകദേശം 13 ശതമാനത്തോളം കുറവാണ് മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. പിരിച്ചുവിടലുകൾക്കും പുനഃസംഘടനക്കുമായി ഏകദേശം 1.84 ബില്യൺ ഡോളറാണ് ഒറാക്കിൾ ചെലവാക്കിയത്. മുൻ വർഷം ഇതിനായി 374 മില്യൺ ഡോളർ മാത്രമാണ് ചെലവാക്കിയിരുന്നത് എന്നത് കമ്പനി അഭിമുഖീകരിക്കുന്ന വലിയ മാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നു.

തങ്ങളുടെ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ വലിയ തോതിൽ നടപ്പിലാക്കുന്നതാണ് പല തസ്തികകളും ഇല്ലാതാകാൻ കാരണമായതെന്ന് ഒറാക്കിൾ സമ്മതിക്കുന്നുണ്ട്. ഭാവിയിലും ഈ മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും കൂടുതൽ ജോലി വെട്ടിക്കുറക്കലുകൾ ഉണ്ടായേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഓപ്പൺ എ.ഐ പോലുള്ള വൻകിട ഉപഭോക്താക്കൾക്കായി എ.ഐ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നതിനായുള്ള ഭീമമായ നിക്ഷേപമാണ് ഒറാക്കിളിന്റെ സാമ്പത്തികനിലയിൽ സമ്മർദം ചെലുത്തുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കമ്പനി ജോലി വെട്ടിക്കുറക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടന്നത്.

ഈ പിരിച്ചുവിടലുകൾ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഒറാക്കിൾ ജീവനക്കാരിൽ ഏകദേശം 10,000 പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ടെന്നാണ് സൂചന. 2022ൽ സെർനർ എന്ന ഹെൽത്ത് റെക്കോർഡ്സ് കമ്പനിയെ 28 ബില്യൺ ഡോളറിന് ഏറ്റെടുത്തപ്പോൾ ജീവനക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ സംഖ്യയും കടന്ന് ജീവനക്കാരുടെ എണ്ണം താഴേക്ക് പോയിരിക്കുകയാണ്.

ഒറാക്കിളിന്റെ ഈ നടപടി മറ്റ് വൻകിട ടെക് കമ്പനികളിലും വലിയ ആശങ്കയാണ് ഉയർത്തുന്നത്. എഐ സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം തൊഴിൽ നഷ്ടങ്ങളും വർധിക്കുകയാണെന്നത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. 2026ൽ മാത്രം നൂറുകണക്കിന് ടെക് കമ്പനികൾ ലക്ഷക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുവശത്ത് സാങ്കേതികവിദ്യയുടെ വേഗതയിൽ സമയം ചുരുങ്ങുമ്പോഴും, മറുവശത്ത് അത് മനുഷ്യന്റെ തൊഴിൽ സുരക്ഷയെ വലിയ വെല്ലുവിളികളിലേക്ക് തള്ളിയിടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceOracleTech NewslayoffsJob Cuts
News Summary - Orakle fired 21,000 employees in one year
Next Story