കണ്ണടവെച്ച് യുപിഐ പേയ്‌മെന്റ്, 12 ഭാഷയിൽ തത്സമയ വിവർത്തനം; കിടിലൻ ഫീച്ചറുകളുമായി ജിയോ എഐ ഗ്ലാസ്
text_fieldsന്യൂഡൽഹി: സ്മാർട്ട് ഫോണുകൾക്ക് അപ്പുറത്തേക്ക് നിർമിത ബുദ്ധി വ്യാപിപ്പിക്കാനുള്ള വൻ നീക്കവുമായി റിലയൻസ് ജിയോ. ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026ൽ ജിയോ അവതരിപ്പിച്ച എ.ഐ അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകളും ഓഡിയോ വെയറബിളുകളുമാണ് ഇപ്പോൾ ടെക് ലോകത്ത് ശ്രദ്ധ നേടുന്നത്.
ഇതിന്‍റെ ഏറ്റവും വലിയ ആകർഷണം ഗ്ലാസിലൂടെയുള്ള യു.പി.ഐ പേയ്‌മെന്റ് സംവിധാനമായിരുന്നു. കാമറയുള്ള സ്മാർട്ട് ഗ്ലാസ് വെച്ച് കടകളിലെ ക്യു.ആർ കോഡിന് നേരെ നോക്കി പേയ്‌മെന്റ് ചെയ്യൂ എന്ന് പറഞ്ഞാൽ മതി. എ.ഐ അസിസ്റ്റന്റ് ക്യു.ആർ സ്കാൻ ചെയ്ത് പണമിടപാട് ആരംഭിക്കും.
ശബ്ദ നിർദേശം നൽകിയാൽ സിസ്റ്റം ശബ്ദത്തിലൂടെ തന്നെ സ്ഥിരീകരണം ചോദിക്കുകയും, യു.പി.ഐ വിവരങ്ങൾ പരിശോധിച്ച ശേഷം പണം വ്യാപാരിക്ക് കൈമാറുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനം. എന്നാൽ ഇതിന്റെ സാങ്കേതിക വിശദാംശങ്ങൾ, ഇടപാട് പരിധി, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ കുറിച്ച് ജിയോ ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ ഇത് പൂർണമായി വിപണിയിൽ എത്തിയ സേവനമായി കാണാനാകില്ല, പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചറായി മാത്രമേ ഇപ്പോൾ കണക്കാക്കാവൂ. എങ്കിലും, ഇന്ത്യയിൽ യു.പി.ഐ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സാഹചര്യത്തിൽ, ഗ്ലാസിലൂടെയുള്ള പേയ്‌മെന്റ് ഡിജിറ്റൽ ഇടപാടുകൾക്ക് പുതിയൊരു വഴി തുറക്കും.
എങ്ങനെ സുരക്ഷിതമായി പണം സ്ഥിരീകരിക്കും, അബദ്ധത്തിൽ ഇടപാടുകൾ നടക്കുന്നത് എങ്ങനെ തടയും, സാമ്പത്തിക വിവരങ്ങൾ എങ്ങനെ സംരക്ഷിക്കും എന്നീ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. ജിയോ ഫ്രെയിംസ് എന്ന കാമറയുള്ള സ്മാർട്ട് ഗ്ലാസ് വഴി സ്മാർട്ട് ഫോൺ കൈയിലെടുക്കാതെ തന്നെ എച്ച്.ഡി ക്ലാരിറ്റിയിൽ ഫോട്ടോയും വിഡിയോയും പകർത്താം. തത്സമയം സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്യാനും സാധിക്കും.
സൈൻ ബോർഡുകൾ, മെനു കാർഡുകൾ, ഉൽപ്പന്നങ്ങൾ എന്നിവയിലേക്ക് നോക്കിയാൽ തൽക്ഷണം വിവർത്തനം ലഭിക്കും. ഇന്ത്യയിലെ ഭാഷാ വൈവിധ്യവും പ്രാദേശിക പ്രയോഗങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് ജിയോയുടെ വോയ്‌സ് എ.ഐ 12 ഭാഷകളെ പിന്തുണക്കുന്നത്.
ഓപ്പൺ-ഇയർ ഓഡിയോ സാങ്കേതികവിദ്യയുള്ള ഓഡിയോ ഫ്രെയിമുകളും ജിയോ അവതരിപ്പിച്ചു. ചുറ്റുമുള്ള ശബ്ദങ്ങൾ കേൾക്കുന്നതിനൊപ്പം തന്നെ കോൾ ചെയ്യാനും, പാട്ട് കേൾക്കാനും, വോയ്‌സ് അസിസ്റ്റന്റിന്റെ മറുപടി കേൾക്കാനും കഴിയും. ഇതിന് പുറമെ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡ്‌സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.ഹലോ ജിയോ എന്ന് പറഞ്ഞാൽ വോയ്‌സ് അസിസ്റ്റന്റ് ആക്ടീവാകും. പിന്നീട് ശബ്ദത്തിലൂടെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യിക്കാം, ഇടയ്ക്കിടെ ഫോൺ എടുക്കേണ്ടതില്ല.
വിദ്യാർഥികൾക്ക് ഹാൻഡ്‌സ് ഫ്രീ പഠന സഹായിയായി ഗ്ലാസ് പ്രവർത്തിക്കും. സംശയങ്ങൾ ചോദിച്ചാൽ എ.ഐ ശബ്ദത്തിലൂടെ ഉത്തരം നൽകും, ആപ്പുകൾ മാറി മാറി നോക്കാതെ തന്നെ പഠിക്കാനും റിവിഷൻ നടത്താനും സാധിക്കും. ആരോഗ്യ ടിപ്പുകൾ എന്നിവ ഗ്ലാസ് നൽകും. സ്ക്രീനിൽ തൊടാതെ തന്നെ ശബ്ദ കമാൻഡിലൂടെ എല്ലാ വിവരങ്ങളും അറിയാം. മീറ്റിങ്ങുകൾ മാനേജ് ചെയ്യാനും, ടാസ്‌ക്കുകൾ സെറ്റ് ചെയ്യാനും, റിമൈൻഡറുകൾ നൽകാനും ജിയോയുടെ വോയ്‌സ് എ.ഐ സഹായിക്കും. വില, ലഭ്യത, സുരക്ഷ എന്നിവ സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

