ഫോട്ടോകളും വിഡിയോകളും പകർത്താൻ കഴിയില്ല; ആപ്പിൾ സ്മാർട്ട് ഗ്ലാസുകളിൽ സ്വകാര്യത ഉറപ്പാക്കുമെന്ന് കമ്പനി
text_fieldsആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഗ്ലാസുകളുടെ വിപണി പ്രവേശം വൈകുമെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ വിപണിയിൽ മെറ്റ ഗ്ലാസുകൾ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സ്വകാര്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട മെറ്റയുടെ എഐ ഗ്ലാസുകൾ വിപണിയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്.
അതുകൊണ്ടു തന്നെ ഉപഭോക്താവിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ആപ്പിൾ സ്മാർട്ട് ഗ്ലാസുകൾ നിർമിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. നിലവിൽ വികസന ഘട്ടത്തിലുള്ള ആപ്പിളിന്‍റെ സ്മാർട്ട് ഗ്ലാസുകൾ ഫോട്ടോകളും വീഡിയോകളും പകർത്താൻ കഴിയാത്തതും സെൻസറിങ് മാത്രം അനുവധിക്കുന്നവയുമായിരിക്കും.
2027 ജൂണിൽ നടക്കുന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഉപകരണം ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെയും സമീപത്തു നിൽക്കുന്ന മറ്റുള്ളവരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന് ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ തലങ്ങളിൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ ആപ്പിൾ വികസിപ്പിക്കുന്നുണ്ട്.
കാമറകൾ ഉൾപ്പെടുത്തിയ മോഡലാണ് അവതരിപ്പിക്കാൻ കൂടുതൽ സാധ്യത. എങ്കിലും മറ്റ് കാമറ കണ്ണടകളെപ്പോലെ രഹസ്യമായി ചിത്രങ്ങളോ വീഡിയോകളോ പകർത്തി സ്വകാര്യത ലംഘിക്കുന്നത് തടയാനുള്ള പ്രത്യേക സംവിധാനങ്ങൾ ഇതിലുണ്ടാകും.
ബിൽറ്റ്-ഇൻ സ്പീക്കറുകളും മൈക്രോഫോണുകളും വഴി പാട്ടുകൾ കേൾക്കാനും ഫോൺ കോളുകൾ ചെയ്യാനും സാധിക്കും. ക്യാമറയുടെ സഹായത്തോടെ സിരിക്ക് മുന്നിലുള്ള കാഴ്ചകൾ കാണാനും ലാൻഡ്‌മാർക്കുകൾ തിരിച്ചറിയാനും തത്സമയ ഭാഷാ വിവർത്തനം നടത്താനും ഇതുവഴി സാധിക്കും.
മെറ്റയുടെ എഐ ഗ്ലാസുകൾ സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ ഈ ഗ്ലാസുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ ഫലമായി ആരാധനാലയങ്ങൾ, ഡോ്ക്ടറുടെ മുറി, ലോക്കർ റൂം പോലുള്ള സ്ഥലങ്ങളിൽ മെറ്റ എഐ ഗ്ലാസുകളുടെ ഉപയോഗം നിരോധിക്കണമെന്ന് നിർദേശിച്ചിരുന്നു.
സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉള്ളതിനാൽ അത്തരം കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് തങ്ങളുടെ സ്മാർട്ട് ഗ്ലാസ് പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട്. അവതരണം 2027 ജൂണിൽ നടക്കുമെങ്കിലും 2027 അവസാനത്തോടെ മാത്രമേ ഇവ ഉപഭോക്താക്കളുടെ കൈകളിലെത്തൂ. ഉൽപ്പന്നത്തെക്കുറിച്ചോ വിലയെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും ആപ്പിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

