Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇത്രയും ചെലവ് താങ്ങാനാവില്ല’; ഗ്രോക്ക് ബോട്ട് ലിമിറ്റുകൾ വെട്ടിച്ചുരുക്കി ഇലോൺ മസ്ക്

text_fields
bookmark_border
Elon Musk
cancel
camera_alt

ഇലോൺ മസ്ക്

വാഷിങ്‌ടൺ: തങ്ങളുടെ നിർമിത ബുദ്ധി അസിസ്റ്റന്റായ 'ഗ്രോക്ക് ബോട്ട്'പ്രവർത്തിപ്പിക്കുന്നത് കമ്പനിക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായി ശതകോടീശ്വരൻ ഇലോൺ മസ്ക് വെളിപ്പെടുത്തി. എക്സ് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വരുമാനത്തെ അപേക്ഷിച്ച് ബോട്ടിന്റെ സേവനച്ചെലവ് വളരെ കൂടുതലാണെന്ന് മസ്ക് പരസ്യമായി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്കിന് പോലും തന്റെ സ്വന്തം എഐ പ്രോഡക്ട് വലിയ നഷ്ടമാണെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് എക്സ് പ്രീമിയം വരിസംഖ്യാക്കാർക്കുള്ള ഗ്രോക്ക് ബോട്ടിന്റെ പ്രതിദിന, പ്രതിവാര ഉപയോഗ പരിധി വെട്ടിക്കുറച്ചതാണ് ഇപ്പോൾ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്.

'DogecoinNorway' എന്ന എക്സ് ഉപയോക്താവ് ഗ്രോക്ക് ബോട്ടിന്റെ ഉപയോഗ പരിധി പെട്ടെന്ന് അവസാനിക്കുന്നതിനെക്കുറിച്ച് മസ്കിനോട് പരാതിപ്പെടുന്നിടത്താണ് തുടക്കം. ഗ്രോക്ക് ബോട്ട് റീസെറ്റ് ചെയ്യാൻ പറ്റുമോ ഇലോൺ മസ്ക്? ഈ ആഴ്ച ഒരുപാട് പേരുടെ ഉപയോഗം കാരണം വളരെ പെട്ടെന്ന് തീർന്നുപോയി എന്നായിരുന്നു അയാളുടെ ചോദ്യം. ഈ പരാതി ഒറ്റപ്പെട്ടതായിരുന്നില്ല.

കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് എക്സ് പ്രീമിയം, പ്രീമിയം പ്ലസ് ഉപയോക്താക്കൾ ഇതേ പരാതിയുമായി രംഗത്തുവന്നിരുന്നു. തങ്ങൾ പണം കൊടുത്ത് വാങ്ങിയ സബ്‌സ്‌ക്രിപ്‌ഷനിൽ കിട്ടുന്ന ഗ്രോക്ക് ക്വാട്ട ഉച്ചയോടെ തന്നെ തീർന്നുപോകുന്നു എന്നായിരുന്നു പ്രധാന പരാതി. എന്നാൽ പരിധി പെട്ടെന്ന് പുതുക്കി നൽകുന്നതിന് പകരം, ബോട്ട് പ്രവർത്തിപ്പിക്കുന്നതിനുള്ള വലിയ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് മസ്ക് ചെയ്തത്.

വരുമാനത്തേക്കാൾ ചെലവ് കൂടുതലാണെന്നും അതുകൊണ്ടാണ് ലിമിറ്റ് കർശനമാക്കിയതെന്നും മസ്കിന്‍റെ മറുപടി. കഴിഞ്ഞ ആഴ്ചകളിൽ എക്സ് പ്രീമിയം ഉപയോക്താക്കളുടെ ഉപയോഗ പരിധി പ്രതീക്ഷിച്ചതിലും വേഗത്തിലാണ് തീർന്നുപോയത്. ഇതിന് പിന്നിലെ പ്രധാന കാരണം ജനറേറ്റീവ് എഐ മോഡലുകളുടെ ഭീമമായ പ്രവർത്തന ചെലവ് തന്നെയാണ്. ഗ്രോക്ക് ബോട്ട് പോലെയുള്ള സങ്കീർണ്ണമായ എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിന് വലിയ പ്രൊസസിങ് ശേഷിയും ചെലവേറിയ സെർവർ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ ആയിരക്കണക്കിന് ജി.പി.യു ചിപ്പുകൾ ഒരേ സമയം പ്രവർത്തിക്കണം.

ഇതിന് വേണ്ടി വരുന്ന കറണ്ട് ചെലവും ഡാറ്റാ സെന്റർ ചെലവും കോടിക്കണക്കിന് ഡോളറാണ്. എക്സിൽ നിലവിൽ ഏകദേശം 8 ലക്ഷത്തോളം പെയ്ഡ് ഉപയോക്താക്കൾ ഗ്രോക്ക് ബോട്ട് ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണം ഉയർന്നതോടെ, പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ പലമടങ്ങ് കൂടുതലായി സെർവർ പ്രൊസസിങ് ചെലവ് ഉയർന്നു. സെർവർ ചെലവ് പരിധിവിട്ട് ഉയരാതിരിക്കാനാണ് കമ്പനി ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

മസ്കിന്‍റെ ഗ്രോക്ക് മാത്രമല്ല ഈ പ്രതിസന്ധി നേരിടുന്നത്. ഓപ്പൺ എഐ ഉൾപ്പെടെയുള്ള മുൻനിര എഐ കമ്പനികളും ഉയർന്ന പ്രൊസസിങ് ചെലവ് മൂലം തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരായിട്ടുണ്ട്. ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ ജിപിടി-5 മോഡലിനും കടുത്ത ഉപയോഗ പരിധി ഉണ്ട്.

എ.ഐയെ സൗജന്യമായോ കുറഞ്ഞ വിലക്കോ നൽകി ഉപയോക്താക്കളെ ആകർഷിക്കുക, പിന്നീട് വില കൂട്ടുക എന്ന തന്ത്രമാണ് ഇപ്പോൾ എല്ലാ കമ്പനികളും പിന്തുടരുന്നത്. ഭാവിയിൽ എക്സ് പ്രീമിയം വരിസംഖ്യ ഉയർത്തുമോ അതോ സെർവർ ശേഷി വർധിപ്പിച്ച് പ്രശ്നം പരിഹരിക്കുമോ എന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grok Bot Costs Too Much says elon Musk
Next Story