ഇ-സിം കാൾ, പിന്നെ അക്കൗണ്ട് കാലി!
text_fieldsഒ.ടി.പി അല്ലെങ്കിൽ എ.ടി.എം വിശദാംശങ്ങൾ നൽകാതെ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് മിനിറ്റുകൾക്കകം പണം കവരുന്ന ഇ-സിം (എംബഡഡ് സിം) ആക്ടിവേഷന്റെ പേരിലെ തട്ടിപ്പ് കരുതിയിരിക്കാൻ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇ-സിം (എംബഡഡ് സിം) ആക്ടിവേഷൻ എന്ന പേരിൽ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകം. കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന വിളിക്കുന്ന സംഘം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയാണ് പണം തട്ടുന്നത്. ഇതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ജാഗ്രത നിർദേശം നൽകുന്നുണ്ട്. പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേരിലാണ് തട്ടിപ്പ്. തട്ടിപ്പുകാർക്ക് ഒ.ടി.പി അല്ലെങ്കിൽ എ.ടി.എം വിശദാംശങ്ങൾ നൽകാതെ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് മിനിറ്റുകൾക്കകം പണം കവരാൻ കഴിയുമെന്നുമാണ് മുന്നറിയിപ്പ്.
തട്ടിപ്പ് ഇങ്ങനെ
മൊബൈൽ നമ്പർ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുന്നത്. തന്ത്രപരമായി ഇ-സിം എടുക്കാൻ സമ്മതിപ്പിക്കുകയും ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാർഡിന് നെറ്റ്വർക്ക് നഷ്ടമാകുന്നു.
ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകുകയും ചെയ്യും. ഇതോടെ കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. ഈ ഒ.ടി.പികൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് ഫിസിക്കൽ കാർഡുകളുടെയോ പാസ്വേഡുകളുടെയോ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ അംഗീകരിക്കാനും പാസ്വേഡുകൾ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കും.
എന്താണ് ഇ-സിം
ഇ-സിം എന്നാൽ ‘എംബഡഡ് സിം’ ആണ്. ഡിജിറ്റല്‍ സിം കാര്‍ഡാണിത്. പ്ലാസ്റ്റിക് സിം കാർഡിന് പകരം സോഫ്റ്റ്വെയർ രൂപത്തിലാണ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത്. സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അവിഭാജ്യ ഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇ-സിമ്മുകളുടെ സ്ഥാനം.
കമ്പനികൾക്ക് സിം പ്രോഗ്രാം ചെയ്യാനും ഡിആക്ടിവേറ്റ് ചെയ്യാനും കണക്ഷൻ മറ്റൊരു ഫോണിലേക്കു മാറ്റാനും കഴിയും. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിലോ www.cybercrime.gov.in വെബ്സൈറ്റ് വഴിയോ സൈബർ പൊലീസിനെ വിവരം അറിയിക്കണം
എങ്ങനെ സുരക്ഷിതരാകാം?
- പരിചിതമല്ലാത്ത നമ്പറുകളിൽനിന്നുള്ള ഫോൺ കോളുകളും മെസേജുകളും ഒഴിവാക്കുക.
- വിശ്വസനീയമായ സ്രോതസ്സുകളിൽനിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക.
- ഇ-സിം സേവനങ്ങൾക്കായി സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക.
- മൊബൈൽ നെറ്റ്വർക്ക് നഷ്ടമായാൽ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
- പെട്ടെന്നുള്ള സിഗ്നൽ നഷ്ടം നിരീക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

