നാനോ ബനാനയുപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന പാൻ, ആധാർ കാർഡുകൾ നിർമിച്ച് ബംഗളൂരു ടെക്കി
text_fieldsബംഗളൂരു: ഗൂഗ്ളിന്റെ നാനോ ബനാന ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് ബംഗളുരു ടെക്കി. ആ എ.ഐ ജനറേറ്റഡ് ചിത്രങ്ങളും അദ്ദേഹം എക്സിൽ പങ്കുവെച്ചു. തമാശക്കായി ട്വിറ്റർ പ്രീത് സിങ് എന്നാണ് ആധാറിലും പാനിലും പേര് നൽകിയിരിക്കുന്നത്.
നാനോ ബനാന നല്ലതാണ്. എന്നാൽ ഇതൊക്കെയാണ് വലിയ പ്രശ്നം. ഇതുപയോഗിച്ച് നമുക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമിക്കാൻ കഴിയും. പഴയ ഇമേജ് പരിശോധന സംവിധാനങ്ങൾകൊണ്ടൊന്നും അത് തിരിച്ചറിയാനും സാധിക്കില്ല. നാനോ ബനാന ഉപയോഗിച്ച് നിർമിച്ച ഒരു സാങ്കൽപിക വ്യക്തിയുടെ ആധാർ, പാൻ കാർഡുകളിതാ... എന്ന് പറഞ്ഞാണ് ഹർവീൻ സിങ് ഛദ്ദ ചിത്രങ്ങൾ പങ്കുവെച്ചത്.
ഒറ്റനോട്ടത്തിൽ ഒറിജിനൽ കാർഡുകളാണെന്ന് തോന്നിക്കുന്ന ചിത്രങ്ങളാണിത്. കുറച്ചുകൂടി അടുപ്പിച്ച് നോക്കുമ്പോൾ മാത്രമാണ് കാർഡുകൾ വ്യാജമാണെന്ന് മനസിലാക്കാൻ സാധിക്കുക. രണ്ടിലും ജെമിനി എ.ഐ വാട്ടർമാർക്ക് കാണാൻ കഴിയും.
ഇത്തരം ടൂളുകൾ വഴി പരീക്ഷണം നടത്തുന്നവർ നിരവധിയുണ്ട്. സെലിബ്രിറ്റികളുടെ ഫോട്ടോയുപയോഗിച്ചു പോലും പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ നാനോ ബനാന വന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി സൗകര്യമായി. ഘടനയിലും ലേ ഔട്ടിലും വളരെ കുറച്ച് തെറ്റുകൾ മാത്രമാണ് അത് വരുത്തുന്നത്. ഫോണ്ടുകളും സൂക്ഷ്മമായ വാചകങ്ങളും ഉപയോഗിച്ച് അത് പൂർണതയുള്ളത് ആക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. എത്രത്തോളം കൃത്യമാകുമെന്ന് മനസിലാക്കാനാണ് പാൻ, ആധാർ ഫോർമാറ്റുകളിൽ നാനോ ബനാന പരീക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഛദ്ദ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഛദ്ദയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ കൊണ്ട് നിറയുകയാണ് അദ്ദേഹത്തിന്റെ എക്സ് ഹാൻഡിൽ. സുരക്ഷാ ഭീഷണിയുയർത്തുന്നതാണിതെന്ന് ഒരു യൂസർ ചൂണ്ടിക്കാട്ടി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ആധാർ കാർഡിൽ മാറ്റം കൊണ്ടുവരാൻ പോവുകയാണ്. ക്യൂ.ആർ കോഡ് വരുന്നതോടെ ഇത്തരം വ്യാജൻമാരെ തടയാൻ സാധിക്കുമെന്നും മറ്റൊരു യൂസർ അഭിപ്രായപ്പെട്ടു.
ആധാർ കാർഡിലെ ചിത്രം വ്യക്തമാണെങ്കിൽ വ്യാജമായി നിർമിച്ചത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി. താൻ ആളുകൾക്കിടയിൽ അവബോധമുണ്ടാക്കാനാണ് അല്ലാതെ ഭീതി പരത്താനല്ല, ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്നും ചർച്ചക്ക് വിരാമമിട്ടുകൊണ്ട് ഛദ്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

