Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്മാർട്ട്‌ഫോണുകളിൽ എ.ഐ വിപ്ലവം; 71% പേരും ജനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നെന്ന് റിപ്പോർട്ട്

text_fields
bookmark_border
ai
cancel
camera_alt

എ.ഐ

സ്മാർട്ട്‌ഫോണുകളിലെ എ.ഐ വെറും ഒരു ഫീച്ചർ മാത്രമാണെന്ന് കരുതുന്നുണ്ടെങ്കിൽ, ആ ധാരണ മാറ്റാൻ സമയമായി. സ്മാർട്ട്‌ഫോൺ വിപണിയിൽ എ.ഐ സാങ്കേതികവിദ്യയുടെ സ്വാധീനം വലിയ തോതിൽ വർധിച്ചതായാണ് സൈബർമീഡിയ റിസർച്ചിന്റെ (CMR) പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾ എ.ഐ ഫീച്ചറുകൾക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

സി.എം.ആർ റിപ്പോർട്ട് പ്രകാരം, 77 ശതമാനം ഉപഭോക്താക്കളും സ്മാർട്ട്‌ഫോണുകളിലെ എ.ഐ-പവേർഡ് ഫോട്ടോഗ്രാഫി ഫീച്ചറുകൾ സജീവമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 71 ശതമാനം പേർ ആഴ്ചയിൽ പലതവണ ജനറേറ്റീവ് എ.ഐ ഫീച്ചറുകളുമായി ഇടപഴകുന്നവരാണ്. എ.ഐ എന്നത് ഇപ്പോൾ ഒരു അലങ്കാര ഫീച്ചർ എന്നതിലുപരി, മൊത്തത്തിലുള്ള ഫോൺ അനുഭവത്തെ നിർണ്ണയിക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്.

എ.ഐ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെക്കുറിച്ചാണ്. പഠനത്തിൽ പങ്കെടുത്ത 82 ശതമാനം പേരും സുതാര്യമായ ഡാറ്റാ കൈകാര്യം ചെയ്യൽ രീതികൾ എ.ഐ വിശ്വസനീയമാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെടുന്നു. 61 ശതമാനം പേർ വിശ്വസിക്കുന്നത് 'ഓൺ-ഡിവൈസ്' എ.ഐ പ്രോസസ്സിങ് മികച്ച പ്രതികരണശേഷിയും സ്വകാര്യതയും ഉറപ്പാക്കുന്നു എന്നാണ്.

എ.ഐ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ചിപ്‌സെറ്റുകൾക്കുള്ള പങ്ക് ഉപഭോക്താക്കൾ തിരിച്ചറിയുന്നുണ്ട്. 69 ശതമാനം ഉപഭോക്താക്കളും എ.ഐ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിൽ ചിപ്‌സെറ്റുകൾ നിർണ്ണായകമാണെന്ന് വിശ്വസിക്കുന്നു. ഗെയിമിങ്, സ്മൂത്ത്നെസ്സ്, ഇമേജ് ക്വാളിറ്റി, ബാറ്ററി ഒപ്റ്റിമൈസേഷൻ എന്നിവയിൽ ചിപ്‌സെറ്റിന്റെ കരുത്ത് ഉപഭോക്താക്കൾ പരിശോധിക്കുന്നുണ്ട്.

സ്മാർട്ട്‌ഫോൺ തിരഞ്ഞെടുക്കുന്നതിൽ പ്രായവും ലിംഗഭേദവും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ജെൻ സിയിൽ 72 ശതമാനം പേരും അടുത്ത സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ എ.ഐ ഫീച്ചറുകൾക്ക് മുൻഗണന നൽകുന്നു. മില്ലേനിയലുകളിൽ ഇത് 65 ശതമാനമാണ്. സ്ത്രീ ഉപഭോക്താക്കളിൽ 66 ശതമാനം പേരും കാമറ, ഇമേജിങ് ആവശ്യങ്ങൾക്കാണ് എ.ഐ ഉപയോഗിക്കുന്നത്. എന്നാൽ പുരുഷന്മാരിൽ 42 ശതമാനം പേർ ഉൽപ്പാദനക്ഷമത, ആശയവിനിമയം എന്നിവക്കാണ് മുൻതൂക്കം നൽകുന്നത്.

എ.ഐയുടെ ഉപയോഗം വർധിക്കുകയും ചിപ്‌സെറ്റുകളെക്കുറിച്ചുള്ള അറിവ് ഉപഭോക്താക്കളിൽ കൂടുകയും ചെയ്യുമ്പോൾ, സ്മാർട്ട്‌ഫോൺ വിപണിയിലെ മത്സരം ഹാർഡ്‌വെയർ സ്‌പെസിഫിക്കേഷനുകളിൽ നിന്ന് അനുഭവപരമായ വിശ്വാസത്തിലേക്ക് മാറുകയാണ് എന്ന് സി.എം.ആർ അനലിസ്റ്റ് സൗരഭ് പാണ്ഡെ അഭിപ്രായപ്പെടുന്നു. ഉപഭോക്താക്കൾ ഇപ്പോൾ എ.ഐ ഫീച്ചറുകളെ വിശ്വാസം, സ്വകാര്യത, പ്രായോഗികമായ ഉപയോഗം എന്നീ കണ്ണിലൂടെയാണ് വിലയിരുത്തുന്നത്. ഭാവിയിലെ സ്മാർട്ട്‌ഫോൺ തലമുറകളിൽ എ.ഐ എങ്ങനെ രൂപകൽപ്പന ചെയ്യണം, എങ്ങനെ അവതരിപ്പിക്കണം എന്നതിനെ ഈ ഉപഭോക്തൃ പെരുമാറ്റം വലിയ തോതിൽ സ്വാധീനിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 71% of Smartphone Users Active on GenAI
Next Story