തോറ്റതിന് അധിക്ഷേപം; ‘ഇറാൻ മെസ്സി’ കളി നിർത്തി
text_fieldsതെഹ്റാൻ: കളി തോറ്റതിന് കേൾക്കേണ്ടിവന്ന അധിക്ഷേപങ്ങൾ മാതാവിനെ രോഗിയാക്കിയെന്നു പറഞ്ഞ് ഇറാൻ സൂപ്പർ താരം സർദാർ അസ്മൂൻ രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിച്ചു. ലോകകപ്പിനു മുമ്പ് ദേശീയ ജഴ്സിയിൽ കളിച്ച 33 കളികളിൽ 23 ഗോൾ നേടി രാജ്യത്തിെൻറ പ്രതീക്ഷയായിരുന്ന താരം പക്ഷേ, റഷ്യയിൽ വല ചലിപ്പിക്കുന്നതിൽ പരാജയമായിരുന്നു.
14 യോഗ്യത മത്സരങ്ങളിൽ മാത്രം അസ്മൂൻ 11 ഗോൾ നേടിയിരുന്നു. ഗ്രൂപ് ബിയിൽ മൊറോക്കോയെ വീഴ്ത്തുകയും സ്പെയിനിനോട് തോൽക്കുകയും പോർചുഗലിനെ സമനിലയിൽ പിടിക്കുകയും ചെയ്ത് നാലു പോയൻറ് നേടിയെങ്കിലും മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. സ്പെയിനും പോർചുഗലുമാണ് യോഗ്യത നേടിയത്.
നിർഭാഗ്യംകൊണ്ട് പുറത്തായ ടീമിനുനേരെ നാട്ടിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതിനു പിന്നാലെയാണ് അസ്മൂെൻറ രാജി. 19ാം വയസ്സിൽ ആദ്യമായി ദേശീയ കുപ്പായമണിഞ്ഞ അസ്മൂൻ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ അഞ്ചാമത്തെ കളിക്കാരൻകൂടിയാണ്. 109 ഗോൾ നേടിയ അലിദായി ആണ് ഗോൾവേട്ടയിൽ ഒന്നാമൻ.