പഞ്ചാബ് തോറ്റു; രാജസ്താൻ പ്ലേഒാഫിന്
text_fieldsപുണെ: ലീഗ് റൗണ്ടിലെ അവസാന ദിവസം മുംബൈ ഇന്ത്യൻസിന് പിന്നാലെ കിങ്സ് ഇലവൻ പഞ്ചാബും തോറ്റതോടെ രാജസ്താൻ റോയൽസിന് പ്ലേഒാഫ് യോഗ്യത. 14 പോയൻറുമായി രാജസ്താൻ അവസാന നാലിലെത്തുന്ന നാലാമത് ടീമായി.

ചെന്നൈ സൂപ്പർ കിങ്സിനോട് അഞ്ചു വിക്കറ്റിനാണ് പഞ്ചാബ് തോറ്റത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 19.4 ഒാവറിൽ 153 റൺസിന് ഒാൾഒൗട്ടായപ്പോൾ ചെന്നൈ അഞ്ചു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 48 പന്തിൽ പുറത്താവാതെ 61 റൺസെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയെ ജയത്തിലെത്തിച്ചത്. 29 പന്തിൽ 39 റൺസെടുത്ത ദീപക് ചഹാർ പിന്തുണ നൽകി. ഫാഫ് ഡുപ്ലസി (14), ഹർഭജൻ സിങ് (19), ക്യാപ്റ്റൻ എം.എസ്. ധോണി (16 നോട്ടൗട്ട്), അമ്പാട്ടി റായുഡു (ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.

നേരത്തേ ചെന്നൈയുടെ പേസ് ബൗളിങ് ആക്രമണത്തിൽ മുൻനിര തകർന്നടിഞ്ഞിട്ടും മധ്യനിര നടു ഉയർത്തി നിന്നപ്പോൾ കിങ്സ് ഇലവൻ പഞ്ചാബ് 154 റൺസിെൻറ വിജയലക്ഷ്യം കുറിച്ചു. മധ്യനിര ബാറ്റ്സ്മാന്മാരായ കരുൺ നായർ (26 പന്തിൽ 54), മനോജ് തിവാരി (35), േഡവിഡ് മില്ലർ (24) എന്നിവരുടെ മികവിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്കോർ കുറിച്ചത്. നാലോവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലുൻഗി എൻഗിഡിയാണ് പഞ്ചാബ് ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്.