ന്യൂഡൽഹി: കൊറോണക്കെതിരായ പോരാട്ടത്തിന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി നേതൃത്വം നൽകുന്ന ഷാഹിദ് അഫ് രീദി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചതിനെ തുടർന്ന് വിമർശനവുമായി രംഗത്തെത്തിയവർക്കെതിരേ മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. "ഞാനൊരു ഇന്ത്യക്കാരനാണ്. എന്റെ മുറിവിൽ നിന്നൊഴുകുക 'നീല രക്തം' തന്നെയ ായിരിക്കും. ഞാനെന്നും മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളും. ജയ് ഹിന്ദ്" - യുവരാജ് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകി.
'ഏറ്റവും ദുർബലരായ ആളുകളെ സഹായിക്കണമെന്ന ഒരു സന്ദേശം എങ്ങനെ ദുർവ്യാഖ്യാനിക്കപ്പെടുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു രാജ്യത്തെ ആളുകൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നതു മാത്രമാണ് ആ സന്ദേശത്തിലൂടെ പറയാൻ ശ്രമിച്ചത്. ആരുടേയും വികാരത്തെ മുറിപ്പെടുത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം "- യുവരാജ് വിശദീകരിച്ചു.
ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് സഹായമർഭ്യർഥിച്ച് യുവരാജും ഹർഭജൻ സിങ്ങും ട്വീറ്റ് ചെയ്തതാണ് വിവാദങ്ങൾക്ക് തുടക്കം. കൊറോണക്കെതിരായ പോരാട്ടത്തിൽ പാകിസ്താനെ സഹായിക്കുന്ന ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് സംഭാവന നൽകണമെന്നുമായിരുന്നു ഇരുവരുടേയും ട്വീറ്റ്. എന്നാൽ, ഇന്ത്യയെ എപ്പോഴും കുറ്റപ്പെടുത്തുന്ന അഫ്രീദിയെപ്പോലെ ഒരാളെ സഹായിക്കേണ്ടതില്ലെന്നും ഇരുവരോടുമുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും വിമർശിച്ച് ആരാധകരെത്തി.
"മനുഷ്യത്വം അതിരുകൾ മായ്ക്കുന്നു" എന്ന് വിശേഷിപ്പിച്ച് യുവരാജിനും ഹർഭജനും നന്ദി പറഞ്ഞ് അഫ്രീദിയും രംഗത്തെത്തിയിരുന്നു.