Home / News / നിങ്ങളൊരു പരാജിതനല്ല എം.എസ്.ഡീ
Sandeep Das / April 16 / 04:54 PM

നിങ്ങളൊരു പരാജിതനല്ല എം.എസ്.ഡീ

മോഹിത് ശർമ്മ മത്സരത്തിൻെറ അവസാന പന്ത് എറിയാൻ തയ്യാറെടുക്കുകയാണ്. ബാറ്റ് ചെയ്യുന്നത് ചെന്നൈ സൂപ്പർ കിങ്സിൻെറ ക്യാപ്റ്റനാണ്. മീഡിയം പേസർ ഒാടിയടുത്തു. ആ വലതുകരത്തിൽ നിന്ന് പന്ത് പുറത്തുവന്നു.അടുത്ത നിമിഷം അത് എെ.എസ് ബിന്ദ്ര സ്റ്റേഡിയത്തിൻ്റെ സൈറ്റ് സ്ക്രീനിനു സമീപത്തേക്ക് പറന്നു ! സിക്സർ ! ലാസ്റ്റ് ബോൾ സിക്സർ !

മഹേന്ദ്രസിംഗ് ധോണി അവസാന പന്തിൽ സിക്സറടിച്ച് ഫിനിഷ് ചെയ്തിട്ടും ആഘോഷിച്ചത് കിങ്സ് ഇലവൻ പഞ്ചാബാണ്. കാരണം അവർ മത്സരം നാലു റണ്ണുകൾക്ക് ജയിച്ചിരുന്നു. പുറംവേദന കടിച്ചമർത്തി ധോണി തിരിഞ്ഞുനടന്നു. ടീമിനെ വിജയരേഖ കടത്തിവിടാൻ കഴിയാത്തതിൻെറ നിരാശ ആ മുഖത്ത് പ്രതിഫലിച്ചിരുന്നു. ആ നിമിഷം അയാളെ സ്നേഹിക്കുന്നവർ മനസ്സിൽ പറഞ്ഞു-

''ടീം പരാജയപ്പെട്ടിരിക്കാം.എന്നാൽ ഒറ്റക്ക് പൊരുതുകയും അവസാനം അഭിമന്യുവിനെപ്പോലെ വീണുപോവുകയും ചെയ്ത നിങ്ങളൊരു പരാജിതനല്ല എം.എസ്.ഡീ....! ''

പിന്നാലെ സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന ധോണി വിരോധികൾ പലരും ധോണിയെ പ്രശംസിച്ച് പോസ്റ്റുകളിട്ടു. ധോണി ഹേറ്റേഴ്സിൻ്റെ വംശനാശ കാലമാണിത്. അയാളെ വെറുക്കുന്നവർ ഇന്നും ധാരാളമുണ്ട്. പക്ഷേ അവരുടെ എണ്ണം കുറഞ്ഞുവരികയാണ്. വെറുത്ത് വെറുത്ത് വെറുപ്പിൻെറ അവസാനം,പലർക്കും അയാളോടിപ്പോൾ സ്നേഹമാണ് !

ധോണി എന്ന ഇതിഹാസത്തെ മാറ്റിനിർത്തിക്കൊണ്ട് ക്രിക്കറ്റ് ചരിത്രം എഴുതാനാവില്ലെന്ന് വിരോധികൾക്കു പോലും നന്നായി അറിയാം. മറ്റൊരു ധോണി ഇനി ഉണ്ടാകാൻ ബുദ്ധിമുട്ടാണെന്ന സത്യം ഉള്ളിൻെറയുള്ളിൽ അംഗീകരിക്കാതെ നിർവ്വാഹമില്ല. അതുകൊണ്ടാണ് ആ കളിക്കാരൻ അയാളുടെ കരിയറിൻെറ അവസാന കാലത്ത് നിൽക്കുമ്പോൾ അറിയാതെ പലരും കൈയ്യടിച്ചുപോകുന്നത്. ഇനി അധികനാൾ ഇതൊന്നും കാണാനാവില്ലല്ലോ!


നിങ്ങൾക്കറിയാമോ? മൊഹാലിയിൽ ധോണി നേടിയ റണ്ണുകൾ ടി20 ക്രിക്കറ്റിലെ അയാളുടെ ഏറ്റവുമുയർന്ന സ്കോറാണ്! അവിശ്വസനീയമല്ലേ അത്!? കഴിവ് പരിഗണിക്കുമ്പോൾ ഒരു ടി20 സെഞ്ച്വറിയെങ്കിലും അയാൾ നേടേണ്ടതായിരുന്നില്ലേ? എന്തുകൊണ്ട് അയാളുടെ റെക്കോർഡ് ബുക്കിൽ ഒരു മൂന്നക്ക സ്കോർ ഇല്ലാതായി?

ധോണി ഒാപ്പൺ ചെയ്യണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് മുൻ നായകൻ സൗരവ് ഗാംഗുലി. റാഞ്ചിക്കാരനായ നീളൻമുടിക്കാരൻ്റെ സിദ്ധികൾ ഏറ്റവുമാദ്യം തിരിച്ചറിഞ്ഞ വ്യക്തികളിലൊരാൾ. കമൻ്റേറ്ററായി ജോലി ചെയ്യുമ്പോൾ ഗാംഗുലി പലവട്ടം ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. പക്ഷേ ധോണി എന്നും ലോവർ ഒാർഡറിൽ സ്വയം തളച്ചിടുകയായിരുന്നു. അയാൾ എന്നും യുവതാരങ്ങളെ തൻെറ മുന്നിൽക്കയറാൻ അനുവദിച്ചുകൊണ്ടിരുന്നു. ഈ നിസ്വാർത്ഥമായ തീരുമാനം മൂലം അയാൾക്ക് നഷ്ടപ്പെട്ട റണ്ണുകൾ എത്രയാണ്!

നോട്ടൗട്ടായി നിന്ന് ആവറേജ് കൂട്ടാനാണ് ധോണി അങ്ങനെ ചെയ്തതെന്ന് വാദിക്കുന്നവരുണ്ട്. അവരോട് തർക്കിക്കാതിരുന്നതാണ് ഉചിതം. ലോവർ മിഡിൽ ഒാർഡർ എന്നത് ബാറ്റ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

പുറം വേദന കാരണം ബുദ്ധിമുട്ടിയെ ധോണിക്ക് ചികിത്സ നൽകുന്നു
 


രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് മടങ്ങിയെത്തിയപ്പോൾ ധോനി ഉത്തേജിതനായിരുന്നു. ഏറ്റവും ആദ്യം ടീമിനോടൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ച ഐ.പി.എൽ ക്യാപ്റ്റനും ധോണിയായിരുന്നു. നല്ല പ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കാനുള്ള അയാളുടെ ദാഹം വളരെ വ്യക്തമായിരുന്നു. ആദ്യ രണ്ടു കളികൾ കഴിഞ്ഞപ്പോൾ ടീം ആഗ്രഹിച്ചത് ലഭിച്ചു. പക്ഷേ ധോണി തൻെറ മികവിൻെറ അടുത്തെങ്ങുമില്ലായിരുന്നു. പണ്ട് ഒന്നാന്തരമായി സ്പിൻ കളിച്ചിരുന്ന ധോണി മായങ്ക് മാർഖണ്ഡേയുടെ ഗൂഗ്ലി റീഡ് ചെയ്യാതെ വിക്കറ്റിനു മുമ്പിൽ കുടുങ്ങിയ കാഴ്ച്ച ഹൃദയഭേദകമായിരുന്നു.

കളിക്കളത്തിനുപുറത്ത് ധോണി അപ്പോഴും തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമ്മിയിലെ ഉദ്യോഗസ്ഥൻ ഉന്നംതെറ്റാതെ നിരന്തരം നിറയൊഴിക്കുന്ന വീഡിയോ വൈറലായിരുന്നു. പക്ഷേ നാം അതുകൊണ്ട് തൃപ്തിപ്പെട്ടിരുന്നില്ല. പച്ചപ്പുൽമൈതാനത്ത് ബൗളർമാരുടെ നെഞ്ചിൻകൂട് നോക്കി ബാറ്റുകൊണ്ട് നിർഭയം നിറയൊഴിക്കുന്ന ധോണിയെയാണ് നമുക്ക് വേണ്ടിയിരുന്നത്.

ധോണി അശ്വിനൊപ്പം
 


സുരേഷ് റെയ്ന പരിക്കുമൂലം പഞ്ചാബിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. ആർ.അശ്വിനാണെങ്കിൽ എതിർപക്ഷത്തും. തൻ്റെ ഇരുകരങ്ങളും നഷ്ടമായതുപോലെ ധോണിക്ക് കുറച്ചു നേരത്തേക്കെങ്കിലും തോന്നിക്കാണണം. അത്ര ഇമോഷണൽ ആയ വ്യക്തിയല്ലെങ്കിലും അയാളൊന്ന് പതറിക്കാണണം. പക്ഷേ 22 വാരയിൽ കാലുകുത്തിയ നിമിഷം മുതൽക്ക് അയാൾ ക്യാപ്റ്റൻ കൂളായി. വമ്പൻ സ്കോറാണ് ചെയ്സ് ചെയ്യാനുണ്ടായിരുന്നത്.

ധാരാളം ഒാവറുകൾ ബാക്കിയുള്ളപ്പോൾ ധോണി ബാറ്റിങ്ങിനിറങ്ങുന്നതാണ് ഇന്നത്തെ നിലയിൽ അഭികാമ്യം. മൊഹാലിയിൽ ഏഴാമത്തെ ഒാവറിൽ തന്നെ ധോണിയെത്തി. ഇന്നിങ്സിൻെറ തുടക്കത്തിൽ ധോണി സ്പിൻ ഇഷ്ടപ്പെടുന്നില്ല എന്ന കാര്യം അറിയാവുന്ന അശ്വിൻ സ്വയം പന്തെടുത്തു. കൂടാതെ യുവ് രാജിനെയും മുജീബിനെയും വിളിച്ചു. മുജീബിനെ ഇഷ്ടാനുസരണം അടിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ധോണി മറ്റുള്ളവർക്കെതിരെ ബൗണ്ടറികൾ നേടി. ധോണിയേക്കാൾ നന്നായി ഗെയിം റീഡ് ചെയ്യുന്ന എത്ര പേർ ഉണ്ടായിട്ടുണ്ടാവും !?

അമ്പാട്ടി റായുഡുവിനെ അശ്വിൻ റണ്ണൗട്ടാക്കിയപ്പോൾ മത്സരം അവിടെ തീർന്നുവെന്ന സൂചന ഹർഷ ഭോഗ്ലെ നൽകിയിരുന്നു. ധോണിയുടെ പ്രതാപകാലത്ത് അത്തരമൊരു പ്രസ്താവനയിറക്കാൻ ഹർഷ ധൈര്യപ്പെടുമായിരുന്നില്ല. പക്ഷേ മുൻ ഇംഗ്ലണ്ട് സ്കിപ്പർ നാസർ ഹുസൈൻ മുന്നറിയിപ്പു നൽകിയിരുന്നു-

''വൈറ്റ് ബോൾ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറാണ് ധോണി.നിങ്ങളുടെ സ്വന്തം റിസ്കിൽ അയാളെ എഴുതിത്തള്ളുക....''


ഹുസൈൻ പറഞ്ഞത് ശരിവെച്ചുകൊണ്ട് പന്ത് നാലുപാടും പറന്നു നടന്നു. ബാംഗ്ലൂരോ ഇൻഡോറോ പോലെ ഒരു കൊച്ചു സ്റ്റേഡിയമല്ല മൊഹാലി എന്ന കാര്യം മനസ്സിലാക്കണം. പക്ഷേ ആ വലിയ ബൗണ്ടറികൾ സമയം ചെല്ലുംതോറും ചെറുതായി വന്നു. ആകാശത്ത് പറന്നുല്ലസിച്ചിരുന്ന മിന്നാമിന്നികൾക്ക് അപകടം വിതച്ചുകൊണ്ട് പന്ത് വേലിക്കെട്ട് ലക്ഷ്യമാക്കി പല തവണ പാഞ്ഞു.മോഹിതിനെതിരെ ധോണി മിഡ്-വിക്കറ്റിലൂടെ സിക്സർ നേടിയപ്പോൾ ജയൻറ് സ്ക്രീനിൽ ഇങ്ങനെ തെളിഞ്ഞു-

''Helicopter has arrived....! ''

യോർക്കർ ലെങ്ത്ത് പന്തുകളെപ്പോലും സിക്സറിനു പറത്തുന്ന ധോണി എന്ന യുവാവിനെക്കണ്ട് വിസ്മയിച്ച പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിനെ മറന്നിട്ടില്ല.''മർഡറസ് '' എന്ന വാക്കാണ് അന്ന് ഇൻസി ഉപയോഗിച്ചത്. ഡെത്ത് ഒാവറുകളിൽ വസീമിനും വഖാറിനും മുമ്പിൽ മുട്ടിടിക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാരെ മാത്രം കണ്ടുശീലിച്ച ഇൻസിക്ക് ഒരു പുതുമയുള്ള കാഴ്ച്ചയായിരുന്നു ധോണി.അയാൾ ഇന്ത്യൻ ഡെത്ത് ഒാവർ ബാറ്റിങ്ങിനെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനെത്തന്നെ നവീകരിക്കുകയായിരുന്നു....


ആ വിൻ്റേജ് ധോണിയിലേക്കുള്ള തിരിച്ചുപോക്കാണ് ഇന്നലെ നാം കണ്ടത്. ടൈയിനെതിരെ കളിച്ച അപ്പർകട്ടും മോഹിതിനെതിരെ പോയിൻ്റിലൂടെ നേടിയ ബൗണ്ടറിയുമെല്ലാം ആ കൗശലത്തിൻറെ ഉദാഹരണങ്ങളാണ്. ശരീരത്തിൻെറ പുറകുവശം വേദനിക്കുമ്പോഴും ഒറ്റക്കൈ കൊണ്ട് സിക്സർ പറത്താൻ ധോണിക്ക് കഴിയുമായിരുന്നു! ബ്രാവോക്ക് പകരം ജഡേജയെ അയക്കാനുള്ള തീരുമാനം സ്റ്റീഫൻ ഫ്ലെമിങ്ങ് എടുത്തില്ലായിരുന്നുവെങ്കിൽ മത്സരഫലം തന്നെ ഒരുപക്ഷേ മാറിപ്പോവുമായിരുന്നു.

മത്സരത്തിനിടെ ധോണി മകൾ സിവക്കൊപ്പം
 


കളി കഴിഞ്ഞതിനുശേഷം കാണികളിലൊരാൾ ചുവപ്പുനിറമുള്ള തൻ്റെ ഒാട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി.അയാളുടെ പേര് രാംബാബു. മൊഹാലി സ്വദേശി. യുവ് രാജ് സിങ്ങിനോടുള്ള ഇഷ്ടം കാരണം കിങ്സ് ഇലവൻ്റെ ആരാധകനായ വ്യക്തി. പ്രീതി സിൻ്റയുടെ സംഘത്തോടുള്ള താത്പര്യം മൂലമാണ് അയാൾ തൻ്റെ വാഹനത്തിന് ചുവന്ന പെയിൻ്റ് അടിച്ചതും. പക്ഷേ മത്സരത്തിൽ അയാൾ ഏറ്റവും കൂടുതൽ കൈയ്യടിച്ചത് ധോണിക്ക് വേണ്ടിയാണ് ! രാംബാബു ധോണിയുടെ കടുത്ത ആരാധകനാണ്.അയാൾ മാത്രമല്ല, ഒരുപാട് പഞ്ചാബ് ആരാധകർ ഇന്നലെ ധോണിക്ക് അലറുന്നത് കണ്ടു. വാംഖഡേയിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ മത്സരിച്ചാൽ ഏറ്റവും അധികം ഉയർന്നുകേൾക്കുന്ന പേര് ധോണിയുടേതാവും......

ധോണി ലോകം മുഴുവൻ രാംബാബുമാരെ സൃഷ്ടിച്ചുവെച്ചിരിക്കുന്നു.അയാളോടുള്ള സ്നേഹം എല്ലാ അതിരുകളും ഭേദിച്ച് അണപൊട്ടി ഒഴുകുകയാണ്...


 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top