ജിമ്മും പരിശീലനവുമല്ല, ഉറക്കമാണ് ഫിറ്റ്നസ് രഹസ്യമെന്ന് റൊണാൾഡോ, ആരോഗ്യത്തോടെയിരിക്കാൻ ഉറക്കം കൃത്യമാക്കണമെന്നും താരം
text_fieldsബോസ്റ്റൺ(യു.എസ്): ഫുട്ബോൾ ലോകത്ത് എല്ലാതരത്തിലും വേറിട്ട നേട്ടങ്ങളുടെ ഉടയവനാണ് ക്രിസ്റ്റ്യനോ റൊണാൾഡോ. 17-ാം വയസ്സിൽ സീനിയർ ഫുട്‌ബോളിൽ അരങ്ങേറിയ റൊണാൾഡോ 23 വർഷമായി കളത്തിലുണ്ട്. ഇപ്പോഴിതാ 40-ാം വയസ്സിലും ചോരാത്ത ശാരീരികക്ഷമതയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം.
ഫിറ്റ്നസ് പ്ളാറ്റ്ഫോമായ വൂപ് എക്സിൽ പങ്കുവെച്ച വീഡിയോയിൽ റൊണാൾഡോ തന്റെ ഫിറ്റ്നസിന് പിന്നിലെ കാരണങ്ങൾ വിശദമാക്കുന്നു. ‘ഉറക്കമാണ് എന്റെ പ്രധാന ആരോഗ്യ സംരക്ഷണ മാർഗം. ഉറങ്ങുന്നതും ഉണരുന്നതും ഞാൻ കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി 11-12 മണിയാവുമ്പോഴേക്കും ഞാൻ ഉറങ്ങാൻ കിടക്കും. രാവിലെ 8.30നാണ് എഴുന്നേൽക്കുക. ഇതാണ് എന്റെ പതിവ്. ആരോഗ്യം കൃത്യമായി പരിപാലിക്കാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത്’ റൊണാൾഡോ പറയുന്നു.
കൃത്യമായ ഉറക്കശീലം എന്തുകൊണ്ട്?
ഉറക്കത്തിന് ഏറെ പ്രാധാന്യം നൽകുന്നതാണ് റൊണാൾഡോയുടെ പ്രതികരണം. ഉറക്കം ജോലിയവസാനിപ്പിച്ച ശേഷമുള്ള വിശ്രമം എന്ന രീതിയിൽ കാണേണ്ടതല്ലെന്ന് ഓർമിപ്പിക്കുന്നതാണ് താരത്തിന്റെ വാക്കുകൾ. വുപ് പോഡ്കാസ്റ്റിൽ സ്ഥാപകനായ വിൽ അഹ്മദുമായുള്ള സംഭാഷണത്തിനിടെ വിശ്രമവും ഉറക്കവും ജീവിതത്തിലെ അച്ചടക്കവുമാണ് 30കളിലും 40കളിലും ആരോഗ്യത്തോടെയിരിക്കാനുള്ള രഹസ്യമെന്ന് റൊണാൾഡോ വെളിപ്പെടുത്തുന്നു.
അത്‍ലറ്റുകൾക്ക് കൃത്യമായ സമയക്രമീകരണം ആവശ്യമാണ്. കൃത്യമായ ഉറക്ക ക്രമം ഹൃദയാരോഗ്യം നിലനിർത്തുന്നതിന് അനിവാര്യമാണ്. ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട വസ്തുതകളിലൊന്ന് കൃത്യമായ, സമയക്രമം നിശ്ചയിച്ചുള്ള ഉറക്കമാണെന്ന് റൊണാൾഡോ ഓർമിപ്പിക്കുന്നു.
മുമ്പും ഫിറ്റ്നസിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധം റൊണാൾഡോ ചൂണ്ടിക്കാട്ടിയിരുന്നു. ‘ചെറുപ്പത്തിൽ എക്കാലവും ചുറുചുറുക്കോടെ ജീവിക്കാമെന്നാണ് നമ്മൾ കരുതുക. 25 വയസ്സ് ആകുമ്പോഴേക്ക് അത് കൂടും. ഒന്നിന് മുന്നിലും തകരില്ല എന്നതാകും വിശ്വാസം. പക്ഷേ 30 എത്തുമ്പോൾ അത് മാറും. പ്രത്യേകിച്ച് ഫുട്‌ബോളിൽ. ഓരോ പ്രായത്തിലും ശരീരം മാറും. അതിന് അനുസരിച്ച് അതിനെ സൂക്ഷിക്കേണ്ടതുണ്ട്’ മറ്റൊരു അഭിമുഖത്തിൽ റൊണാൾഡോ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

