ഗോൾ നിക്ഷേപത്തിനൊരുങ്ങി എസ്.ബി.ഐ
text_fieldsഎസ്.ബി.ഐ കേരള ഫുട്ബാൾ ടീം
തിരുവനന്തപുരം: എസ്.ബി.ടി എന്ന ബാങ്കിന്റെ പേരു കേൾക്കുമ്പോൾ കേരളത്തിലെ ഫുട്ബാൾ പ്രേമികളുടെ ഓർമകളുടെ മൈതാനത്തേക്ക് ഒരു പന്ത് ഉരുണ്ടുവരും. ഫുട്ബാളിനെ ജീവനായികൊണ്ടുനടന്ന ഒരുപിടി കളിക്കാരുടെ ശ്വാസമായിരുന്നു ആ പന്തിന്റെ ശക്തി. അതുകൊണ്ടുതന്നെ കേരള പൊലീസിന്റെ സുവർണകാലത്തിനു ശേഷം ദേശീയ ഫുട്ബാളിൽ കേരളത്തിന്റെ മേൽവിലാസമായിരുന്നു ഈ ബാങ്ക് ടീം.
ജിജു ജേക്കബ്, ജോപോൾ അഞ്ചേരി, വി.പി. ഷാജി, സുനിൽകുമാർ, ഫിറോസ് ഷെരീഫ്, കെ.വി. ധനേഷ്, വിനു ജോസ്, അബ്ദുൽ ഹക്കീം, എൻ.പി. പ്രദീപ് അടക്കമുള്ള പ്രതിഭകളെ ഇന്ത്യൻ ഫുട്ബാളിന് സംഭാവന നൽകിയ ബാങ്ക് ടീം. കേരള പ്രീമിയർ ലീഗ് ചരിത്രത്തിൽ ആറു തവണ കിരീടം നേടുകയും ദേശീയ ഫുട്ബോൾ ലീഗ് സെക്കൻഡ് ഡിവിഷൻ രണ്ടുതവണ കിരീടം സ്വന്തമാക്കുകയും ചെയ്ത ക്ലബ്.
കിരീടങ്ങളും പൊൻതൂവലുകളും ഏറെയുണ്ടെങ്കിലും ഇന്ന് അതല്ലാം ചരിത്രമാണ്. 2019 മേയേഴ്സ് കപ്പിന് ശേഷം ഒരു സുപ്രധാന ടൂർണമെന്റിൽപോലും വിജയിച്ച് കയറാൻ ടീമിന് ആയിട്ടില്ല. അതുകൊണ്ടുതന്നെ ജില്ല എലൈറ്റ് ഡിവിഷനിൽ എസ്.ബി.ഐ ഇറങ്ങുന്നത് ജയിക്കാൻ മാത്രമല്ല ടീമിന്റെ നിലനിൽപ്പിന് കൂടി വേണ്ടിയാണ്.
1986 നവംബറിലായിരുന്നു എസ്.ബി.ടി കേരള തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തത്. പിന്നീട് അങ്ങോട്ട് പന്തിന്റെ നിലയ്ക്കാത്ത പാച്ചിലായിരുന്നു. 1987ൽ അഞ്ചാം ഡിവിഷൻ ലീഗായ ‘ഇ’ ഡിവിഷൻ ചാംപ്യൻഷിപ്പിലൂടെ അരങ്ങേറിയ ടീം 1992ൽ ‘ബി’ ഡിവിഷൻ കിരീടം ചൂടി ‘എ’ ഡിവിഷനിലേക്ക് യോഗ്യത നേടി.
മുൻതാരം എൻ.എം. നജീബ് പരിശീലകനായി എത്തിയതോടെ കേരളത്തിൽ നിന്ന് എസ്.ബി.ടി ദേശീയ ഫുട്ബാളിലേക്ക് വളരുകയായിരുന്നു. ഡ്യൂറണ്ട് കപ്പ്, ഐ.എഫ്.എ ഷീൽഡ്, റോവേഴ്സ് കപ്പ്, സിസേഴ്സ് കപ്പ്, കലിംഗ കപ്പ്, ഫെഡറേഷൻ കപ്പ് തുടങ്ങിയ നിരവധി ദേശീയ തല ടൂർണമെന്റുകളിലും അവർ യോഗ്യത നേടി.
2001ലും 2004ലും കേരളം സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ പ്രധാന താരങ്ങളെല്ലാം എസ്.ബി.ടിയുടെ അക്കൗണ്ടിൽ നിന്നായിരുന്നു.
2017 ൽ എസ്.ബി.ടി-എസ്.ബി.ഐ ലയനം മൂലം എസ്.ബി.ടി തിരുവനന്തപുരം എഫ്.സി, എസ്.ബി.ഐ കേരളയായതോടെ ടീമിന്റെ പ്രതാപകാലം മങ്ങിതുടങ്ങി. 2014ന് ശേഷം പുതുതായൊരു റിക്രൂട്ട്മെന്റുപോലും നടക്കാത്തത് കളിയെയും ടീമിനെയും ബാധിച്ചു.
ഇതോടെ പഴയ പടക്കുതിരകളെ തന്നെ കളത്തിലിറക്കി എതിരാളികളോട് യുദ്ധം ചെയ്യേണ്ട അവസ്ഥയിലാണ് പരിശീലകനും മുൻ ഇന്ത്യൻ താരവുമായ പി.വി. ഷാജി. 2017-18ൽ സാൾട്ട് ലേക്കിൽ ഈസ്റ്റ് ബംഗാളിന്റെ കണ്ണീരുവീഴ്ത്തി കേരളത്തിന് സന്തോഷ് ട്രോഫി കീരീടം സമ്മാനിച്ച സുവർണപറവ ഗോൾകീപ്പർ മിഥുൻ, കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങളായ സീസൺ ശെൽവൻ, ഉസ്മാൻ, അസ്ലം, ഷിബിൻ ലാൽ, സജിത്ത്, ജിജോ, ഷജീർ, ലിജോ, ജോൺസൺ, പ്രസൂൺ, ഷൈജുമോൻ എന്നിവരാണ് എസ്.ബിഐയുടെ തുറുപ്പ് ചീട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

