മുഹമ്മദ് സലാഹിന് പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം, വനിത പുരസ്കാരം സാമന്ത കെറിന്
text_fieldsപുരസ്കാരവുമായി സലാഹ്, സാമന്ത കെർ
ലണ്ടൻ: ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. ചെൽസിയുടെ ആസ്ട്രേലിയൻ താരം സാമന്ത കെറിനാണ് വനിത പുരസ്കാരം. തുടർച്ചയായ രണ്ടാം തവണ പുരസ്കാരം സ്വന്തമാക്കുന്ന സലാഹിനിത് അഞ്ചു വർഷത്തിനിടെ മൂന്നാം ബഹുമതിയാണ്. സീസണിൽ ടോപ്സ്കോറർക്കുള്ള (23) സുവർണ പാദുകം ടോട്ടൻഹാമിന്റെ ഹ്യൂങ് മിൻ സണുമായി പങ്കിട്ട 29കാരൻ അസിസ്റ്റിലും (14) മുമ്പനായിരുന്നു. ഇത്തവണ പ്ലെയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ, ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരം എന്നിവയും സലാഹിനായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്ൻ, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പോർചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ, ടോട്ടൻഹാമിന്റെ ഇംഗ്ലണ്ട് സ്ട്രൈക്കർ ഹാരി കെയ്ൻ, ലിവർപൂൾ താരങ്ങളായ ഡച്ച് ഡിഫൻഡർ വിർജിൽ വാൻഡൈക്, സെനഗാൾ സ്ട്രൈക്കർ സാദിയോ മാനെ എന്നിവരാണ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.
ചെൽസിക്ക് ലീഗ് കിരീടവും എഫ്.എ കപ്പും നേടിക്കൊടുക്കുന്നതിൽ പ്രധാനപങ്കുവഹിച്ച കെർ 20 ഗോളുമായി ടോപ്സ്കോററുമായിരുന്നു.
പ്രീമിയർ ലീഗ് ടീം ഓഫ് ദ ഇയർ: ഗോളി: അലിസൺ (ലിവർപൂൾ), ഡിഫൻഡർമാർ: ട്രെന്റ് അലക്സാണ്ടർ അർനോൾഡ് (ലിവർപൂൾ), വിർജിൽ വാൻഡൈക് (ലിവർപൂൾ), അന്റോണിയോ റൂഡിഗർ (ചെൽസി), ജാവോ കാൻസലോ (മാഞ്ചസ്റ്റർ സിറ്റി), മിഡ്ഫീൽഡർമാർ: കെവിൻ ഡിബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി), ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), തിയാഗോ അൽകന്റാര (ലിവർപൂൾ), സാദിയോ മാനെ (ലിവർപൂൾ), മുഹമ്മദ് സലാഹ് (ലിവർപൂൾ), ക്രിസ്റ്റ്യനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുനൈറ്റഡ്).