അയേൺമാൻ പദവി സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ ന്യായാധിപനായി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്
text_fieldsകൊച്ചി: നീന്തലും സൈക്ലിങ്ങും ഓട്ടവും അടങ്ങുന്ന ‘അയണ്മാന് 70.3’ ട്രയാത്ത്ലാൺ എന്ന സ്പോർട്സ് ഇനത്തിൽ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ന്യായാധിപനായി കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്. തിരമാലകളെയും ജല ജീവികളേയും മറികടന്ന് കടലിലൂടെ 1.9 കിലോമീറ്റര്‍ നീന്തല്‍, കര കയറിയ ഉടൻ വിശ്രമമില്ലാതെ കുന്നും മേടും താണ്ടി 90 കിലോമീറ്റര്‍ സൈക്ലിങ്, തുടർന്ന് ഊർജം ചോരാതെ 21.1 കിലോമീറ്റര്‍ ഓട്ടം. ഇങ്ങനെ 8.46 മണിക്കൂർ തുടർച്ചയായി നീണ്ട കായിക യത്നം പൂർത്തിയാക്കിയപ്പോൾ ഗോവയില്‍ നടന്ന മൽസരത്തിൽ അയേൺമാൻ പദവിയും 57 കാരനായ ജസ്റ്റിസ് ബെച്ചു കുര്യന് തോമസിനെ തേടിയെത്തി.
ശാരീരികക്ഷമതയും മനക്കരുത്തും തുല്യമായി പരീക്ഷിക്കുന്ന ലോക പ്രസിദ്ധമായ ‘അയണ്മാന് 70.3’ന്റെ പതിപ്പായി ആറു വർഷമായി ഗോവയിൽ ഈ മത്സരം നടന്നുവരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി 1650 മത്സരാർഥികളാണ് ഇത്തവണ ഉണ്ടായിരുന്നത്. 400 പേർ മത്സരം പൂർത്തിയാക്കാതെ പിൻമാറി. ജഡ്ജിമാർ പങ്കെടുത്ത് നടത്താറുള്ള എല്ലാ കായിക മൽസരങ്ങളിലും കളത്തിലിറങ്ങി മികച്ച സ്കോർ നേടുന്ന സ്ഥിരം മുഖമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ. മകൻ മകന് തരുണിന്റെ മാതൃക പിന്തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇത്തവണ മൽസരത്തിന് ഗോവയിലെത്തിയത്. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുകയാണ് സ്പോർട്സിൽ തൽപരനായ തരുൺ. അമേരിക്കയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന മകള്‍ സുസെയ്ന്‍ കുര്യനും പിന്തുണയുമായി ഉണ്ടായിരുന്നു. ഭാര്യ മറിയം ജോര്‍ജും മരുമകള്‍ മിറിയം ജോസഫും മൽസരം കാണാൻ എത്തിയിരുന്നു. ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്.

