‘ലോകകപ്പിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു, ഫുട്ബാളിനെ രാഷ്ട്രീയം വിഴുങ്ങി...’; ഫിഫക്കെതിരെ രൂക്ഷവിമർശനവുമായി സെപ് ബ്ലാറ്റർ
text_fieldsലണ്ടൻ: സ്പാനിഷ് ടീമിന്‍റെ കിരീടധാരണത്തോടെ ലോകകപ്പിനു കൊടിയിറങ്ങിയതിനു പിന്നാലെ ഭരണസമിതിയായ ഫിഫക്കെതിരെ രൂക്ഷവിമർശനവുമായി മുൻ അധ്യക്ഷൻ
സെപ് ബ്ലാറ്റർ. ലോകകപ്പിന് അതിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് ആരോപിച്ച ബ്ലാറ്റർ, കായികരംഗത്തെ രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് വീണ്ടെടുക്കാൻ ആരാധകരോടും കളിക്കാരോടും ദേശീയ അസോസിയേഷനുകളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
ആദ്യമായി 48 ടീമുകൾ മാറ്റുരച്ച ലോകകപ്പിന്‍റെ ഫൈനലിൽ അർജന്റീനയെ അധിക സമയത്ത് 1-0ത്തിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടത്. സ്പെയിൻ അർഹിച്ച ചാമ്പ്യന്മാരാണെന്ന് അംഗീകരിക്കുമ്പോഴും, ഫിഫയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കാൻ 90കാരനായ ബ്ലാറ്റർ മടിക്കുന്നില്ല. ‘ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പ് അവസാനിക്കുമ്പോൾ അർഹിച്ച ടീം തന്നെയാണ് കിരീടം നേടിയത്. എന്നാൽ ഫൈനൽ വിസിലിലേക്കുള്ള യാത്രയിൽ ടൂർണമെന്റിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കളിയെ രാഷ്ട്രീയത്തിന്‍റെ നിഴലിലാക്കാൻ അനുവദിക്കരുത്’ -ബ്ലാറ്റർ എക്സിൽ കുറിച്ചു.
ഇനി ഫുട്ബാളിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാനും പുതിയ നേതൃത്വത്തിന് കീഴിൽ അതിനെ ശക്തിപ്പെടുത്താനും ആരാധകരും കളിക്കാരും ദേശീയ അസോസിയേഷനുകളുമാണ് മുന്നോട്ട് വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിഫ, വേൾഡ് കപ്പ്, വിവാദപരമായ ഫിഫ ഹാഫ് ടൈം ഷോ, ഡോണൾഡ് ട്രംപ്, നിലവിലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ എന്നിവ ടാഗ് ചെയ്തിട്ടുണ്ട്. ഫുട്ബാളിൽ രാഷ്ട്രീയം പിടിമുറുക്കുന്നതിനെതിരെ നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കളിക്കളത്തിന് പുറത്തെ നിരവധി സംഭവങ്ങളാണ് ലോകകപ്പിന്‍റെ വിശ്വാസ്യതക്ക് ഇടിവുണ്ടാക്കിയത്.
ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള വിവാദങ്ങളും ടീമിനുള്ള യാത്ര നിയന്ത്രണങ്ങളും, വിസ തർക്കങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്കുള്ള യാത്ര വിലക്കുകൾ, ഫിഫയുടെ വർധിച്ചുവരുന്ന വാണിജ്യവത്കരണത്തിനെതിരായ വിമർശനങ്ങൾ എന്നിവയെല്ലാം ടൂർണമെന്‍റിലുടനീളം ചർച്ചയായി. ചുവപ്പ് കാര്‍ഡ് ലഭിച്ച യു.എസ് സ്ട്രൈക്കര്‍ ഫോളറിൻ ബലോഗണിന് പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കളിക്കാന്‍ ഫിഫ അനുമതി നൽകിയതും വലിയ വിവാദമായിരുന്നു. നോക്കൗട്ട് മല്‍സരത്തില്‍ ബോസ്നിയന്‍ പ്രതിരോധ താരത്തെ ഫൗള്‍ ചെയ്തതിനാണ് ബലോഗണിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്.
ഫിഫയുടെ ഇടപെടലോടെ താരത്തിന് പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരെ കളിക്കാൻ അനുമതി ലഭിച്ചു. അസാധാരണ തീരുമാനത്തിനു പിന്നില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇടപെടലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രംപും ഇൻഫാന്റിനോയും തമ്മിലുള്ള അടുത്ത ബന്ധവും ഇതിനെ സഹായിച്ചു. നേരത്തെയും ഫിഫയുടെ നിലപാടുകളെ വിമർശിച്ച് ബ്ലാറ്റർ രംഗത്തുവന്നിരുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ ചേർന്ന് സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പിൽ 16 വേദികളിലായി 104 മത്സരങ്ങളാണ് നടന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

