അണ്ടർ 17 ലോകകപ്പ്: പെഡ്രോ, നീയാണ് രക്ഷകൻ
text_fieldsജാവോ പെഡ്രോ
ദോഹ: ജാവോ പെഡ്രോ, ഈ പേര് ഓർത്തുവെക്കുക. ജൂലിയോ സീസർ, ആലിസൺ ബെക്കർ, ക്ലൗഡിയോ ടഫറൽ, ഗിൽമർ തുടങ്ങിയ ഇതിഹാസ താരങ്ങൾ വല കാത്ത ബ്രസീലിന്റെ ഗോൾ കീപ്പിങ് ഗ്ലൗ ഇനി പെഡ്രോയുടെ കൈകളിലേക്കെത്തിയാലും അതിശയിക്കാനില്ല. സമ്മർദങ്ങളെ നേരിടാൻ 17 വയസ്സിൽ താഴെയുള്ള ഒരു കൗമാരക്കാരന് എത്രത്തോളം കഴിയുമെന്ന് കഴിഞ്ഞദിവസം നടന്ന അണ്ടർ 17 ലോകകപ്പിലെ ബ്രസീൽ-പരാഗ്വേ നോക്കൗട്ട് മത്സരം കണ്ടാൽ മതിയാകും.
കൗമാര ലോകകപ്പിലെ നിർണായക നോക്കൗട്ട് മത്സരത്തിൽ റെഡ് കാർഡ് വഴങ്ങി 10 പേരായി ചുരുങ്ങിയിട്ടും ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വേക്ക് കാനറികളെ തളക്കാനായില്ല. പെനാൽറ്റിയിലൂടെ പരാഗ്വേയെ കീഴടക്കി അണ്ടർ17 ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ ബ്രസീൽ ടീമിന് കരുത്തായയും ഗോൾ കീപ്പർ പെഡ്രോയുടെ കരങ്ങളാണ്. വളർന്ന് വരുന്ന ബ്രസീൽ ടീമിന്റെ ഭാവിവാഗ്ദാനമാണ് ഈ പതിനേഴുകാരൻ.
കളിയുടെ എട്ടാം മിനിറ്റിൽ തന്നെ പ്രതിരോധ താരം വിക്ടർ ഹുഗോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ ഗോൾ വഴങ്ങാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബ്രസീൽ 90 മിനിറ്റും കളിച്ചത്. എന്നാൽ 90ാം മിനിറ്റും കഴിഞ്ഞ് അധിക സമയത്തിൽ പരാഗ്വേക്ക് ലഭിച്ച ഗോളെന്ന് ഉറപ്പിച്ച ആ ഷോട്ട് തടുത്തതോടെയാണ് ജാവോ പെഡ്രോ എന്ന രക്ഷകന്റെ പിറവി. നിശ്ചിത സമയം കഴിഞ്ഞും ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെ അധിക സമയമില്ലാതെ മത്സരം നേരെ പെനാൽറ്റിയിലേക്ക്. അഞ്ച് പെനാൽറ്റി കഴിഞ്ഞിട്ടും ഇരുവരും നാല് വീതം വലയിലാക്കി സമാസമം. ഒടുവിൽ പരാഗ്വേയുടെ ഏഴാമത്തെ പെനാൽറ്റി ബ്രസീൽ ഗോളി പെഡ്രോ തടയുകയും കാനറികൾ വലകുലുക്കുകയും ചെയ്തതോടെ ജയം കൈപ്പിടിയൽ.
നിർണായകമായ മൂന്ന് പെനാൽറ്റിയാണ് ബ്രസീൽ ഗോളി ജാവോ പെഡ്രോ തടഞ്ഞിട്ടത്. ഞാനിവിടെയുണ്ട്, ഇവിടെ തന്നെയുണ്ടാകും ഒരു പന്തും എന്നെ ഭേദിച്ച് വലക്കുലുക്കില്ല. ആത്മവിശ്വാസത്തിന്റെ അടയാളമായി മാറിയ ആ 17കാരന്റെ വിജയാഹ്ലാദം കണ്ടുനിന്ന കാണികളും കോരിത്തരിച്ചുപോയി. ഇത് ബ്രസീലാണ്, ഈ ടീമിനെ അങ്ങനെ ഒന്നും തളർത്താനാകില്ല, ഫുട്ബാൾ അവരുടെ രക്തത്തിലുള്ളതാണ്, കളിക്കളത്തിൽ അവർക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ജയിക്കുക അല്ലെങ്കിൽ മരിക്കുക. അണ്ടർ 17 ലോകകപ്പിൽ നവംബർ 18ന് ഫ്രാൻസിനെതിരെയാണ് ബ്രസീലിന്റെ പ്രീ ക്വാർട്ടർ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

