സുരക്ഷയില്ലാത്ത നഗരങ്ങളിൽ നിന്ന് ലോകകപ്പ് വേദി മാറ്റുമെന്ന് ട്രംപിന്റെ ബ്ലണ്ടർ... ലക്ഷ്യം ഡെമോക്രാറ്റ് നഗരങ്ങൾ; ട്രംപിന് അതിനുള്ള പവറില്ലെന്ന് വിദഗ്ധർ
text_fieldsഡോണൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോക്കൊപ്പം
വാഷിങ്ടൺ: അമേരിക്ക, മെക്സികോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയരാകുന്ന ഫിഫ ലോകകപ്പ് 2026 ഫുട്ബാളിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആതിഥേയ നഗരങ്ങൾ മാറ്റുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചില നഗരങ്ങളുടെ സുരക്ഷയിലും ടൂർണമെന്റ് സംഘാടനത്തിലും ആശങ്കയുണ്ടെങ്കിൽ വേദിമാറ്റുമെന്നാണ് ഡൊമോക്രാറ്റിക് പാർട്ടി നിയന്ത്രണത്തിലുള്ള ആതിഥേയ നഗരങ്ങളെ പരോക്ഷമായി ഭീഷണിപ്പെടുത്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. അതേസമയം, ലോകകപ്പ് വേദി നിശ്ചയിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റിന് യാതൊരു പങ്കുമില്ലെന്നിരിക്കെയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപിന്റെ മുന്നറിയിപ്പ്.
ഫൈനൽ വേദിയായ ന്യൂജഴ്സി ഉൾപ്പെടെ 11 അമേരിക്കൻ നഗരങ്ങളാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്.
ട്രംപിന്റെ കുടിയേറ്റ, കുറ്റകൃത്യ നയങ്ങളുമായി സഹകരിക്കാത്ത നഗരങ്ങളിൽ നിന്ന് മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ചായിരുന്നു ഓവൽ ഓഫീസിൽ ചോദ്യമുയർന്നത്. അപ്പോഴായിരുന്നു ‘ആതിഥേയത്വം സുരക്ഷിതമല്ലെന്ന് കരുതുന്നുവെങ്കിൽ, വേദി മറ്റൊരു നഗരത്തിലേക്ക് മാറ്റുമെന്ന് ഡോണൾഡ് ട്രംപ് മറുപടി നൽകിയത്.
ട്രംപിന്റെ നയങ്ങളുമായി സഹരിക്കാത്ത ഡെമോക്രാറ്റ്സിന് മേൽകൈയുള്ള ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നീ നഗരങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സാൻഫ്രാൻസിസ്കോയിലും സിയാറ്റിലിലും ആറ് മത്സരങ്ങളും ലോസാഞ്ചലസിൽ എട്ട് മത്സരങ്ങളുമാണ് നടക്കുന്നത്.
ലോകകപ്പിനും ഒളിമ്പിക്സിനും സുരക്ഷാ ഭീഷണിയുള്ള ഒരു നഗരത്തിനും ആതിഥ്യം നൽകില്ലെന്നായിരുന്നു പ്രസിഡന്റിന്റെ ഭീഷണി.
വേദി മാറ്റാനുള്ള സാധ്യതകൾ സംബന്ധിച്ച് വിശദീകരണം തേടി റോയിട്ടേഴ്സ് വാർത്താ ഏജൻസി ഫിഫയുമായും, നഗര സംഘാടക സമിതികളെയും ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമുണ്ടായില്ല.
കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി കേന്ദ്രമെന്ന് ട്രംപ് വിമർശിച്ച തലസ്ഥാനമായ വാഷിങ്ടണിലേക്ക് നൂറുകണക്കിന് ദേശീയ സുരക്ഷാ സൈനികരെ വിന്യസിക്കാനുള്ള തീരുമാനം ഏതാനും മാസങ്ങൾക്ക് മുമ്പാണ് എടുത്തത്. ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള വാഷിങ്ടണെ ലക്ഷ്യം വെച്ചായിരുന്നു ഈ നടപടി. അതിന്റെ മറ്റൊരു തുടർച്ചയാണ് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ലോകകപ്പ് നഗരങ്ങൾക്കും സുരക്ഷയുടെ പേരിൽ ട്രംപ് മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ, പ്രസിഡന്റിന്റേത് ഭീഷണ മാത്രമാണെന്നും ഫിഫ ലോകകപ്പിൽ തൊടാൻ യു.എസ് പ്രസിഡന്റിന് അധികാരമില്ലെന്നും വിദഗ്ധർ വിശദീകരിച്ചു.
ഫിഫയും ആതിഥേയ നഗരവും തമ്മിലാണ് ടൂർണമെന്റ് സംഘാടന കരാറിൽ ഒപ്പുവെക്കുന്നത്. ഫിഫക്ക് പോലും ഏകപക്ഷീയമായി കരാർ റദ്ദാക്കാൻ കഴിയില്ല. എന്നാൽ, കരാർ ലംഘനമോ, ചട്ടലംഘനമോ കണ്ടെത്തിയാൽ നിയമനടപടികളിലൂടെ ആതിഥേയ അവകാശ റദ്ദാക്കാനേ ഫിഫക്കും സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

