Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right1986-ലെ മറക്കാനാവാത്ത...

1986-ലെ മറക്കാനാവാത്ത മഴയത്തെ ഫുട്ബാൾ പൂരം!

text_fields
bookmark_border
1986-ലെ മറക്കാനാവാത്ത മഴയത്തെ ഫുട്ബാൾ പൂരം!
cancel
മറഡോണയുടെ മാന്ത്രിക വിളയാട്ടം കണ്ട 1986 ലോകകപ്പിന്റെ ഐതിഹാസിക ഫൈനലിന് ജൂൺ 29ന് നാലു പതിറ്റാണ്ട് തികയുന്നവേളയിൽ ഒരോർമക്കുറിപ്പ്

1986 മേയ് 31 മുതൽ ജൂൺ 29 വരെ മെക്സിക്കോയിൽ നടന്ന പതിമൂന്നാമത് ലോകകപ്പ് ഫുട്ബാളാണ് എന്റെ ഓർമയിൽ വരുന്നത്. 2026 ലോകകപ്പ് ഫുട്ബാൾ മത്സര സമയവും 1986 ലെ മത്സര സമയവും വലിയ വ്യത്യസമില്ല. മഴക്കാലം തുടങ്ങുന്ന ജൂൺ മാസത്തിൽ എല്ലാ ദിവസവും ഒരു മത്സരമെങ്കിലും വീടിനു ഒരു കിലോമീറ്റർ അകലെയുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി കാണും. ജീവിതത്തിൽ ആദ്യമായി ടി വി യിൽ ഒരു ലോക കപ്പ് കാണുന്നത്‌ കൊണ്ടാണോ എന്നറിയില്ല, അന്ന് കണ്ട മത്സരങ്ങൾ എല്ലാം ഇപ്പോഴും ഓർമയിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഡെൻമാർക്ക്, സോവിയറ്റ് യൂനിയൻ, അർജന്റീന ടീമുകൾ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പ്രീ-ക്വാർട്ടർ മത്സരങ്ങൾ മികച്ചതായിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അർജന്റീന- ഇംഗ്ലണ്ട്, ഫ്രാൻസ് - ബ്രസീൽ (പെനാൽറ്റി ഷൂട്ടൗട്ട്) നാൽപത്‌ വർങ്ങൾക്കുശേഷം ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. അർജന്റീന –ബെൽജിയം, പശ്ചിമ ജർമ്മനി –ഫ്രാൻസ് എന്നിങ്ങനെയായിരുന്നു സെമിഫൈനൽ മത്സരങ്ങൾ.

അർജന്റീന – പശ്ചിമ ജർമ്മനി ഫൈനൽ മത്സര ദിവസം വന്നെത്തി. ദിവസവും ഞങ്ങൾ ടി വി കാണുന്ന വീട്ടിലേക്കു പോയപ്പോൾ അതിശക്തമായ മഴ കാരണം ആ പ്രദേശങ്ങളിൽ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ കൂടി നടന്നു പോയാൽ ചെർപ്പുളശ്ശേരി ടൗണിൽ ഒരു വീട്ടിൽ ജനറേറ്റർ വെച്ച് ഫുട്ബാൾ മത്സരം കാണുന്നുണ്ട് എന്നറിഞ്ഞു. ചാറ്റൽ മഴയിൽ, മഴ നനഞ്ഞു ഞങ്ങൾ പത്തോളം വരുന്ന സുഹൃത്തുക്കൾ അവിടെ എത്തിയപ്പോൾ ആ വീട്ടിൽ ഫുട്ബാൾ പ്രേമികളായ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. വീട്ടിനുള്ളിൽ സൂചി കുത്താൻപോലും സ്ഥലമില്ല. അവസാനം ജനാലകൾക്കിടയിലൂടെ ഞങ്ങൾ മത്സരം കണ്ടു. ആ സമയത്തു നല്ല മഴയും ഉണ്ടായിരുന്നു. കുറച്ചു മഴ നനഞ്ഞു ഫൈനൽ മത്സരം മുഴുവനും കണ്ടു.

ഫൈനലിൽ അർജന്റീന, പശ്ചിമ ജർമനിക്കെതിരെ 2-0ന് മുന്നിലെത്തിയെങ്കിലും ജർമനി തിരിച്ചടിച്ച് 2-2ന് സമനില പിടിച്ചു. മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്നു തോന്നിയ നിമിഷത്തിൽ മറഡോണ നൽകിയ കൃത്യമായ പാസിൽ നിന്ന് ജോർജ് ബുറുച്ചാഗ നേടിയ ഗോൾ അർജന്റീനക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

മത്സരം കഴിഞ്ഞ ശേഷം പിന്നെയും ഒരു കിലോമീറ്ററിൽ കൂടുതൽ ചാറ്റൽ മഴ നനഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴും ഫുട്ബാളിന്റെ മായാജാലം പുറത്തെടുത്ത മറഡോണ എന്ന ഉയരം കുറഞ്ഞ അത്ഭുത മാന്ത്രികന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു മനസ്സിൽ.

ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ വിവാദമായ ‘ദൈവത്തിന്റെ കൈ’ ഗോളും, അതിന് പിന്നാലെ അഞ്ച് എതിരാളികളെ മറികടന്ന് നേടിയ നൂറ്റാണ്ടിന്റെ ഗോളും ലോകഫുട്ബാളിന്റെ ചരിത്രത്തിൽ അനശ്വരമായി. ആ ലോകകപ്പിൽ മറഡോണയെ കൂടാതെ വേറെ ചില ഫുട്ബാൾ പ്രതിഭകളും ഓർമയിൽ വരുന്നു. ഫ്രാൻസ് ഗോൾകീപ്പറായിരുന്ന ഷോയൽ ബാറ്റ്സ്, ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയ ആദ്യ ഇംഗ്ലീഷ് താരം ഗാരി ലിനേക്കർ, ബ്രസീലിയൻ ഫുട്ബോളിന്റെ മധ്യനിരയുടെ നട്ടെല്ലായിരുന്ന ഡോക്ടർ സോക്രട്ടീസ്, ജർമ്മൻ നിരയിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറായിരുന്ന റൂഡി വോളർ, ബെൽജിയം അറ്റാക്കിങ് മിഡ്‌ഫീൽഡർ ജാൻ ക്യൂലിമാൻസ്....1986 ഫിഫ വേൾഡ് കപ്പ് ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ലോകകപ്പുകളിലൊന്നായി തോന്നിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamMemoriesOmanFIFAWorldCup
News Summary - The unforgettable rainy football festival of 1986!
Next Story