സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഇന്ന്; മാജിക്കിന് മലപ്പുറം ചാലഞ്ച്
text_fieldsകാലിക്കറ്റ് എഫ്.സി പരിശീലനത്തിൽ
തൃശൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ആതിഥേയരായ തൃശൂർ മാജിക് എഫ്.സി ഇന്നിറങ്ങുന്നു. തിങ്കളാഴ്ച രാത്രി 7.30ന് നടക്കുന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ കരുത്തരായ മലപ്പുറം എഫ്.സിയാണ് എതിരാളികൾ. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിലേക്കുള്ള ടിക്കറ്റാണ് ഇരുടീമുകളുടെയും ലക്ഷ്യം. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താണ് ഇരുടീമുകളും സെമിയിലേക്ക് യോഗ്യത നേടിയത്. സീസണിൽ ഇവർ നേർക്കുനേർ വന്നപ്പോൾ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. ആദ്യ മത്സരത്തിൽ മലപ്പുറം ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ വിജയം തൃശൂരിനൊപ്പമായിരുന്നു.
ലീഗിലെതന്നെ ഏറ്റവും മികച്ച പ്രതിരോധനിരയുമായാണ് തൃശൂർ മാജിക് കളത്തിലിറങ്ങുന്നത്. 10 മത്സരങ്ങളിൽനിന്നായി വെറും ഏഴു ഗോളുകൾ മാത്രമാണ് ടീം വഴങ്ങിയത്. ക്യാപ്റ്റൻ മെയ്ൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധമാണ് തൃശൂരിന്റെ കരുത്ത്. ആൽവസിനൊപ്പം സെന്റർ ബാക്കായി തേജസ് കൃഷ്ണയും വിങ് ബാക്കുകളിലായി ബിബിൻ അജയനും മുഹമ്മദ് ജിയാദും അണിനിരക്കുമ്പോൾ മലപ്പുറം മുന്നേറ്റനിര വിയർക്കും. കണ്ണൂർ വാരിയേഴ്സിനെതിരായ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പോയന്റ് പട്ടികയിൽ മാറ്റമില്ലാത്തതിനാൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് കോച്ച് ആന്ദ്രേ ചെർനണിഷോവ് അന്ന് ടീമിനെ ഇറക്കിയത്. പൂർവാധികം ശക്തിയോടെയാകും തൃശൂർ ഇന്നിറങ്ങുക.
10 മത്സരങ്ങളിൽനിന്നായി 18 ഗോളുകൾ അടിച്ചുകൂട്ടിയ മലപ്പുറം, ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്താണ്. എതിരാളികളുടെ ഗോൾവല നിറക്കാൻ കെൽപുള്ള കരുത്തുറ്റ അറ്റാക്കിങ് നിരയുമായാണ് മലപ്പുറം എത്തുന്നത്. സീസണിൽ എട്ടു ഗോളുകളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള ബ്രസീലിയൻ സ്ട്രൈക്കർ ജോൺ കെന്നഡിയിലാണ് പ്രധാന പ്രതീക്ഷ. അതേസമയം, സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണ ഫോമിലേക്കുയർന്നാൽ തൃശൂർ പ്രതിരോധം പാടുപെടും. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ഇഷാൻ പണ്ഡിതയുടെ സാന്നിധ്യവും മലപ്പുറത്തിന് ആത്മവിശ്വാസം നൽകുന്നു. തൃശൂരിന്റെ ശക്തമായ പ്രതിരോധവും മലപ്പുറത്തിന്റെ മികച്ച മുന്നേറ്റനിരയും തമ്മിലെ പോരാട്ടത്തിനാകും ശക്തന്റെ തട്ടകം ഇന്ന് സാക്ഷ്യം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

