സൂപ്പർ ലീഗ് കേരള; പയ്യനാട്ടെ പൂരത്തിന് കൊടിയിറങ്ങി
text_fieldsമഞ്ചേരി: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ പയ്യനാട്ടെ മത്സരങ്ങൾക്ക് ലോങ് വിസിൽ. മലപ്പുറം എഫ്.സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയത്തിൽ അഞ്ചു മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. സ്വന്തം ഗ്രൗണ്ടിൽ തോൽക്കാതെയായിരുന്നു മലപ്പുറത്തിന്റെ മുന്നേറ്റം.
അഞ്ചു മത്സരങ്ങളിൽ രണ്ടു ജയവും മൂന്നു സമനിലയുമായിരുന്നു ഹോം ഗ്രൗണ്ടിലെ സമ്പാദ്യം. പത്തു മത്സരങ്ങളിൽ 14 പോയന്റ് നേടിയാണ് ടീം സെമിയിലേക്ക് യോഗ്യത നേടിയത്. ഇതിൽ ഒമ്പതു പോയന്റും ഹോം ഗ്രൗണ്ടിൽനിന്നായിരുന്നു. ആദ്യ സീസണിൽ സെമി കാണാതെ പുറത്തായ ടീം ഇത്തവണ അടിമുടി മാറ്റങ്ങളോടെയാണ് എത്തിയത്.
അതിനാൽതന്നെ അവസാന നാലിലേക്ക് എത്താനും ടീമിന് സാധിച്ചു. കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു ആദ്യ മത്സരം. തൃശൂരിനെ ഒറ്റ ഗോളിന് തറപറ്റിച്ച് മലപ്പുറം ലീഗിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കി. മലപ്പുറത്തിന്റെ സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണയായിരുന്നു ഗോൾ സ്കോറർ.
ടീമിന്റെ ആദ്യ നാലു മത്സരങ്ങളും ഹോം ഗ്രൗണ്ടിലായിരുന്നു. രണ്ടാം മത്സരത്തിൽ കണ്ണൂർ മലപ്പുറത്തെ ഗോൾരഹിത സമനിലയിൽ തളച്ചു. മൂന്നാം മത്സരത്തിൽ മലബാർ ഡർബിയിൽ കാലിക്കറ്റ് എഫ്.സിക്കെതിരെ വൻ തിരിച്ചുവരവാണ് ടീം നടത്തിയത്. രണ്ടു ഗോളിന് പിന്നിൽനിന്നശേഷം രണ്ടു മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് മലപ്പുറം 3-3 എന്ന സ്കോറിന് സമനില വഴങ്ങിയത്.
നാലാം മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ആതിഥേയരെ 1-1ന് സമനിലയിൽ തളച്ചു. അവസാന മത്സരത്തിൽ വ്യാഴാഴ്ച ഫോഴ്സ കൊച്ചിയെ 4-2ന് തകർത്താണ് മലപ്പുറം ഹോം ഗ്രൗണ്ടിലെ അവസാന മത്സരം കളറാക്കിയത്. രണ്ടു ഗോളിന് പിന്നിൽനിന്നശേഷം നാലു ഗോൾ തിരിച്ചടിച്ചാണ് മലപ്പുറം മടങ്ങിയത്.
ഗാലറിയിലെത്തിയത് 88,719 കാണികൾ
പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന അഞ്ചു മത്സരങ്ങൾ കാണാൻ 88,719 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. കാലിക്കറ്റുമായി നടന്ന മലബാർ ഡെർബിയിലാണ് കൂടുതൽ ആരാധകർ ഗ്രൗണ്ടിലെത്തിയത്- 22,956 പേർ. നാലാം മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 21,426 പേരും പയ്യനാട്ടെത്തി. തൃശൂരിനെതിരെ 14,236, കണ്ണൂരിനെതിരെ 17,427, അവസാന മത്സരത്തിൽ കൊച്ചിക്കെതിരെ 12,674 പേരും ഗാലറിയിലെത്തി. എല്ലാ മത്സരങ്ങൾക്കും പതിനായിരത്തിന് മുകളിൽ കാണികളെത്തി.
ഈസ്റ്റ് ഗാലറിയെ ഇളക്കിമറിച്ച് മലപ്പുറത്തിന്റെ ആരാധക കൂട്ടായ്മയായ ‘അൾട്രാസും’ ടീമിന് പിന്തുണയേകി. അഞ്ചു മത്സരങ്ങളിൽനിന്നായി 15 ഗോളും സ്റ്റേഡിയത്തിൽ പിറന്നു. ഇതിൽ ഒമ്പതും ആതിഥേയരുടെ വകയായിരുന്നു. കാലിക്കറ്റിനെതിരെ നടന്ന മത്സരത്തിലും കൊച്ചിക്കെതിരെ നടന്ന അവസാന മത്സരത്തിലും ആറു ഗോൾ പിറന്നു. മലപ്പുറത്തിനായി ബ്രസീലിയൻ താരം ജോൺ കെന്നഡിയുടെ ഹാട്രിക്കിനും സ്റ്റേഡിയം സാക്ഷിയായി. ആദ്യ സീസണിൽ പത്തു മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയായിരുന്നു. മലപ്പുറത്തിന് പുറമെ തൃശൂർ മാജിക് എഫ്.സിയുടെ കൂടി ഹോം ഗ്രൗണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

