സൂപ്പർ ലീഗ് കേരള; മലപ്പുറം എഫ്.സി- കാലിക്കറ്റ് എഫ്.സി ‘ത്രി’ല്ലർ സമനില
text_fieldsമഞ്ചേരി: കോരിച്ചൊരിയുന്ന മഴയെ വകവെച്ച് ത്രില്ലർ പോരാട്ടം. കൊണ്ടും കൊടുത്തും ഇരുടീമുകളും. അവസാന നിമിഷങ്ങളിലെ നാടകീയതക്കൊടുവിൽ സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സി -കാലിക്കറ്റ് പോരാട്ടം സമനിലയിൽ. ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി.
വിജയത്തോടെ ദീപാവലി ആഘോഷിക്കാനെത്തിയ മലപ്പുറവും കാലിക്കറ്റും മൈതാനത്ത് ‘വെടിക്കെട്ട്’ പ്രകടനമാണ് നടത്തിയത്. 87ാം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന മലപ്പുറം അവസാന നിമിഷങ്ങളിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് മത്സരം സമനിലയിൽ എത്തിച്ചത്. മുഹമ്മദ് അജ്സൽ (7, 72), ക്യാപ്റ്റൻ പ്രശാന്ത് മോഹൻ (50) എന്നിവർ കാലിക്കറ്റിനായും സ്പാനിഷ് താരം ഐറ്റർ അൽദാലൂർ (45+3), നിഥിൻ മധു (88), ജോൺ കെന്നഡി (89) എന്നിവർ മലപ്പുറത്തിനായും ഗോൾ നേടി.
കാലിക്കറ്റിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ ഇലവനിൽ മുഹമ്മദ് അജ്സലിനെ കൊണ്ടുവന്ന കോച്ചിന്‍റെ തന്ത്രം ഫലിച്ചു. ഏഴാം മിനിറ്റിൽ മലപ്പുറത്തിന്‍റെ ഗോൾവല കുലുങ്ങി. കാലിക്കറ്റിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് ആദ്യം ഗോൾകീപ്പർ അസ്ഹർ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് മനോജ് തട്ടിയിട്ട് അജ്സലിന്‍റെ കാലിലേക്ക്. ആദ്യ ഷോട്ട് മിസായെങ്കിലും രണ്ടാം തവണ ബുള്ളറ്റ് ഷോട്ടിലൂടെ അജ്സൽ പന്തിനെ വലയിലെത്തിച്ചു (1-0). ലീഗിൽ മലപ്പുറം വഴങ്ങുന്ന ആദ്യഗോൾ കൂടിയായിരുന്നു ഇത്.
ആദ്യ പകുതിയുടെ അധിക സമയത്ത് ഗാലറിയെ ഇളക്കി മറിച്ച ആതിഥേയരുടെ സമനില ഗോൾ പിറന്നു. മലപ്പുറത്തിന് ലഭിച്ച കോർണർ കിക്ക് ഫക്കുണ്ടോ ബല്ലാർഡോ ബോക്സിലേക്ക് തൊടുത്തുവിട്ടു. കാലിക്കറ്റിന്‍റെ പ്രതിരോധത്തിലെ പഴുത് നോക്കി ഓടിക്കയറിയ മലപ്പുറം നായകനും പ്രതിരോധ താരവുമായ സ്പാനിഷ് താരം അയ്റ്റോർ അൽദാലൂരിന്‍റെ മനോഹരമായ ഹെഡർ കാലിക്കറ്റിന്റെ ഗോൾവലയെ ചുംബിച്ചു (1-1).
50ാം മിനിറ്റിൽ കാലിക്കറ്റ് വീണ്ടും ലീഡുയർത്തി. ഇടത് വിങ്ങിൽനിന്ന് കാലിക്കറ്റിന്റെ മുഹമ്മദ് സാലിമിന്റെ ക്രോസിന് തലവെച്ച് പ്രശാന്ത് പന്ത് വലയിലെത്തിച്ചു (2-1). 72ാം മിനിറ്റിൽ മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോളും അജ്സൽ തന്‍റെ രണ്ടാം ഗോളും നേടി. മൈതാന മധ്യത്തിൽനിന്ന് പന്തുമായി ഒറ്റക്ക് മുന്നേറിയ അജ്സൽ മൂന്ന് പ്രതിരോധ താരങ്ങളെയും കബളിപ്പിച്ച് വലകുലുക്കി (3-1). 88ാം മിനിറ്റിൽ നിഥിൻ മധുവിന്‍റെ ഗോളിലൂടെ മലപ്പുറം തിരിച്ചുവരവിന് തുടക്കം കുറിച്ചു.
കോർണർ കിക്കിൽനിന്ന് ലഭിച്ച റീബൗണ്ട് ബാൾ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. തൊട്ടടുത്ത നിമിഷം മലപ്പുറം സമനില ഗോൾ കണ്ടെത്തി. റോയ് കൃഷ്ണയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം എടുത്തെങ്കിലും കീപ്പർ ഹജ്മൽ രക്ഷപ്പെടുത്തി. റീബൗണ്ട് വന്ന ലക്ഷ്യത്തിലെത്തിച്ച് പകരക്കാരൻ ജോൺ കെന്നഡി മലപ്പുറത്തിന്‍റെ പരാജയം ഒഴിവാക്കി. 22,956 പേരാണ് മത്സരം കാണാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

