സൂപ്പർ ലീഗ് കേരളയിൽ നാളെ മലബാർ എൽക്ലാസിക്കോ
text_fieldsമഞ്ചേരി: ആദ്യസീസണിലെ തോൽവിക്കു പകരം ചോദിക്കാൻ മലപ്പുറം എഫ്.സിയും വീണ്ടും മലർത്തിയടിക്കാൻ കാലിക്കറ്റ് എഫ്.സിയും എത്തുമ്പോൾ സൂപ്പർ ലീഗ് കേരളയിൽ ഞായറാഴ്ച മലബാർ എൽ ക്ലാസിക്കോ. സൂപ്പർ സൺഡേ പോരാട്ടത്തിൽ ലീഗിലെ വമ്പന്മാരായ കാലിക്കറ്റ് എഫ്.സിയും ആതിഥേയരായ മലപ്പുറം എഫ്.സിയും ഏറ്റുമുട്ടും. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. കരുത്തരായ കണ്ണൂർ വാരിയേഴ്സിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയും സംഘവും വീണ്ടും ഹോം മത്സരത്തിനിറങ്ങുന്നത്. ടീമിന്റെ മൂന്നാം ഹോം മത്സരംകൂടിയാണിത്. കാലിക്കറ്റ് എഫ്.സിയാകട്ടെ കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തൃശൂർ മാജിക് എഫ്.സിയോടേറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാനാണ് കളത്തിലെത്തുന്നത്.
ലീഗിൽ മലപ്പുറം ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. എന്നാൽ, കഴിഞ്ഞ സീസണിൽ രണ്ടു മത്സരത്തിലും കാലിക്കറ്റിനു മുന്നിൽ അടിയറവ് പറഞ്ഞ എം.എഫ്.സി പഴയ തോൽവിക്ക് പകരംചോദിക്കാൻകൂടിയാണ് എത്തുന്നത്. ആദ്യ സീസണിൽ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മലപ്പുറം തോൽവിയറിഞ്ഞത്. അന്ന് ഇരട്ടഗോൾ നേടി മലപ്പുറത്തെ പരാജയത്തിലേക്ക് തള്ളിയിട്ട ഗനി അഹമ്മദ് നിഗം, ഇത്തവണ മലപ്പുറം എഫ്.സിയുടെ താരമാണ്. കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് മലപ്പുറം വീണത്.
മുന്നേറാൻ മലപ്പുറം
3-5-2 ശൈലിയിൽതന്നെയാകും മലപ്പുറം കാലിക്കറ്റിനെ നേരിടുക. മുന്നേറ്റത്തിൽ റോയ് കൃഷ്ണയും അക്ബർ സിദ്ദീഖും ബൂട്ടുകെട്ടും. മധ്യനിരയിൽ കളി മെനയാൻ സ്പാനിഷ് താരങ്ങളായ ഫക്കുണ്ടോ ബല്ലാർഡോ, ക്യാപ്റ്റൻ ഐറ്റർ അൽദാലൂർ, മൊറോക്കോ താരം ബദർ എന്നിവർക്കൊപ്പം ഗനി നിഗവും പി.എ. അഭിജിത്തും ഉണ്ടാകും. അബ്ദുൽ ഹക്കു, നിഥിൻ മധു, ജിതിൻ പ്രകാശ് എന്നിവർക്കാകും പ്രതിരോധ ചുമതല.
ക്രോസ് ബാറിനു മുന്നിൽ ചോരാത്ത കൈകളുമായി കേരള പൊലീസ് താരം മുഹമ്മദ് അസ്ഹറുമുണ്ടാകും. രണ്ടു മത്സരങ്ങളിലും ഒരു ഗോൾപോലും വഴങ്ങിയിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ മിന്നുംസേവുകളുമായി അസ്ഹർ കളിയിലെ താരവുമായി. ജോൺ കെന്നഡിയും റിഷാദ് ഗഫൂറും അഖിൽ പ്രവീണും പകരക്കാരായി എത്തും. രണ്ടു മത്സരങ്ങളിൽ നിന്ന് ഓരോ ജയവും സമനിലയുമായി നാലു പോയന്റുമായി മലപ്പുറം ലീഗിൽ രണ്ടാമതാണ്. കാലിക്കറ്റിനെ പരാജയപ്പെടുത്തിയാൽ ഒന്നാമതെത്താം.
കരുത്ത് കാട്ടാൻ കാലിക്കറ്റ്
മുൻ മത്സരങ്ങളിലെപ്പോലെ 4-4-2 ശൈലിയായിരിക്കും കാലിക്കറ്റ് കോച്ച് എവർ അഡ്രിയാനോ സ്വീകരിക്കുക. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്തും കൊളംബിയൻ താരം സെബാസ്റ്റ്യൻ റിങ്കണും മുന്നേറ്റത്തിൽ അണിനിരക്കും.
അർജന്റീന താരങ്ങളായ പെരേരയും ഹെർനാൻ ബോസോയും ഘാന താരം റിച്ചാർഡും ഗോൾ പോസ്റ്റിനു കീഴിൽ കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലൗ ജേതാവ് ഹജ്മൽ സക്കീറും ടീമിന്റെ കരുത്താണ്. യുവതാരങ്ങളായ മുഹമ്മദ് അർഷഫും ജഗന്നാഥും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരങ്ങൾ കൂടിയാണ്. വിജയിക്കുന്ന ടീമിന് പോയന്റ് പട്ടികയിൽ മുന്നിലെത്താനുള്ള അവസരംകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

