സൂപ്പർ ലീഗ് കേരള: മലപ്പുറത്തിനെതിരെ കൊച്ചിക്ക് ജയം
text_fieldsകൊച്ചി: തൊട്ടു തൊട്ടില്ല... അടിച്ചു അടിച്ചില്ല... എന്ന മട്ടിൽ ഒരുപാട് ഷോട്ടുകൾ പരസ്പരം അടിച്ചു മത്സരിക്കുകയായിരുന്നു ഇരു ടീമുകളും. ഒടുവിൽ നിശ്ചിത സമയവും കഴിഞ്ഞ് ഇഞ്ചുറി ടൈമിൽ അതുവരെ നേരിട്ട ആക്രമണത്തിനെല്ലാം പകരം വീട്ടി ആതിഥേയർ ആഞ്ഞടിച്ചു. ആദ്യം മുതൽ അവസാനം വരെ ഉദ്വേഗം മാത്രം സമ്മാനിച്ച ഫോഴ്സ കൊച്ചി-മലപ്പുറം എഫ്.സി മത്സരത്തിൽ ഒടുവിൽ ക്ലൈമാക്സ് ട്വിസ്റ്റ്. സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ കൊച്ചിയിൽ നടന്ന കന്നിയങ്കത്തിൽ ഫോഴ്സ കൊച്ചിക്ക് എതിരില്ലാത്ത ഒറ്റഗോളിന് തകർപ്പൻ ജയം. പകരക്കാരനായി ഇറങ്ങിയ മുന്നേറ്റ താരം രാഹുൽ രാജുവിന്റെ (90+3) കാലിൽ നിന്ന് ഇൻജുറി ടൈമിൽ ഉതിർന്ന ഷോട്ടാണ് ആതിഥേയരുടെ വിജയ ഗോളായി മാറിയത്.
തുടക്കം തന്നെ ആവേശകരമായ മുന്നേറ്റങ്ങളാണ് ഇരു ടീമും കാഴ്ചവെച്ചത്. എങ്കിലും ആദ്യ പകുതി തന്നെ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. 21ാം മിനിറ്റിൽ മലപ്പുറത്തിന്റെ ഗോൾ വലക്കു തൊട്ടു മുന്നിലെത്തിയ ഫോഴ്സയുടെ ഷോട്ട് അവസാന നിമിഷം തട്ടിത്തെറിച്ച് കാവൽക്കാരൻ മുഹമ്മദ് അർബാസിന്റെ കൈപിടിയിൽ ഒതുങ്ങി, 35ാം മിനിറ്റിൽ ഫോഴ്സയുടെ ഗോൾപോസ്റ്റിലും സമാന നിമിഷങ്ങൾ ആവർത്തിച്ചു. മലപ്പുറത്തിന്റെ തുടർച്ചയായ ഗോളടി ശ്രമങ്ങളെ ഫോഴ്സ ഗോൾ കീപ്പർ ജയ്മി ജോയിയും വിഫലമാക്കി. 38ാം മിനിറ്റിൽ കൊച്ചിയുടെ മുന്നേറ്റക്കാരൻ ഹർഷൽ റഹ്മാനെ വീഴ്ത്തിയ എം.എഫ്.സിയുടെ മുഹമ്മദ് സലീമിന് മഞ്ഞക്കാർഡ്. ആദ്യ പകുതിയിലെ ആക്രമണത്തിന്റെ വീര്യം ഒട്ടും ചോരാതെയാണ് രണ്ടാം പകുതിയും മുന്നേറിയത്. ഗോളടിക്കാനും അടിപ്പിക്കാതിരിക്കാനും ഇരു ടീമുകളും വിയർത്തു പരിശ്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

