മുംബൈയിൽ മെസ്സിമാനിയ; വാംഖഡെയിൽ ഇതിഹാസ സംഗമം; ലയണൽ മെസ്സിക്ക് ഇന്ത്യൻ ജഴ്സി സമ്മാനിച്ച് സചിൻ ടെണ്ടുൽക്കർ
text_fieldsലയണൽ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ജഴ്സി സമ്മാനിക്കുന്ന സചിൻ
മുംബൈ: മഹാനഗരിയിൽ ഇതിഹാസങ്ങളുടെ സംഗമം. ‘ഗോട് ടൂറിന്റെ’ രണ്ടാം ദിനത്തിൽ മുംബൈയിലെത്തിയ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് രാജ്യത്തിന്റെ സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ എത്തി. സചിൻ ടെണ്ടുൽകർ ക്രിക്കറ്റിലെ ലോക കിരീടം ചൂടിയ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ പച്ചപ്പുൽമൈതാനിയിലായിരുന്നു കാൽപന്തിന്റെയും ക്രിക്കറ്റിന്റെയും ഇതിഹാസങ്ങളുടെ അപൂർവ സംഗമം.
കൊൽക്കത്തയിലെയും ഹൈദരാബാദിലെയും സന്ദർശനങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെ ഞായറാഴ്ച വൈകുന്നേരത്തോടെ ലയണൽ മെസ്സിയും സഹതാരങ്ങളായ ലൂയി സുവാരസും റോഡ്രിഗോ ഡി പോളും മുംബൈയിലെത്തിയപ്പോൾ ഒരു ക്രിക്കറ്റ് മത്സരത്തിന് സാക്ഷിയാവാനെന്ന പോാലെ വാംഖഡെയിലെ ഇരിപ്പിടങ്ങളിൽ ആരാധകർ നിറഞ്ഞുകവിഞ്ഞു. പതിനായിരങ്ങൾക്ക് നടുവിലേക്ക് കാൽപന്തിന്റെ മിശിഹ അവതരിച്ചപ്പോൾ, നിറഞ്ഞ കൈയടികളും ആരവങ്ങളും മുഴക്കി അവർ വരവേറ്റു.
ഗ്രൗണ്ട് വലംവെച്ച്, കൈവീശികൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്തായിരുന്നു ലയണൽ മെസ്സി വാംഖഡെ മണ്ണിനെ അനുഗ്രഹിച്ചത്. ക്രിക്കറ്റിൽ ഒരുപിടി വലിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ് കാൽപന്തിന്റെ വിശ്വതാരത്തെ ഹൃദയംകൊണ്ട് സ്വാഗതം ചെയ്തു.
ഇതിഹാസ താരത്തിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ പിച്ചിൽ, ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. ടെണ്ടുൽകറിന്റെ പേരിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ജഴ്സി ഒപ്പിട്ട് സമ്മാനിച്ചായിരുന്നു സചിൻ ഇതിഹാസ താരത്തെ ആദരിച്ചത്. ജഴ്സിയെ കുറിച്ച് ചോദിച്ചറിഞ്ഞ മെസ്സി, ഹസ്തദാനം ചെയ്ത് സചിനെ ചേർത്തണച്ചുകൊണ്ട് ലോകക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്ററുടെ സമ്മാനം ഏറ്റുവാങ്ങി.
പിന്നാലെ, മെസ്സി ഒപ്പിട്ട 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സചിനും സമ്മാനിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്ര ദേവേന്ദ്ര ഫഡ്നാവിസും ഇതിഹാസ സംഗമത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് മൈതാനത്തുണ്ടായിരുന്നു.
സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു സചിൻ ഗാലറിയോട് സംസാരിച്ചത്.
ഇന്ത്യക്കും മുംബൈക്കും ഏറ്റവും സുവർണനിമിഷമാണിത്. ലയണൽ മെസ്സിയുടെ സാന്നിധ്യം അനുഗ്രഹമായി മാറുന്നു. ഫുട്ബാളിന്റെ എല്ലാം സ്വന്തമാക്കിയ ലയണൽ മെസ്സി ഒരു കളിക്കാരനും വ്യക്തിയുമെന്ന നിലയിൽ ഇന്ത്യക്കാരുടെയും ഹൃദയം കീഴടക്കിയ താരമാണ്. അദ്ദേഹത്തിനും കുടുംബത്തിനും ടീമിനും ഇന്ത്യയുടെയും മുംബൈയുടെയും എന്റെയും സ്നേഹവും അഭിനന്ദനവും അറിയിക്കുന്നു.
ഒരുകാലത്ത് ഇന്ത്യൻ ഫുട്ബാൾ ലോകത്തോളം വളരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സചിൻ സംസാരം അവസാനിപ്പിച്ചത്.
2011ലെ ഏകദിന ക്രിക്കറ്റ് കിരീടം ചൂടിയതും സചിൻ പങ്കുവെച്ചു.
മെസ്സിയെയും സചീനെയും സാക്ഷി നിർത്തി ഗാലറിയെകൊണ്ട് ‘സചീൻ.. സചീൻ...’ എന്നും, ‘മെസ്സി... മെസ്സി’ എന്നും വിളിപ്പിച്ചുകൊണ്ടായിരുന്നു ആരാധകരുടെ ആദരവ് ഒരിക്കൽകൂടി വാംഖഡെയിൽ പ്രകടിപ്പിച്ചത്.
മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛെത്രിയും കാൽപന്ത് ഇതിഹാസത്തിനൊപ്പം വാംഖഡെ മൈതാനം ചുറ്റി. ഛെത്രിക്ക് അർജന്റീന ദേശീയ ടീമിന്റെ ജഴ്സിയും മെസ്സി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

