Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹൈദരാബാദിനെ...

ഹൈദരാബാദിനെ ഇളക്കിമറിച്ച് മെസ്സി, തെലങ്കാന മുഖ്യമന്ത്രിക്കൊപ്പം പന്തുതട്ടി അർജന്‍റൈൻ താരം, സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധിയും -വിഡിയോ

text_fields
bookmark_border
Lionel Messi
cancel

ഹൈദരാബാദ്: ആരാധകരെ ആവേശത്തിലാക്കി അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഹൈദരാബാദിലെത്തി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകർ ആർപ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ടീമിനുമൊപ്പം പ്രദർശന മത്സരവും കളിച്ചു. ഇന്‍റർമയാമിയിലെ സഹതാരങ്ങളായ റോഡ്രിഗോ ഡി പോളും ലൂയിസ് സുവാരസും മെസ്സിക്കൊപ്പം പന്തുതട്ടി. രേവന്ത് റെഡ്ഡിയുടെ ആർ.ആർ 9 സ്റ്റാർസിനെതിരെ അപർണ ഓൾ സ്റ്റാർസിനായി ഇറങ്ങിയ മെസ്സി രണ്ട് ഗോൾ നേടുകയും ചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും സ്റ്റേഡിയത്തിലെത്തിയിരുന്നു. മെസ്സിയും സംഘവും സ്റ്റേഡിയത്തിലെ ആരാധകരെ വലയം ചെയ്തു. ഏതാനും പന്തുകൾ സ്റ്റേഡിയത്തിലെ ആരാധകർക്കുനേരെ അടിച്ചുകൊടുത്തു. പിന്നാലെ രാഹുൽ ഗാന്ധിക്ക് കൈകൊടുക്കുകയും ഒരുമിച്ചു ഫോട്ടോയെടുക്കുകയും ചെയ്തു.

മെസ്സിയെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്ത രേവന്ത് റെഡ്ഡി, സംസ്ഥാനത്തിന്‍റെ വളർച്ചയിൽ എല്ലാവരോടും പങ്കുചേരാനും അദ്ദേഹം അഭ്യർഥിച്ചു. പിന്നാലെ മൈക്ക് മെസ്സിക്ക് കൈമാറി. ആരാധകരുടെ സ്നേഹത്തിന് മെസ്സി നന്ദി പറഞ്ഞു. മെസ്സിയുടെ കരിയറിലെ നേട്ടങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടുള്ള സംഗീത നിശയോടെയാണ് പരിപാടി സമാപിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് മെസ്സി ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയത്. താരം നേരെ താജ് ഫലക്നുമ പാലസിലേക്കാണ് പോയത്. ഇവിടെ തെലങ്കാന മുഖ്യമന്ത്രിയെയും പ്രീമിയം ടിക്കറ്റിലെത്തിയ ആരാധകരെയും കണ്ടു. പിന്നാലെയാണ് പ്രദർശന മത്സരത്തിനായി ഉ​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ എത്തിയത്.

നേരത്തെ, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെസ്സി പരിപാടി സംഘർഷത്തിൽ കലാശിച്ചിരുന്നു. മെസ്സിയെ ഒരു നോക്കുകാണാനായി ആയിരക്കണക്കിന് പേരാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. 4000 മുതൽ 25,000 രൂപവരെയാണ് ടിക്കറ്റിന് നൽകിയത്.

എന്നാൽ, രണ്ടു മണിക്കൂർ നീണ്ടുനിൽക്കുമെന്ന പരിപാടി അരമണിക്കൂർ പോലും നടത്താതെ അവസാനിപ്പിച്ചു. വൻതുക കൊടുത്ത് ടിക്കറ്റെടുത്തവർക്ക് മെസ്സിയുടെ ഒരു മിന്നായം പോലും കാണാനായില്ല. മുഖ്യമന്ത്രി മമത, ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ, മുൻ ഇന്ത്യൻ ക്രിക്കറ്റർ സൗരവ് ഗാംഗുലി എന്നിവർ സ്റ്റേഡിയത്തിൽ മെസ്സിക്കൊപ്പം ഒന്നിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. പിന്നാലെയാണ് രോഷാകുലരായ ആരാധകർ അക്രമാസക്തരായത്. സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരിൽ ചിലർ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിച്ചു. ഗാലറിയിൽനിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.

സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവം അന്വേഷിക്കാനായി സർക്കാർ പ്രത്യേക സമിതിക്ക് രൂപം നൽകിയതായി പശ്ചിമ ബംഗാൾ ഡി.ജി.പി രാജീവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റ് തുക മടക്കി നൽകുമെന്ന് സംഘാടകർ ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തതായും മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി. പരിപാടി സംഘടിപ്പിച്ചവരുടെ കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവത്തിൽ മെസ്സിയോടും അദ്ദേഹത്തിന്‍റെ ആരാധകരോടും കായിക പ്രേമികളോടും മാപ്പു ചോദിക്കുന്നതായി മമത എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiRahul Gandhi
News Summary - Messi Plays Football With Telangana CM, Scores Goal At Hyderabad Stadium
Next Story