ക്ലൈമാക്സിൽ ഇറാൻ വിപ്ലവം; വെയിൽസിനെ രണ്ടു ഗോളിന് കീഴടക്കി പടയോട്ടം
text_fieldsദോഹ: ക്ലൈമാസ്കിൽ വെയിൽസിന്‍റെ നെഞ്ച് തകർത്ത് ഇറാന്‍റെ ഇരട്ടപ്രഹരം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇറാന്‍റെ വിജയം. മത്സരത്തിന്‍റെ രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് രണ്ടു ഗോളുകളും പിറന്നത്. റൂസ്ബെ ചെഷ്മി (90+8), റാമിൻ റെസെയൻ (90+11) എന്നിവരാണ് ഇറാനുവേണ്ടി വല കുലുക്കിയത്.
ജയത്തോടെ ഇറാൻ പ്രീ-ക്വാർട്ടർ സാധ്യത സജീവമാക്കി. ഇരുടീമുകൾക്കും വിജയം നിർണായകമായ മത്സരത്തിൽ ഇറാൻ തന്നെയായിരുന്നു ആക്രമണത്തിൽ മുന്നിൽ നിന്നത്. രണ്ടാം പകുതിയിൽ തുടരെ തുടരെയുള്ള ഇറാൻ ആക്രമണത്തിൽ വെയിൽസിന്‍റെ ഗോൾമുഖം വിറച്ചു. പ്രതിരോധ താരങ്ങൾ ഏറെ പണിപ്പെട്ടു. 52ാം മിനിറ്റിൽ ഇറാൻ താരങ്ങളായ സർദർ അസ്മൂനിന്‍റെയും ഗോലിസാദയുടെയും ഷോട്ടുകൾ വെയിൽസിന്‍റെ പോസ്റ്റിൽ തട്ടി മടങ്ങി.
ഇറാന്‍റെ മുന്നേങ്ങളെല്ലാം വെയിൽസ് പ്രതിരോധത്തിൽ തട്ടി ലക്ഷ്യം കാണാതെ പോയി. 75ാം മിനിറ്റിൽ മധ്യനിരതാരം അഹ്മദ് നൂറുല്ലാഹിയുടെ ബോക്സിനു പുറത്തുനിന്നുള്ള ഒരു കിടിലൻ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. 86ാം മിനിറ്റിൽ വെയിൽസ് ഗോളി വെയ്ൻ ഹെന്നസിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത് ടീമിന് തിരിച്ചടിയായി. ബോക്സിനു പുറത്ത് മെഹ്ദി തെരീമിയെ ഫൗൾ ചെയ്തതിനാണ് ചുവപ്പ് കാർഡ് കിട്ടിയത്.
മത്സരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ ഇറാൻ ഗോളിലേക്കുള്ള ആക്രമണവും കടുപ്പിച്ചു. ഒടുവിൽ അതിനുള്ള ഫലവും ലഭിച്ചു. ബോക്സിനു പുറത്തിനിന്നുള്ള റൂസ്ബെ ചെഷ്മിയുടെ നിലംപറ്റെയുള്ള ഷോട്ട് ഗോളിയെയും മറികടന്ന് വലയിലേക്ക്. ഇറാൻ താരങ്ങളും ആരാധകരും ആനന്ദലഹരിയിൽ. മൂന്നു മിനിറ്റിനകം ഇറാൻ ലീഡ് രണ്ടാക്കി. ഗോൾ തിരിച്ചടിക്കാൻ വെയിൽസ് പ്രതിരോധം മറന്ന് കളിച്ചതാണ് ടീമിന് തിരിച്ചടിയായത്.
പന്തുമായി കുതിച്ച തെരേമി ബോക്സിനകത്തേക്ക് ഓടിക്കയറിയെത്തിയ റെസെയ്യാന് കൈമാറി. താരം മാനോഹരമായി പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. ഗോളി നിസ്സഹായനായിരുന്നു. ഒന്നാം പകുതിയിലും ഇറാൻ തന്നെയായിരുന്നു ആക്രമണത്തിൽ മുന്നിട്ടുനിന്നത്. 16ാം മിനിറ്റിൽ ഇറാൻ താരം അലി ഗോലിസാദ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് വിളിച്ചു. ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി വഴങ്ങിയ ഇറാന് നോക്കൗട്ട് സാധ്യത നിലനിർത്താൻ വിജയം അനിവര്യമായിരുന്നു.
യു.എസിനെതിരെ പെനാൽറ്റിയിൽ കടിച്ചുതൂങ്ങിയാണ് വെയിൽസ് കഴിഞ്ഞ കളിയിൽ സമനില പിടിച്ചത്. ഏഷ്യൻ ശക്തികളാണെങ്കിലും ഇതുവരെ ലോകകപ്പിൽ ആദ്യ റൗണ്ട് ഇറാൻ കടന്നിട്ടില്ല. ഏറ്റവും കൂടുതൽ തവണ ദേശീയ ടീമിനായി കളിച്ച വെയിൽസ് താരമെന്ന റെക്കോഡ് നായകൻ ഗാരത്ത് ബെയിൽ സ്വന്തമാക്കി. 110 മത്സരം. ടീമംഗമായ ക്രിസ് ഗന്ററിന്റെ (109) റെക്കോഡാണ് ബെയിൽ മറികടന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റ ഇറാൻ ഗോൾകീപ്പർ അലി ബെയ്‌റാൻവന്ദിന് പകരം ഹുസൈൻ ഹുസൈനിയാണ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

