സലാഹ് നയിച്ചു; ലോക രണ്ടാം നമ്പറുകാരെ ഞെട്ടിച്ച് ഈജിപ്ത്
text_fieldsകൈറോ: ലോകം ഖത്തറിലലിഞ്ഞുനിൽക്കെ സന്നാഹം കൊഴുപ്പിക്കുന്ന വമ്പന്മാർക്ക് ഞെട്ടൽ. ലോക രണ്ടാം നമ്പറായ ബെൽജിയം ഒന്നിനെതിരെ രണ്ടു ഗോളിന് ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനു മുന്നിൽ വീണു. കുവൈത്തിലെ ജാബിർ അൽഅഹ്മദ് മൈതാനത്ത് ഇരുടീമും കൊണ്ടും കൊടുത്തും കളി നയിച്ച മത്സരത്തിൽ ഈജിപ്തിന് ജയമൊരുക്കിയ ഗോളിന് അസിസ്റ്റ് നൽകിയാണ് സലാഹ് നായകനായത്. മുസ്തഫ മുഹമ്മദ്, ട്രസിഗെ എന്നിവർ ഈജിപ്തിനായി സ്കോർ ചെയ്തപ്പോൾ ലോയിസ് ഒപെൻഡ ബെൽജിയത്തിന് ആശ്വാസ ഗോൾ സമ്മാനിച്ചു. ക്രൊയേഷ്യ, കാനഡ, മൊറോക്കോ എന്നിവരുൾപ്പെട്ട ഗ്രൂപ് എഫിലാണ് ബെൽജിയം.
സ്വന്തം ഗോൾമുഖത്ത് സൂപർ താരം കെവിൻ ഡി ബ്രുയിന് സംഭവിച്ച ഗുരുതര പിഴവാണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. പാസ് സ്വീകരിക്കുന്നതിനിടെ കാലിൽനിന്ന് ഒഴിഞ്ഞുപോയ പന്ത് തട്ടിയെടുത്ത് ഈജിപ്ത് താരം മുസ്തഫ മുഹമ്മദ് അനായാസം എതിർവല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മുഹമ്മദ് സലാഹ് മൈതാനമധ്യത്തിൽനിന്ന് നീട്ടിനൽകിയ ക്രോസ് അതിവേഗം ഓടിപ്പിടിച്ച ട്രസിഗെ ഗോളിയെ ഉജ്വല ഷോട്ടിൽ കീഴടക്കി. അവസാനമിനിറ്റുകളിൽ സലാഹ് ഗോളടിച്ചെന്നു തോന്നിച്ചെങ്കിലും നിർഭാഗ്യം തടസ്സമായി.
കഴിഞ്ഞ ലോകകപ്പിൽ സെമി കളിച്ച ബെൽജിയം നിലവിലെ ലോക റാങ്കിങ്ങിൽ രണ്ടാമതാണ്. പലപ്പോഴായി പലരെയും പരീക്ഷിച്ച് എല്ലാവർക്കും അവസരം ഉറപ്പാക്കിയ ബെൽജിയം നിരയിൽ പക്ഷേ, ക്യാപ്റ്റൻ എഡൻ ഹസാർഡ് നിറംമങ്ങി. ഏറെയായി പരിക്കേറ്റ് പുറത്തായിരുന്ന വെറ്ററൻ ഡിഫെൻഡർ ജാൻ വെർട്ടൊൻഗനും ബെൽജിയം അവസാന മിനിറ്റുകളിൽ അവസരം നൽകി.
ബുധനാഴ്ച കാനഡയുമായാണ് ബെൽജിയത്തിന് ലോകകപ്പിലെ ആദ്യ മത്സരം.
നാളെ ലോകകപ്പിന് കിക്കോഫായതിനാൽ വെള്ളിയാഴ്ചയോടെ സന്നാഹ മത്സരങ്ങൾ അവസാനിച്ചു.