സലാഹ് ഗോളടിച്ചിട്ടും രക്ഷയില്ല! അവസാന സ്ഥാനക്കാരോട് ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തുള്ള വൂൾവ്സിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി ലിവർപൂൾ. 2-1നാണ് ചാമ്പ്യന്മാരെ വൂൾവ്സ് അട്ടിമറിച്ചത്.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. വൂൾവ്സിന്‍റെ തട്ടകമായ മോളിനക്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+4) ബ്രസിൽ താരം ആന്ദ്രെയാണ് ടീമിനായി വിജയഗോൾ നേടിയത്. റോഡ്രിഗോ ഗോമസിന്‍റെ (78) വകയായിരുന്നു മറ്റൊരു ഗോൾ. ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹാണ് (83) ചെമ്പടയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. 2017ൽ ക്രിസ്റ്റൽ പാലസ് ചെൽസിയെ തോൽപിച്ചതിനുശേഷം ആദ്യമായാണ് പ്രീമിയർ ലീഗിലെ അവസാന സ്ഥാനത്തുള്ള ഒരു ടീം നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തുന്നത്. സീസണിൽ അഞ്ചാം തവണയാണ് 90ാം മിനിറ്റിലോ അതിനുശേഷമോ ലിവർപൂൾ ഗോൾ വഴങ്ങുന്നത്, അവസാന 15 മിനിറ്റിൽ 14 ഗോളുകളും. പ്രീമിയർ ലീഗിന്‍റെ ചരിത്രത്തിൽ ഒരു ടീം അവസാന മിനിറ്റിൽ വഴങ്ങുന്ന ഗോളുകളിൽ റെക്കോഡാണിത്.
തോൽവി ആർനെ സ്ലോട്ടിന്‍റെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കി. തുടർ തോൽവികളിൽനിന്ന് കരകയറി വിമർശകരെ നിശ്ശബ്ദമാക്കുന്നതിനിടെയാണ് ലിവർപൂളിന്‍റെ ഞെട്ടിക്കുന്ന തോൽവി. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയായിരുന്നു ലിവർപൂൾ. കിരീട പ്രതീക്ഷകൾ ഏറെക്കുറെ അടഞ്ഞ ടീം, നിലവിൽ 29 മത്സരങ്ങളിൽ 48 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ്. രാത്രി നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയാൽ ചെൽസി ലിവർപൂളിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറും.
മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ലിവർപൂൾ ആധിപത്യം പുലർത്തിയെങ്കിലും, ഇരുടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല. ഒടുവിൽ 78ാം മിനിറ്റിൽ ലിവർപൂളിനെ ഞെട്ടിച്ച് ഗോമസിന്‍റെ ക്ലോസ് റേഞ്ച് ഗോളിലൂടെ വൂൾവ്സ് ലീഡെടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ സലാഹ് ലിവർപൂളിനായി ഗോൾ മടക്കി. പന്തുമായി ഒറ്റക്ക് ഓടിക്കയറിയ താരത്തിന്‍റെ ഷോട്ട് ഗോൾകീപ്പറിന്‍റെ കൈയിൽ തട്ടി വലയിൽ. അവസാന 11 മത്സരങ്ങളിൽ താരത്തിന്‍റെ ആദ്യ ഗോളാണിത്. അവസാന മിനിറ്റുകളിൽ വിജയഗോളിനായി ലിവർപൂൾ താരങ്ങൾ കിണഞ്ഞുശ്രമിച്ചെങ്കിലും വൂൾവ്സ് പ്രതിരോധിച്ചു.
ഒടുവിൽ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബോക്സിനു തൊട്ടുവെളിയിൽനിന്ന് ആന്ദ്രെ തൊടുത്ത ഒരു ലോങ് റേഞ്ച് ലിവർപൂൾ പ്രതിരോധ താരത്തിന്‍റെ കാലിൽ തട്ടി ദിശമാറി പോസ്റ്റിലേക്ക് കയറുമ്പോൾ ഗോൾകീപ്പർ അലിസൺ നിസ്സഹായനായി നോക്കിനിൽക്കുകയായിരുന്നു. സീസണിൽ ലിവർപൂളിന്‍റെ ഒമ്പതാം തോൽവി. ലിവർപൂളിന്‍റെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

