സൂപർ സ്ട്രൈക്കർ സലാഹ്; ടോട്ടൻഹാമിനെ വീഴ്ത്തി വീണ്ടും വിജയവഴിയിൽ ലിവർപൂൾ
text_fieldsലണ്ടൻ: സീസണിൽ ആദ്യ എവേ വിജയത്തോടെ ഫോം വീണ്ടെടുക്കുന്നുവെന്ന സൂചന നൽകി മുഹമ്മദ് സലാഹും ലിവർപൂളും. കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനെ അവരുടെ തട്ടകത്തിൽ 2-1നാണ് ചെമ്പട മറികടന്നത്.
ആദ്യ പകുതിയിൽ സുവർണസ്പർശമുള്ള രണ്ടു ഗോളുകളുമായി കളംനിറഞ്ഞ സലാഹ് പിന്നെയും ഒന്നിലേറെ തവണ ഗോൾ ഉറപ്പിച്ച നീക്കങ്ങളുമായി ഹാട്രികിനരികെ എത്തിയെങ്കിലും നിർഭാഗ്യവും ക്രോസ്ബാറും വില്ലനായി. കഴിഞ്ഞ രണ്ടു കളികളിൽ ദുർബലരായ നോട്ടിങ്ഹാം ഫോറസ്റ്റിനോടും ലീഡ്സ് യുനൈറ്റഡിനോടും തുടർതോൽവികളുമായി നാണംകെട്ട യുർഗൻ ക്ലോപിന്റെ കുട്ടികൾ പോയിന്റ് പട്ടികയിൽ ഏറെ പിറകിലായിരുന്നു. അവസാന നാലിൽ ഇടംപിടിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുക പോലും പ്രയാസപ്പെട്ട ഘട്ടത്തിലാണ് ആവേശം നൽകുന്ന ജയം.
11ാം മിനിറ്റിൽ ഡാർവിൻ നൂനസിന്റെ പാസിൽനിന്നായിരുന്നു സലാഹിന്റെ വണ്ടർ ഗോൾ. പ്രതിരോധനിര കാത്തുനിൽക്കെ നൂനസ് നൽകിയ പന്ത് ഇടംകാലിൽ സ്വീകരിച്ച് തൊട്ടുപിറകെ ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ടോട്ടൻഹാം താരം എറിക് ഡയറുടെ ഹെഡർ ലക്ഷ്യം തെറ്റി എത്തിയത് സലാഹിന്റെ കാലുകളിൽ. അതിവേഗ ഓട്ടവുമായി പ്രതിരോധത്തെയും ഗോളിയെയും മറികടന്ന് താരം വല തുളച്ചു. രണ്ടു ഗോൾ ലീഡുമായി ഒന്നാം പകുതി പിരിഞ്ഞ ലിവർപൂളിന് തന്നെയായിരുന്നു പിന്നെയും മേൽക്കൈ. പരിക്കേറ്റ് സൺ ഹ്യൂങ്മിൻ പുറത്തിരിക്കുന്ന ഹോട്സ്പറിനായി ഇവാൻ പെരിസിചും സംഘവും പല തവണ നടത്തിയ നീക്കങ്ങൾക്കൊടുവിൽ 70ാം മിനിറ്റിൽ ഹാരി കെയ്ൻ ആയിരുന്നു ആശ്വാസ ഗോൾ കുറിച്ചത്.
പ്രിമിയർ ലീഗിൽ കിതക്കുമ്പോഴും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനവുമായി ലിവർപൂൾ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. ഗ്രൂപിലെ അവസാന കളിയിൽ ഗ്രൂപ് ചാമ്പ്യന്മാരായ നാപോളിയെയും മറികടന്ന ടീമിന്റെ പ്രീക്വാർട്ടർ എതിരാളികളെ വൈകാതെ അറിയാം.
ഗോൾമെഷീൻ സലാഹ്
സാദിയോ മാനേയെന്ന കളത്തിലെ കൂട്ടുകാരൻ ബയേണിലെത്തിയത് ഈ സീസണിൽ സലാഹിന്റെ സ്കോറിങ്ങിനെ ബാധിച്ചുവെന്ന തോന്നൽ തെറ്റിക്കുന്നതായിരുന്നു ടോട്ടൻഹാമിനെതിരെ ഞായറാഴ്ച രാത്രിയിലെ പ്രകടനം. ഉടനീളം ഗോൾമുഖത്ത് അപകടം വിതച്ച താരം ആദ്യ രണ്ട് അവസരങ്ങളും മനോഹരമായി വലയിലെത്തിക്കുക മാത്രമല്ല, പിന്നീടും പലവട്ടം ഗോളിനരികെ എത്തുകയും ചെയ്തു. വൺടച്ചിലായിരുന്നു ആദ്യ ഗോളെങ്കിൽ എറിക് ഡയറുടെ വീഴ്ചക്ക് കനത്ത പിഴ നൽകിയായിരുന്നു അതിവേഗ ഓട്ടത്തിൽ രണ്ടാം ഗോൾ.
നിലവിൽ 12 മത്സരങ്ങളിൽ 11 ഗോളുകളുമായി താരം മികച്ച ഫോമിലാണ്.
പോയിന്റ് പട്ടികയിൽ നിലവിൽ 13 കളികളിൽ 34 പോയിന്റുമായി ആഴ്സണൽ ആണ് ഒന്നാമത്. 32 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുണ്ട്. ന്യൂകാസിലിനു പിറകെ നാലാമതാണ് ടോട്ടൻഹാം. ഒന്നാം സ്ഥാനക്കാരെക്കാൾ 15 പോയിന്റ് കുറഞ്ഞ് ലിവർപൂൾ എട്ടാമതാണ്.
ലീഗിലെ മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-1ന് ആസ്റ്റൺ വില്ലയെയും ആഴ്സണൽ 1-0ന് ചെൽസിയെയും ന്യൂകാസിൽ 4-1ന് സതാംപ്ടണെയും ക്രിസ്റ്റൽ പാലസ് 2-1ന് വെസ്റ്റ് ഹാമിനെയും തോൽപിച്ചു.
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
കരുത്തരായ ചെൽസിയെ കടന്ന് മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ആഴ്സണൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായിരുന്നു ഞായറാഴ്ചയിലെ കാഴ്ച. സീസണിൽ ആദ്യം ടോട്ടൻഹാമിനെയും പിന്നീട് ലിവർപൂളിനെയും കടന്ന് ഒന്നാം സ്ഥാനത്തെത്തിയ ഗണ്ണേഴ്സിനെ കടക്കാൻ ഹാലൻഡും സിറ്റിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. ഹാലൻഡ് ഗോളിൽ ഫുൾഹാമിനെ ഒരു ഗോളിന് കടന്ന് സിറ്റി ശനിയാഴ്ച ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. രണ്ടാമതുള്ള ഗണ്ണേഴ്സിന് മത്സരം കരുത്തരായ ചെൽസിക്കെതിരെ ആയതിനാൽ സിറ്റി തന്നെ തുടരുമെന്ന കണക്കുകൂട്ടലുകളാണ് ഞായറാഴ്ച തെറ്റിയത്. ആറാം സീസണിൽ അഞ്ചാം കിരീടങ്ങളെന്ന റെക്കോഡിലേക്ക് ബൂട്ടുകെട്ടുന്ന സിറ്റിക്ക് ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാലും ഗണ്ണേഴ്സ് കൂടി കനിയണം. അടുത്ത ശനിയാഴ്ച ഇത്തിഹാദ് മൈതാനത്ത് ബ്രെന്റ്ഫോഡിനെതിരെയാണ് സിറ്റിക്ക് അടുത്ത മത്സരം. എന്നാൽ, അതേ ദിവസം മോളിനോ മൈതാനത്ത് വുൾവ്സിനെ മറികടന്നാൽ ആഴ്സണലിന് തുടർച്ചയായ ആറാഴ്ച ഒന്നാം സ്ഥാനത്ത് തുടരാം. ലോകകപ്പ് ഇടവേളക്ക് കളി പിരിയുന്നതിനാൽ ഡിസംബർ അവസാനത്തിലാകും പിന്നെ അടുത്ത മത്സരങ്ങൾ.
2003-04നു ശേഷം ആഴ്സണൽ പ്രിമിയർ ലീഗിൽ കപ്പുയർത്തിയിട്ടില്ല.