സലാഹ് എവിടേക്കും പോകുന്നില്ല! താരവുമായി രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച് ലിവർപൂൾ
text_fieldsലണ്ടൻ: ഏറെയായി തുടരുന്ന കൂടുമാറ്റ ചർച്ചകൾ അവസാനിപ്പിച്ച് മുഹമ്മദ് സലാഹുമായി രണ്ടു വർഷത്തെ കരാർ പുതുക്കി ലിവർപൂൾ. യൂറോപ്യൻ ലീഗിലെയും സൗദി ലീഗിലെയും വമ്പന്മാരുമായി ചേർത്തുള്ള കഥകൾക്ക് വിരാമമിട്ടാണ് 32കാരൻ ചെമ്പടക്കൊപ്പം തുടരാൻ തീരുമാനിച്ചത്. ആഴ്ചയിൽ 350,000 പൗണ്ട് (ഏകദേശം 3.95 രൂപ) പ്രതിഫല വ്യവസ്ഥയിലായിരുന്നു മുൻ കരാറുകൾ. അതേ തുക തന്നെ തുടർന്നേക്കും.
വിർജിൽ വൈൻ ഡൈക്, ട്രെന്റ് അലക്സാണ്ടർ ആർണൾഡ് എന്നിവർക്കൊപ്പം സീസൺ അവസാനത്തോടെ സലാഹിനും കരാർ അവസാനിക്കാനിരുന്നതാണ്. ഇരുവരിൽ വാൻ ഡൈകുമായും കരാർ പുതുക്കുന്നതിന് ചർച്ച തുടരുകയാണ്. ക്ലബിന് താൽപര്യം വേണ്ടത്രയില്ലാത്ത അലക്സാണ്ടർ ആർണൾഡ് റയൽ മഡ്രിഡിലേക്ക് മാറിയേക്കും. 2017ൽ സീരി എ ടീമായ റോമയിൽനിന്നെത്തി 394 മത്സരങ്ങളിൽ 243 ഗോളും 109 അസിസ്റ്റുമായി ചരിത്രം കുറിച്ച താരത്തിന്റെ ചിറകേറി ഈ സീസണിൽ ലിവർപൂൾ കിരീടത്തിലേക്ക് അതിവേഗം ബഹുദൂരം കുതിപ്പ് തുടരുകയാണ്.
ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെ ഒന്നാം സ്ഥാനത്ത് 11 പോയന്റ് മുന്നിലുള്ള ടീം 20ാം പ്രീമിയർ ലീഗ് കിരീടം ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ചെമ്പടക്കൊപ്പമുള്ള കരിയറിനിടെ ടീം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, ഫിഫ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കാത്തിരിപ്പിന് ശുഭാന്ത്യം
ഏറ്റവും മികച്ച പ്രകടനവും ഗോൾവേട്ടയുമായി നിറഞ്ഞുനിന്നിട്ടും താരവുമായി കരാർ പുതുക്കുന്നതു സംബന്ധിച്ച് ചർച്ചകൾ നടക്കാത്തത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. തനിക്കിത് ആൻഫീൽഡിൽ അവസാന സീസണാകുമെന്ന് സലാഹും മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നെയും അനിശ്ചിതത്വം തുടർന്നത് താരത്തെ മാത്രമല്ല, ക്ലബ് ആരാധകരെയും നിരാശപ്പെടുത്തി.
അതിനിടെ, ശതകോടികളുടെ ഓഫറുമായി സൗദി ക്ലബുകൾ പിന്നാലെയുണ്ടെന്നും വാർത്തകൾ വന്നു. 2023ൽ 15 കോടി പൗണ്ടാണ് (1,690 കോടി രൂപ) അൽഇത്തിഹാദ് ക്ലബ് വാഗ്ദാനം ചെയ്തിരുന്നത്. അത് നിരസിച്ച് ക്ലബിൽ തുടർന്ന താരത്തിന് സമാന ഓഫറുകളാണ് ഇത്തവണയുമെത്തിയത്. എന്നാൽ, പരിശീലകൻ ആർനെ സ്ലോട്ടിന് വിങ്ങിൽ ആക്രമണം നയിക്കാൻ സലാഹ് തന്നെ വേണമെന്നു വന്നതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. ഇതാണ് ഒടുവിൽ കരാറിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.