ക്രിസ്റ്റ്യാനോയെ മറികടന്ന് സലാഹ്; ‘പി.എഫ്.എ പ്ലെയർ ഓഫ് ദ ഇയർ’ പുരസ്കാരം മൂന്നു തവണ നേടുന്ന ആദ്യതാരം
text_fieldsലണ്ടൻ: പ്രഫഷനല്‍ ഫുട്ബാളേഴ്സ് അസോസിയേഷന്റെ (പി.എഫ്.എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മൂന്നാം തവണയും സ്വന്തമാക്കി ലിവർപൂളിന്‍റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. കഴിഞ്ഞ സീസണിൽ ചെമ്പടയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ 33കാരനായ സലാഹ് നിർണായക പങ്കുവഹിച്ചിരുന്നു. 29 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി. 18 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
പി.എഫ്.എ പുരസ്കാരം മൂന്ന് തവണ നേടുന്ന ആദ്യ ഫുട്ബാളറാണ് സലാഹ്. രണ്ട് തവണ ജേതാക്കളായ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുൻ ഫ്രഞ്ച് താരം തിയറി ഹെന്റി, വെയിൽസ് താരം ഗാരെത് ബെയ്ല്‍ എന്നിവരെയാണ് സലാഹ് മറികടന്നത്. 2018ലും 2022ലുമാണ് ഇതിനുമുമ്പ് സലാഹ് പുരസ്കാരം നേടിയത്. ലിവര്‍പൂള്‍ സഹതാരം അലക്സിസ് മക് അലിസ്റ്റര്‍, ചെല്‍സിയുടെ കോള്‍ പാമര്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നായകൻ ബ്രൂണോ ഫെര്‍ണാണ്ടസ്, ആഴ്സനല്‍ മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ്, ന്യൂകാസില്‍ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ഇസാക് എന്നിവരെ മറികടന്നാണ് സലാഹ് പുരസ്കാരത്തിന് അർഹനായത്.
നേരത്തെ, 2024-25 പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ അവാർഡും ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്‍റെ ഫുട്ബാളർ ഓഫ് ദി ഇയർ പുരസ്കാരവും സലാഹ് നേടിയിരുന്നു. ആസ്റ്റണ്‍ വില്ല മുന്നേറ്റ താരം മോര്‍ഗന്‍ റോജേഴ്സിനാണ് പി.എഫ്.എ യങ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. ആൻഡി ഗ്രേ, ഗാരി ഷോ, ആഷ്ലി യങ്, ജെയിംസ് മിൽനർ എന്നിവർക്കുശേഷം ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ആസ്റ്റൺ വില്ല താരമാണ് റോജേഴ്സ്. ഉനായി എമരിക്ക് കീഴിൽ 54 മത്സരങ്ങളിൽനിന്നായി 14 ഗോളുകളാണ് റോജേഴ്സ് നേടിയത്. ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിൽ വില്ലയെ സഹായിച്ചത് റോജേഴ്സിന്‍റെ പ്രകടനമായിരുന്നു.
ആഴ്സണലിന്‍റെ മധ്യനിരതാരം മരിയോന കാള്‍ഡെന്റിയാണ് വനിതാ താരം. സഹതാരം ഓലീവിയ സ്മിത്താണ് വനിത യുവ താരം. ചൊവ്വാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ചടങ്ങിൽ ജേതാക്കൾ ട്രോഫികൾ ഏറ്റുവാങ്ങി.
പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ;
മാറ്റ്സ് സെൽസ് (നോട്ടിങ്ഹാം ഫോറസ്റ്റ്), വിർജിൽ വാൻ ഡെയ്ക് (ലിവർപൂൾ), മിലോസ് കെർക്കസ് (ബോൺമൗത്ത്), വില്യം സാലിബ (ആഴ്സനൽ), ഗബ്രിയേൽ (ആഴ്സനൽ), ഡെക്ലാൻ റൈസ് (ആഴ്സനൽ), റയാൻ ഗ്രാവൻബെർച്ച് (ലിവർപൂൾ), അലക്സിസ് മക് അലിസ്റ്റർ (ലിവർപൂൾ), മുഹമ്മദ് സലാഹ് (ലിവർപൂൾ), അലക്സാണ്ടർ ഇസാക്ക് (ന്യൂകാസിൽ യുനൈറ്റഡ്), ക്രിസ് വുഡ് (നോട്ടിങ്ഹാം ഫോറസ്റ്റ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

