ഇന്ത്യൻ പര്യടനം പൂർത്തിയാക്കി മെസ്സിയും സംഘവും മടങ്ങി
text_fieldsന്യൂഡൽഹി: മൂന്നു ദിവസത്തെ ഇന്ത്യൻ പര്യടനത്തിനു ശേഷം അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും മടങ്ങി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിൽ മെസ്സിയുടെ ഇന്റർ മയാമി ക്ലബിലെ സഹതാരങ്ങളും ലോകോത്തര ഫുട്ബാളർമാരുമായ ഉറുഗ്വായിക്കാരൻ ലൂയിസ് സുവാരസും അർജന്റീനക്കാരൻ റോഡ്രിഗോ ഡി പോളും കൂടെയുണ്ടായിരുന്നു.
മുംബൈയിൽ നിന്ന് ഉച്ചക്ക് ഡൽഹിയിലെത്തിയ സംഘം ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ പ്രമുഖരെയും ആരാധകരെയും കണ്ടും പന്തുതട്ടിയും സമയം ചെലവഴിച്ചാണ് മടങ്ങിയത്.
വൈകീട്ട് നാലിനു ശേഷമായിരുന്നു ഫിറോസ് ഷാ കോട്ലയിലെ പരിപാടികൾ. കുട്ടികളുമായി സംവദിച്ച മെസ്സി അവർക്കൊപ്പം പന്തുതട്ടി. മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷാ തുടങ്ങിയവരെ കണ്ടു. മെസ്സി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 10ാം നമ്പർ ജഴ്സി ഷാ സമ്മാനിച്ചു.
സുവാരസിനും ഒമ്പതും ഡി പോളിനെ ഏഴും നമ്പർ കളിക്കുപ്പായങ്ങളാണ് കൈമാറിയത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച മെസ്സി എത്തിയതിനു പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങൾ പര്യടനത്തിന്റെ നിറംകെടുത്തിയിരുന്നു. മെസ്സിയുടെ പര്യടനമായ ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ മുഖ്യ സംഘാടകൻ ശതദ്രു ദത്ത റിമാൻഡിലാണിപ്പോൾ.
പതിനായിരങ്ങൾ മുടക്കി ടിക്കറ്റെടുത്ത ആരാധകരെ സംഘാടകർ നിരാശരാക്കിയെന്ന വിമർശനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിൽ നിന്നുമൊക്കെ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

