ഗോളടി തുടർന്ന് ഹാലൻഡ്; മുഹമ്മദ് സലായുടെ റെക്കോഡിനൊപ്പം; ലെസ്റ്ററിനെ വീഴ്ത്തി സിറ്റി
text_fieldsഗോൾ സ്കോറിങ് മെഷീൻ എർലിങ് ഹാലൻഡ് ഇരട്ട ഗോളുമായി തിളങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്.
ജയത്തോടെ പോയന്‍റ് പട്ടികയിൽ ഒന്നാമതുള്ള ആഴ്സണലുമായുള്ള ലീഡ് മൂന്നാക്കി കുറച്ചു. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ ജോൺ സ്റ്റോൺസാണ് സിറ്റിക്കായി ആദ്യം വലകുലുക്കിയത്. 13ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാലൻഡ് ലീഡ് ഉയർത്തി. 25ാം മിനിറ്റിൽ ഹാലൻഡിന്‍റെ രണ്ടാം ഗോളും പിറന്നു. നൈജീരിയൻ താരം കെലേച്ചി ഇഹെഅനാച്ചോയുടെ വകയായിരുന്നു ലെസ്റ്ററിന്‍റെ ആശ്വാസ ഗോൾ.
ഇരട്ട ഗോളോടോ ഹാലൻഡ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളെന്ന ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായുടെ റെക്കോഡിനൊപ്പമെത്തി. 38 ഗോളുകൾ. 32 മത്സരങ്ങളിൽനിന്നാണ് ഹാലൻഡ് ഈ നേട്ടം കൈവരിക്കുന്നത്. ലീഗിൽ ഇനിയും എട്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് താരത്തിന്‍റെ റെക്കോഡ് നേട്ടം. സീസണിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 45 ഗോളുകൾ നേടുന്ന ഇംഗ്ലീഷ് താരമെന്ന നേട്ടം അടുത്തിടെ ഹാലൻഡ് സ്വന്തമാക്കിയിരുന്നു.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഒന്നാംപാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെയാണ് താരം ഈ നേട്ടം കൈവരിച്ചത്. സിറ്റി 3-0 എന്ന സ്കോറിനാണ് അന്ന് ജർമൻ വമ്പന്മാരെ വീഴ്ത്തിയത്. ഇതോടെ താരത്തിന്‍റെ മൊത്തം ഗോൾ നേട്ടം 47 ആയി. ജയത്തോടെ 30 മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 70 പോയന്‍റായി. ഒന്നാമതുള്ള ആഴ്സണലിന് ഇത്രയും മത്സരങ്ങളിൽനിന്ന് 73 പോയന്‍റും.