ഫാൻ ഫെസ്റ്റ് സ്റ്റേഡിയത്തിൽ, കളി നേരിട്ടുകാണുന്ന പ്രതീതി
text_fieldsഅമേരിക്കയിലെ ന്യൂജഴ്സിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്റ്റേഡിയമാണ് സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് സ്റ്റേഡിയം. മുമ്പ് ഇത് റെഡ് ബുൾ അരീന എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സ്റ്റേഡിയം ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്ന വേദിയാണ്. എന്റെ ഓർമയിൽ കഴിഞ്ഞ അഞ്ച് തവണയും ഒരു ലോകകപ്പ് വേദിയുടെയും അനുബന്ധമായുള്ള ഫാൻ ഫെസ്റ്റ് വേദി ഇത്തരത്തിലുള്ള വലിയ സ്റ്റേഡിയമായിരുന്നില്ല. പകരം തുറന്ന മൈതാനങ്ങളോ ബീച്ചുകളോ ആയിരുന്നു. ഖത്തറിൽ അത് വലിയൊരു പാർക്കായിരുന്നു.
അമേരിക്കക്കാർക്ക് ഇതൊരു സോക്കർ സ്റ്റേഡിയമാണ്. ഇവിടെ ഫുട്ബാൾ എന്ന് പൊതുവേ പറയാറില്ല. എല്ലാം സോക്കർ മയം. അമേരിക്കയിലെ പ്രമുഖ ലീഗായ മേജർ ലീഗ് സോക്കറിലെ ന്യൂയോർക് റെഡ് ബുൾസ് ടീമിന്റെയും വനിതാ ലീഗായ എൻ.ഡബ്ല്യു.എസ്.എല്ലിലെ ഗോതം എഫ്.സി ടീമിന്റെയും ഹോം ഗ്രൗണ്ടാണിത്. ന്യൂജഴ്സിയിലെ ഹാരിസൺ എന്ന സ്ഥലത്താണ് സ്റ്റേഡിയം. ഏകദേശം 25,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അമേരിക്കയിലെ വലിയ സോക്കർ സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. ഇവിടത്തെ പ്രത്യേകത, കാണികൾക്ക് വളരെ അടുത്തുനിന്ന് കളി കാണാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ ഗാലറി രൂപകൽപന ചെയ്തിരിക്കുന്നത് എന്നതാണ്. മുൻനിരയിലുള്ള സീറ്റുകളിൽ ഇരിക്കുന്നവർക്ക് കളിക്കളത്തിൽ നിന്ന് വെറും 21 അടി മാത്രം ദൂരമേയുള്ളൂ. കൂടാതെ, മോശം കാലാവസ്ഥയിൽ നിന്നും കാണികളെ സംരക്ഷിക്കുന്നതിനായി മുകളിൽ ഒരു സുതാര്യമായ മേൽക്കൂരയുമുണ്ട്.
2010 മാർച്ചിലാണ് ഈ സ്റ്റേഡിയം തുറന്നത്. പ്രശസ്തമായ സ്പോർട്സ് മാധ്യമമായ ‘Sports Illustrated’ ഇതിന്റെ ടിക്കറ്റിങ് പങ്കാളികളായതോടെയാണ് പുതിയ പേര് ലഭിച്ചത്. അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾക്കും പ്രമുഖ സംഗീത പരിപാടികൾക്കും സ്റ്റേഡിയം വേദിയാകാറുണ്ട്. വലിയ വിലയുള്ള ടിക്കറ്റെടുത്ത് അടുത്തുള്ള ന്യൂജഴ്സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെത്താൻ സാധിക്കാത്ത ആയിരങ്ങൾക്ക് ഒരു വലിയ കളിയുടെ എല്ലാ പ്രത്യേകതകളും ഗ്രൗണ്ടിന്റെ പശ്ചാത്തലവും ആസ്വദിച്ച് മത്സരം കാണാൻ ഇവിടേക്ക് വന്നാൽ മതിയാവും. ഇടവേളകളിൽ എല്ലാ സ്റ്റേഡിയത്തിലുമുള്ളതുപോലെ കലാപരിപാടികളും ഫുഡ് കോർട്ടും വിപുലമായി ഒരുക്കിയിട്ടുണ്ടിവിടെ.. അതിശയകരമായ മറ്റൊരനുഭവം, ഗോൾ അടിച്ചാൽ സ്റ്റേഡിയത്തിനകത്ത് ഉയരുന്ന ഹുങ്കാര ശബ്ദവും ലേസർ ലൈറ്റ് സംവിധാനവുമാണ്. ഇത് കാണികൾക്ക് നയനാനന്ദകരവും ഉത്സവാന്തരീക്ഷ പ്രതീതി ഉളവാക്കുന്നതുമാണ്.
അമേരിക്കയിലെ ഭൂരിഭാഗം സ്റ്റേഡിയങ്ങളും മുകളിൽ തുറന്ന രീതിയിലാണ് നിർമിക്കാറുള്ളത്. എന്നാൽ, ഈ സ്റ്റേഡിയം യൂറോപ്പിലെ പ്രമുഖ ഫുട്ബാൾ സ്റ്റേഡിയങ്ങളുടെ മാതൃകയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ വലുപ്പമേറിയ മേൽക്കൂര കാണികളെ വെയിൽ, മഴ എന്നിവയിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, സ്റ്റേഡിയത്തിനകത്തെ സിംഹഭാഗം സീറ്റുകളെയും മൂടുകയും ചെയ്യുന്നു. കൂടാതെ, കാണികളുടെ ബഹളവും ആർപ്പുവിളികളും സ്റ്റേഡിയത്തിന് പുറത്തേക്ക് പോകാതെ ഉള്ളിൽത്തന്നെ മുഴങ്ങിനിൽക്കാൻ (Acoustic effect) ഈ ഡിസൈൻ സഹായിക്കുന്നു. ഇത് മത്സരങ്ങൾക്ക് ആവേശം കൂട്ടുന്നു.
ന്യൂയോർക് സിറ്റിയിൽ നിന്നും ന്യൂജഴ്സിയിലെ മറ്റ് ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ‘PATH’ ട്രെയിൻ സർവിസ് ഉള്ളതിനാൽ ഫുട്ബാൾ ആരാധകർക്ക് ട്രാഫിക് ബ്ലോക്കിൽ പെടാതെ സ്റ്റേഡിയത്തിനടുത്തുള്ള ഹാരിസൺ സ്റ്റേഷനിൽ നേരിട്ടെത്താൻ സാധിക്കുന്നത് കൊണ്ടുതന്നെ ഇവിടെ കാണികളുടെ വലിയ ഒഴുക്ക് തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

