Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ലോകകപ്പ് കളിക്കും; രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴക്കേണ്ടെന്ന് ഫിഫ പ്രസിഡന്‍റ്

text_fields
bookmark_border
ഇറാൻ ലോകകപ്പ് കളിക്കും; രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കുഴക്കേണ്ടെന്ന് ഫിഫ പ്രസിഡന്‍റ്
cancel
camera_alt

ജിയാനി ഇൻഫാന്റിനോ

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും 2026ലെ ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. ഫുട്ബോളിനെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച നടന്ന സാമ്പത്തിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇറാൻ തീർച്ചയായും ലോകകപ്പിന് എത്തും. ടൂർണമെന്റ് തുടങ്ങുമ്പോഴേക്കും സമാധാനപരമായ അന്തരീക്ഷം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇറാൻ അവരുടെ ജനതയെയാണ് പ്രതിനിധീകരിക്കുന്നത്, അവർ യോഗ്യത നേടിയവരാണ്, താരങ്ങൾക്ക് കളിക്കണം. സ്പോർട്സിനെ രാഷ്ട്രീയത്തിന് പുറത്ത് നിർത്തണം. മറ്റാരും വിശ്വസിക്കുന്നില്ലെങ്കിലും രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കാൻ ഫിഫ തയാറാണ്’ ജിയാനി പറഞ്ഞു.

അമേരിക്കയും ഇസ്രായേലുമായി വർഷാരംഭത്തിലുണ്ടായ സൈനിക നീക്കങ്ങളെത്തുടർന്ന് ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. അമേരിക്കയിൽ കളിക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി മത്സരങ്ങൾ മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫിഫ അത് തള്ളി. ഇതേത്തുടർന്ന് ഇറാൻ ടീം ലോകകപ്പ് ബഹിഷ്കരിക്കാൻ പോലും ആലോചിച്ചിരുന്നു. ഫെബ്രുവരി 28ന് തുടങ്ങിയ സംഘർഷങ്ങൾക്ക് ശേഷം ഏപ്രിൽ 8ന് താല്ക്കാലിക വെടിനിർത്തൽ നിലവിൽ വന്നുവെങ്കിലും ഇപ്പോഴും മേഖലയിൽ നയതന്ത്ര അസ്വാരസ്യങ്ങൾ തുടരുകയാണ്.

ഗ്രൂപ്പ് ജിയിലാണ് ഇറാൻ മത്സരിക്കുന്നത്. ഇറാന്റെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കുക. രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും, ഒന്ന് സീറ്റിലിലും നടക്കും. ടൂർണമെന്റ് സമയത്ത് ടീമിന്റെ ആസ്ഥാനം അരിസോണയിലെ ട്യൂസൺ ആയിരിക്കും. ഇറാൻ താരങ്ങൾക്ക് അമേരിക്കയിൽ സുരക്ഷാ ഭീഷണിയുണ്ടായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞ ഫിഫ, സ്പോർട്സ് സമാധാനത്തിന്റെ വഴിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് ജൂൺ 11നാണ് ആരംഭിക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran participating in World Cup, FIFA president confirms
Next Story