ഗോൾ ഹോം; ഗോകുലത്തിന് ഇന്ന് ആദ്യ ഹോം മത്സരം
text_fieldsഫോട്ടോക്ക് പോസ് ചെയ്യുന്ന ഗോകുലം കേരള താരങ്ങൾ
കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ സമനില പിടിച്ച ഗോകുലം കേരള എഫ്.സി ശനിയാഴ്ച നാംധാരി എഫ്.സിയെ നേരിടും. ഫെബ്രുവരി 27ന് ഐസ്വാളിൽ പ്രതികൂല കാലാവസ്ഥയിലും ഹോം ടീമായ മിസോറം ക്ലബ് ചാൻമാരിയെ ഗോൾരഹിത സമനിലയിൽ പൂട്ടിയ ആത്മവിശ്വാസവുമായാണ് ഗോകുലം നാംധാരിക്കെതിരെ വൈകീട്ട് നാലിന് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.
കഴിഞ്ഞ കളിയുടെ സമസ്തമേഖലകളിലും നന്നായി പൊരുതിയെങ്കിലും ഗോകുലത്തിന് പ്രതീക്ഷിച്ച ഗോൾ കണ്ടെത്താനായില്ല. മിഡ് ഫീൽഡേഴ്സിനെയും വിങ്ങേഴ്സിനെയും മാറ്റി പരീക്ഷിച്ചെങ്കിലും അവസരങ്ങൾ പിറന്നിരുന്നില്ല. നാംധാരിയാകട്ടെ ആദ്യ മത്സരത്തിൽ മിസോറം ക്ലബായ ഐസ്വാൾ എഫ്.സിയോട് 1-1 സമനില വഴങ്ങി.
ഗോകുലത്തിന് സൈപ്രസ് കോച്ച്
കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ലീഗിന്റെ പുതിയ സീസണിൽ ഗോകുലം കേരള എഫ്.സിക്ക് സൈപ്രസുകാരനായ ദിമിത്രിസ് ദിമിത്രിയോ മുഖ്യ പരിശീലകനാവും. യുവേഫ പ്രൊ ലൈസൻസ് നേടിയ ദിമിത്രിസ് കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സ് പരിശീലകനായിരുന്നു. സ്പാനിഷ് കോച്ച് ജോസ് ഹെവിയ ജനുവരിയിൽ ഗോകുലം വിട്ട ഒഴിവിലേക്കാണ് ദിമിത്രിസ് വരുന്നത്.
ടെക്നിക്കൽ ഡയറക്ടർ ആയിരുന്ന ഡെറിക് പെരേരക്കാണ് നിലവിലെ ചുമതല. ശനിയാഴ്ച നടക്കുന്ന ഗോകുലം- നാംധാരി മത്സരത്തിലും ഡെറിക് തന്നെയാവും പരിശീലകൻ. താമസിയാതെ ദിമിത്രിസ് ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

