ഹൃദയവേദനയോടെ ഓസ്കാർ മതിയാക്കി
text_fieldsഓസ്കാർ
ലണ്ടൻ: ബ്രസീലിന്റെയും ചെൽസിയുടെയും മുൻ മിഡ്ഫീൽഡർ ഓസ്കാർ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് താരം 34ാം വയസ്സിൽ കളംവിടുന്നത്. ദേശീയ ടീമിനായി 48 മത്സരങ്ങൾ കളിച്ച ഓസ്കാർ 12 ഗോൾ നേടി. 2013ലെ ഫിഫ കോൺഫെഡറേഷൻസ് കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. ജർമനിക്കെതിരെ ബ്രസീൽ 7-1ന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ 2014 ലോകകപ്പ് സെമി ഫൈനലിൽ കാനറികളുടെ ഏക ഗോൾ നേടിയത് ഓസ്കാറാണ്.
2012-2017ൽ ചെൽസിക്കുവേണ്ടി 203 മത്സരങ്ങൾ കളിച്ചു. 38 ഗോളും നേടി. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു യൂറോപ്പ ലീഗ്, ഒരു ലീഗ് കപ്പ് എന്നിവയും സ്വന്തമാക്കി. തുടർന്ന് ഏഷ്യൻ റെക്കോഡ് തുകയായ 60 മില്യൻ പൗണ്ടിനാണ് അദ്ദേഹം ചൈനയിലെ ഷാങ്ഹായ് പോർട്ട് (2017-2024) ക്ലബിലേക്ക് മാറിയത്. അവിടെ മൂന്ന് തവണ ചൈനീസ് സൂപ്പർ ലീഗ് കിരീടങ്ങൾ നേടി. കഴിഞ്ഞ നവംബറിൽ തന്റെ നിലവിലെ ക്ലബായ സാവോ പോളോയിൽ നടത്തിയ വൈദ്യപരിശോധനക്കിടെ ഓസ്കാർ കുഴഞ്ഞുവീഴുകയും തുടർന്ന് അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവരികയും ചെയ്തു. ഈ സമയത്ത് ഏകദേശം രണ്ടര മിനിറ്റോളം തന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായി പിന്നീട് താരം വെളിപ്പെടുത്തി. മെഡിക്കൽ ഉപദേശത്തെത്തുടർന്ന് 2027 വരെ നീളുന്ന കരാർ അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

