ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്
text_fieldsലോകകപ്പ് മാച്ച് ടിക്കറ്റ് മാതൃക ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിക്കുന്നു
സൂറിച്: ലോകകപ്പ് ഫുട്ബാൾ ഫീവർ ആരാധകരിലേക്ക് പടർന്നു തുടങ്ങി. 2026 ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടുകൾ ചിലയിടങ്ങളിൽ പൂർത്തിയാവുകയും, മറ്റിടങ്ങളിൽ സജീവമാവകുയും ചെയ്യുന്നതിനിടെ അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലായി നടക്കുന്ന വിശ്വമേളയുടെ ടിക്കറ്റ് ബുക്കിങ്ങിനും തുടക്കം കുറിച്ചു. അടുത്ത വർഷം ജൂണിൽ നടക്കുന്ന ലോകമേളയിലേക്കുള്ള കാത്തിരിപ്പ് ഒരുവർഷത്തിൽ താഴെയായി കുറഞ്ഞപ്പോൾ മാച്ച് ടിക്കറ്റ് വിൽപനയുടെ ആദ്യ പടിയായ ബുക്കിങ്ങിന് സജീവമായി.
ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 15 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ടിക്കറ്റിനായി ബുക്ക് ചെയ്തത്.
ഏറ്റവും കൂടുതൽ മാച്ച് ടിക്കറ്റ് അപേക്ഷ ലഭിച്ചവരിൽ മുന്നിൽ നിലവിലെ ലോകചാമ്പ്യന്മാരയ അർജന്റീനയുണ്ട്. ആതിഥേയരായ അമേരിക്ക, മെക്സികോ, കാനഡ എന്നിവർക്കൊപ്പം, കൊളംബിയ, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, പോർചുഗൽ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മാച്ച് ടിക്കറ്റിനായി ഇടിയുണ്ട്.
സെപ്റ്റംബർ 19 വരെ ലോകമെങ്ങുമുള്ള ആരാധകർക്ക് ഫിഫ വെബ്സൈറ്റ് വഴി മാച്ച് ടിക്കറ്റിന് ബുക്ക് ചെയ്യാം. നറുക്കെടുപ്പിലൂടെയാവും ടിക്കറ്റിന് അർഹരെ തെരഞ്ഞെടുക്കുന്നത്. സെപ്റ്റംബർ 29 മുതൽ ഇവർക്ക് ഇ മെയിൽ വഴി അറിയിപ്പ് ലഭിക്കും. ഒക്ടോബർ ഒന്ന് മുതൽ ആവശ്യമായ കാശടച്ച് ടിക്കറ്റുറപ്പിക്കാം.
ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങൾക്ക് 60 ഡോളർ (5290 രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഏറ്റവും വിലയേറിയ മാച്ച് ടിക്കറ്റിന്റെ നിരക്ക് 6,730 ഡോളർ (ഏകദേശം 5.94 ലക്ഷം രൂപ) വരെയാണ്.
48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് ജൂൺ 11നാണ് കിക്കോഫ് കുറിക്കുന്നത്. ജൂലായ്19 വരെ നീണ്ടു നിൽക്കുന്ന മേളക്ക് മൂന്ന് രാജ്യങ്ങളിലായി 16 നഗരങ്ങൾ വേദിയാകും. മാച്ച് ടിക്കറ്റുകൾ ഘട്ടം ഘട്ടമായാണ് വിൽപന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ 60 ഡോളറിന് ഗ്രൂപ്പ് റൗണ്ടിലെ ഗാലറി ടിക്കറ്റ് ലഭ്യമാണെങ്കിലും, മത്സരത്തിലേക്ക് അടുക്കുന്നതോടെ നിരക്ക് ഉയരാനുമിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

