യുവേഫയുടെ ഫണ്ട് 'കാമുകി'ക്ക് നൽകിയോ? ആരോപണങ്ങൾക്ക് മറുപടിയുമായി ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ
text_fieldsസൂറിച്ച്: ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾക്കിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ തേടി മറ്റൊരു വിവാദം കൂടി. യുവേഫയുടെ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഇൻഫാന്റിനോയുമായി അടുപ്പമുണ്ടായിരുന്ന യുവതിക്ക് സ്ഥാപനത്തിൽ നിന്ന് വൻതുക നൽകിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, തന്റെ പേരിൽ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇൻഫാന്റിനോയും ഫിഫയും രംഗത്തെത്തി.
അന്താരാഷ്ട്ര 'ഡെയ്ലി ടെലിഗ്രാഫ്' ആണ് ഫിഫ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2009 മുതൽ 2016 വരെയുള്ള കാലയളവിൽ ഇൻഫാന്റിനോ യുവേഫ ജനറൽ സെക്രട്ടറിയായിരിക്കെ, അദ്ദേഹത്തിന്റെ 'കാമുകി' എന്ന് ആരോപിക്കപ്പെടുന്ന ജീവനക്കാരിക്ക് യുവേഫ ആറക്ക തുക കൈമാറിയെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ, ഇവർക്ക് ഒരു പ്രാദേശിക ബിസിനസ് സ്‌കൂളിൽ എം.ബി.എ പഠനത്തിനുള്ള ഫീസും യുവേഫയുടെ ഫണ്ടിൽ നിന്നും നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ഫിഫയും ഇൻഫാന്റിനോയും രംഗത്തെത്തി. ആരോപണങ്ങൾ തികച്ചും അസത്യവും അപകീർത്തികരവുമാണെന്ന് ഫിഫ വക്താവ് വ്യക്തമാക്കി. ഇൻഫാന്റിനോയുടെ പെരുമാറ്റത്തെക്കുറിച്ച് യുവേഫയിലോ ഫിഫയിലോ ഒരു ജീവനക്കാരനും ഇതുവരെ യാതൊരു പരാതിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ എല്ലാ സാമ്പത്തിക നടപടികളും കൃത്യമായ ചട്ടങ്ങൾ പാലിച്ചുള്ളതാണെന്നും ഫിഫ വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, യുവതിക്ക് തുക നൽകിയെന്ന കാര്യം യുവേഫ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ജീവനക്കാർ സ്ഥാപനം വിട്ടുപോകുമ്പോൾ നൽകുന്ന സാധാരണ 'ഡിപ്പാർച്ചർ പേയ്മെന്റ്' മാത്രമാണെന്നും, അക്കാലത്തെ തൊഴിൽ നിയമങ്ങൾക്കനുസൃതമായാണ് തുക കൈമാറിയതെന്നുമാണ് യുവേഫയുടെ വിശദീകരണം. 2016-ന് ശേഷം ഇത്തരം ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
പുതിയ വെളിപ്പെടുത്തലുകൾ 56-കാരനായ ഇൻഫാന്റിനോയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ ഉൾപ്പെടെ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള ഇൻഫാന്റിനോയുടെ നീക്കങ്ങൾക്കെതിരെ ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഈ തീരുമാനത്തിനെതിരെ യുവേഫ രംഗത്തുവരികയും ഫിഫ ടൂർണമെന്റുകൾ ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇൻഫാന്റിനോയെ പ്രതിരോധത്തിലാക്കുന്ന പുതിയ വാർത്തകളും പുറത്തുവന്നിരിക്കുന്നത്. എങ്കിലും ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനുകളുടെ പിന്തുണ ഇൻഫാന്റിനോയ്ക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

