ക്രിസ്റ്റ്യാനോയെ ഫിഫ മറന്നു; ആരാധകരിളകിയപ്പോൾ പോസ്റ്റർ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രമില്ലാതെ ഫിഫ പുറത്തിറക്കിയ പോസ്റ്റർ
സൂറിച്ച്: ലോകകപ്പ് ഫുട്ബാളിന് യോഗ്യത ഉറപ്പിച്ച് ടീമുകൾ അവസാന വട്ട ഒരുക്കങ്ങളിലേക്ക് നീങ്ങവെ ഫിഫ പങ്കുവെച്ച പോസ്റ്റർ വിവാദമായി. ലോകകപ്പ് ഫുട്ബാളിലേക്കുള്ള കാത്തിരിപ്പ് ദിനം 200നോട് അടുക്കവെയാണ് ഫിഫ സാമൂഹിക മാധ്യമത്തിൽ ലോകതാരങ്ങളെ ഉൾപ്പെടുത്തി ഒരു പോസ്റ്റർ പങ്കുവെച്ചത്. എന്നാൽ, പോസ്റ്ററിൽ സൂപ്പർ താരത്തെ ഉൾപ്പെടുത്താൻ മറഞ്ഞതോടെ പ്രചരണ പോസ്റ്റർ പാരയായി മാറി. ഇതോടെ പോസ്റ്ററും ഡിലീറ്റ് ചെയ്ത് ലോകഫുട്ബാൾ ഫെഡറേഷൻ ഓടി.
ആറാം ലോകകപ്പിന് പന്തുതട്ടാൻ യോഗ്യത ഉറപ്പിച്ച സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് 2026 അമേരിക്ക, മെക്സികോ, കാനഡ ലോകകപ്പിന്റെ പ്രചരണ പോസ്റ്ററിൽ നിന്നും സംഘാടകരായ ഫിഫ മറന്നത്. ലയണൽമെസ്സി, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, എർലിങ് ഹാലൻഡ് തുടങ്ങി ലോകകപ്പിന് യോഗ്യത ഉറപ്പിച്ച വിവിധ ടീമുകളുടെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഉൾകൊള്ളിച്ചപ്പോഴാണ്, മുൻനിരയിൽ അണിനിരക്കേണ്ട ക്രിസ്റ്റ്യാനോയെ ഫിഫ മറന്നത്.
പോർചുഗൽ നിരയിൽ നിന്നും ബ്രൂണോ ഫെർണാണ്ടസിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ, പോർചുഗലിലെ മാത്രമല്ല, ഫുട്ബാൾ ലോകത്തെ ആരാധകർ തന്നെ കൂടിളകി ആക്രമണം തുടങി. അബദ്ധം മനസ്സിലാക്കിയ ഫിഫ ഇതോടെ പോസ്റ്റർ തന്നെ പിൻവലിച്ച് രക്ഷപ്പെട്ടു.
ഫിഫയെയും, പോസ്റ്റർ ഡിസൈനറെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തി. ലയണൽ മെസ്സിയോടുള്ള ഫിഫയുടെ അമിത ചായ്‍വ് പ്രകടനമാവുന്നതാണ് ഇതെന്നും വിമർശനമുയർന്നു. ‘റൊണാൾഡോക്ക് പോസ്റ്റർ ആവശ്യമില്ല. പോസ്റ്ററിനാണ് റൊണാൾഡോ വേണ്ടത്’ എന്നായിരുന്നു മറ്റൊരു കമന്റ്.
ഡിസംബർ അഞ്ചിന് വാഷിങ്ടണിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് ചടങ്ങ് പ്രഖ്യാപനവുമായാണ് പോസ്റ്റർ പുറത്തിറക്കിയത്.
48 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പിൽ ഇതിനകം 42 ടീമുകൾ യോഗ്യത നേടികഴിഞ്ഞു.
യോഗ്യത നേടിയവർ
ആതിഥേയർ: കാനഡ, മെക്സികോ, യു.എസ്
ആഫ്രിക്ക: അൾജീരിയ, കേപ് വെർഡെ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, മൊറോക്കോ, സെനഗാൾ, ദക്ഷിണാഫ്രിക്ക, തുനീഷ്യ
ഏഷ്യ: ഇറാൻ, ജപ്പാൻ, ജോർഡൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്ബകിസ്താൻ, ആസ്ട്രേലിയ
യൂറോപ്പ്: ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നോർവേ, പോർചുഗൽ, ജർമനി, നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെൽജിയം
ഓഷ്യാനിയ: ന്യൂസിലൻഡ്
തെക്കേ അമേരിക്ക: അർജന്റീന, ബ്രസീൽ, കൊളംബിയ, എക്വഡോർ, പരഗ്വേ, ഉറുഗ്വായ്
കോൺകകാഫ്: കുറസാവോ, ഹെയ്തി, പാനമ.
പ്ലേ ഓഫ് (ആറ് ടീമുകൾക്ക് അവസരം)
ഇറ്റലി, യുക്രെയ്ൻ, റിപബ്ലിക് ഓഫ് അയർലൻഡ്, പോളണ്ട്, സ്ലോവാക്യ, അൽബേനിയ, ചെക്ക് റിപബ്ലിക്, വെയ്ൽസ്, ഡെൻമാർക്, കൊസോവോ, തുർക്കിയ, ബോസ്നിയ-ഹെർസഗോവിന, റൊമാനിയ, സ്വീഡൻ, വടക്കൻ അയർലൻഡ്, വടക്കൻ മാസിഡോണിയ, ബൊളീവിയ, ഡി.ആർ കോംഗോ, ന്യൂ കാലിഡോണിയ, ഇറാഖ്, ജമൈക്ക, സുരിനാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

