2026ലെ ഫിഫ ലോകകപ്പിന് 48ൽ 42 ടീമുകളായി; ബാക്കി ആറെണ്ണം പ്ലേ ഓഫിലൂടെ
text_fieldsന്യൂയോർക്: 2026ൽ വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസും മെക്സികോയും കാനഡയും സംയുക്തമായി ആതിഥ്യമരുളുന്ന ഫുട്ബാൾ ലോകകപ്പിന്റെ ചിത്രം തെളിയുന്നു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ കളിക്കുന്ന ലോകകപ്പിലേക്ക് ഇതുവരെ 42 ടീമുകൾ ടിക്കറ്റെടുത്തു. ആതിഥേയരെന്നനിലയിൽ യു.എസും മെക്സികോയും കാനഡയും നേരിട്ടെത്തിയപ്പോൾ യോഗ്യത കടമ്പകൾ കടന്നാണ് മറ്റു 39 സംഘങ്ങളുടെ വരവ്. ബാക്കി ആറ് ടീമുകളെ പ്ലേ ഓഫിലൂടെ കണ്ടെത്തും.
യൂറോപ്യൻ മേധാവിത്വം
അടുത്ത വർഷം ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ആറ് വൻകരകളിൽനിന്നാണ് 48 രാജ്യങ്ങളെത്തുന്നത്. യൂറോപ്പിൽനിന്ന് 12, ആഫ്രിക്കയിൽനിന്ന് ഒമ്പത്, ഏഷ്യയിൽനിന്ന് എട്ട്, തെക്കേ അമേരിക്കയിൽനിന്ന് ആറ്, മധ്യ-വടക്കേ അമേരിക്കയിൽനിന്ന് (കോൺകകാഫ്) ആതിഥേയരടക്കം ആറ്, ഓഷ്യാനയിൽനിന്ന് ഒന്ന് ടീമുകൾ ഇതിനകം കടന്നു. ഇവരിൽ ആഫ്രിക്കക്കാരായ കേപ് വെർഡെ, ഏഷ്യയിലെ ജോർഡൻ, ഉസ്ബകിസ്താൻ, കോൺകകാഫുകാരായ കുറസാവോ എന്നിവർക്ക് ആദ്യ ഊഴമാണ്.
പ്ലേ ഓഫ് എങ്ങനെ?
ചേർക്കാനുള്ളതിൽ യൂറോപ്പിൽനിന്ന് നാലും ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് വഴി രണ്ടും ടീമുകൾക്കാണ് അവസരം. 16 ടീമുകളാണ് യൂറോപ്പിൽ നിന്ന് പ്ലേ ഓഫിലുള്ളത്. ഇന്റർകോണ്ടിനന്റലിൽ യൂറോപ് ഇതര വൻകരകളുടെ ആറ് സംഘങ്ങളും. യൂറോപ്പിലെ 16 ടീമുകൾ നാല് പാത്തുകളായി തിരിഞ്ഞ് സെമി ഫൈനലും ഫൈനലും കളിക്കും. ഇതിൽ ജേതാക്കളായെത്തുന്ന നാല് ടീമുകൾ ലോകകപ്പ് കളിക്കും. മുൻ ചാമ്പ്യന്മാരായ ഇറ്റലിയാണ് കൂട്ടത്തിലെ ഏറ്റവും പ്രമുഖർ. ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫിൽ ഏഷ്യയിൽനിന്ന് ഇറാഖ്, ആഫ്രിക്കയിൽ നിന്ന് ഡി.ആർ കോംഗോ, കോൺകകാഫിൽനിന്ന് സുരിനാം, ജമൈക്ക, ലാറ്റിനമേരിക്കയിൽനിന്ന് ബൊളീവിയ, ഓഷ്യാനയിൽനിന്ന് ന്യൂ കാലിഡോണിയ ടീമുകളുണ്ട്. ഇവരിൽ ടോപ് സീഡുകളായ ഇറാഖും കോംഗോയും നേരിട്ട് പ്ലേ ഓഫ് ഫൈനലിലെത്തി. ബാക്കി നാല് ടീമുകൾ സെമി ഫൈനൽ കളിച്ച് രണ്ട് ഫൈനലിസ്റ്റുകളെ നിശ്ചയിക്കും. തുടർന്ന് ജേതാക്കളാവുന്ന രണ്ട് ടീമുകൾ ലോകകപ്പ് കളിക്കും.
സ്പെയിൻ, ബെൽജിയം, സ്കോട്‍ലൻഡ് കടന്നു
മുൻ ചാമ്പ്യന്മാരായ സ്പെയിൻ യൂറോപ്യൻ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ തുർക്കിയയോട് സമനില പിടിച്ച് ലോകകപ്പിന് യോഗ്യത നേടി. മത്സരം 2-2ൽ കലാശിച്ചു. ഗ്രൂപ് ഇ-യിൽ ആറ് മത്സരങ്ങളിൽ സ്പെയിനിന് 16 പോയന്റാണുള്ളത്. തുർക്കിയ (13) രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലും പ്രവേശിച്ചു. ഗ്രൂപ് ഇ-യിൽ ലിച്ചെൻസ്റ്റൈനെ മറുപടിയില്ലാത്ത ഏഴ് ഗോളിന് കശക്കി ബെൽജിയവും ടിക്കറ്റെടുത്തു. എട്ട് മത്സരങ്ങളിൽ ബെൽജിയത്തിന് 18പോയന്റാണുള്ളത്. 2-2 സമനിലയിലേക്ക് നീങ്ങിയ ഗ്രൂപ് സി-ആവേശപ്പോരിന്റെ ഇൻജുറി ടൈമിൽ രണ്ട് ഗോൾ കൂടി നേടി ഡെന്മാർക്കിനെതിരെ 4-2 ജയവുമായി സ്കോട്ട്ലൻഡും യോഗ്യത കൈവരിച്ചു. മധ്യ-വടക്കേ അമേരിക്കയിൽനിന്ന് ഹെയ്തി യോഗ്യത നേടി. രണ്ടാമത്തെ തവണ മാത്രം ലോകകപ്പ് കളിക്കുന്ന ഹെയ്തി ഇതിന് മുമ്പ് പന്ത് തട്ടിയത് 1974ലാണ്. കോൺകകാഫിൽനിന്ന് പാനമയും കുറസാവോയും കടന്നു.
യോഗ്യത നേടിയവർ
ആതിഥേയർ: കാനഡ, മെക്സികോ, യു.എസ്
ആഫ്രിക്ക: അൾജീരിയ, കേപ് വെർഡെ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, മൊറോക്കോ, സെനഗാൾ, ദക്ഷിണാഫ്രിക്ക, തുനീഷ്യ
ഏഷ്യ: ഇറാൻ, ജപ്പാൻ, ജോർഡൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്ബകിസ്താൻ, ആസ്ട്രേലിയ*
യൂറോപ്പ്: ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നോർവേ, പോർചുഗൽ, ജർമനി, നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെൽജിയം
ഓഷ്യാനിയ: ന്യൂസിലൻഡ്
തെക്കേ അമേരിക്ക: അർജന്റീന, ബ്രസീൽ, കൊളംബിയ, എക്വഡോർ, പരഗ്വേ, ഉറുഗ്വായ്
കോൺകകാഫ്: കുറസാവോ, ഹെയ്തി, പാനമ.
* ഏഷ്യൻ റൗണ്ടിലാണ് ആസ്ട്രേലിയ.
പ്ലേ ഓഫിൽ
ഇറ്റലി, യുക്രെയ്ൻ, റിപബ്ലിക് ഓഫ് അയർലൻഡ്, പോളണ്ട്, സ്ലോവാക്യ, അൽബേനിയ, ചെക്ക് റിപബ്ലിക്, വെയ്ൽസ്, ഡെൻമാർക്, കൊസോവോ, തുർക്കിയ, ബോസ്നിയ-ഹെർസഗോവിന, റൊമാനിയ, സ്വീഡൻ, വടക്കൻ അയർലൻഡ്, വടക്കൻ മാസിഡോണിയ, ബൊളീവിയ, ഡി.ആർ കോംഗോ, ന്യൂ കാലിഡോണിയ, ഇറാഖ്, ജമൈക്ക, സുരിനാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

