ബാഴ്സയും റയലും ഇന്ന് മുഖാമുഖം; ജയിച്ചാൽ കിരീടം ബാഴ്സക്ക്, ക്യാമ്പ് നൗവിൽ എൽ ക്ലാസിക്കോ, എവിടെ കാണാം?
text_fieldsബാഴ്സലോണ: ലോകകായിക ഭൂപടം ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിലേക്ക് ഉറ്റുനോക്കുന്ന സുദിനം. സ്പാനിഷ് ലാ ലിഗയിലെ കരുത്തരായ ബാഴ്സലോണയും റയൽ മാഡ്രിഡും ഇന്ന് നേർക്കുനേർ. തുടർച്ചയായ രണ്ടാം വർഷവും ലാ ലിഗ കിരീടം സ്വന്തമാക്കാൻ ബാഴ്സലോണക്ക് ഇന്നത്തെ മത്സരത്തിൽ ഒരു സമനില മാത്രം മതി. എന്നാൽ, ഈ സീസണിൽ ഇതുവരെ ഒരു ട്രോഫി പോലും സ്വന്തമാക്കാനാകാത്ത റയൽ മാഡ്രിഡിന് ഈ മത്സരം അഭിമാനപ്രശ്നമാണ്.
നിലവിൽ പോയന്റ് പട്ടികയിൽ റയലിനേക്കാൾ 11 പോയന്റ് മുന്നിലാണ് ഹാൻസി ഫ്ലിക്കിന്റെ ബാഴ്സലോണ. ഇന്ന് വിജയിക്കുകയാണെങ്കിൽ ലാ ലിഗയിലെ എക്കാലത്തെയും ഉയർന്ന പോയന്റ് റെക്കോർഡായ 100ലേക്ക് എത്താൻ ബാഴ്സക്ക് വഴിയൊരുങ്ങും. കൂടാതെ, സീസണിലെ എല്ലാ ഹോം മാച്ചുകളും വിജയിക്കുന്ന ആദ്യ ടീമെന്ന അപൂർവ നേട്ടവും ബാഴ്സയെ കാത്തിരിക്കുന്നു.
റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഇത് കടുത്ത പരീക്ഷണങ്ങളുടെ കാലമാണ്. 21-ാം നൂറ്റാണ്ടിൽ ട്രോഫികളൊന്നുമില്ലാതെ റയൽ സീസൺ അവസാനിപ്പിക്കുന്ന അഞ്ചാമത്തെ മാത്രം സന്ദർഭമാണിത്. ഇതിനിടെ ടീമിനുള്ളിലെ പോര് ക്ലബ്ബിനെ വട്ടംകറക്കുന്നു. പരിശീലനത്തിനിടെ മധ്യനിര താരം ഔറേലിയൻ ചൗമേനിയും ഫെഡറിക്കോ വാൽവെർദെയും തമ്മിലുണ്ടായ കൈയ്യാങ്കളി വലിയ വിവാദമായിരിക്കുകയാണ്. പരിക്കേറ്റ വാൽവെർദെക്ക് രണ്ടാഴ്ചത്തെ വിശ്രമം വേണ്ടിവരും. ഇരുവർക്കും ക്ലബ് അഞ്ച് ലക്ഷം യൂറോ പിഴ ചുമത്തിയിട്ടുണ്ട്.
ഇന്ത്യൻ സമയം തിങ്കളാഴ്ച (മേയ് 11) പുലർച്ച 12:30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ ഈ മത്സരത്തിന് ടെലിവിഷൻ സംപ്രേക്ഷണം ലഭ്യമല്ല. എങ്കിലും ഫുട്ബാൾ ആരാധകർക്ക് 'ഫാൻകോഡ്' ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും മത്സരം തത്സമയം കാണാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

