
കലാശപ്പോരിന് പിന്നാലെ മാക്‌സ്‌വെല്ലിന് കോഹ്‍ലിയുടെ ‘സ്‍പെഷ്യൽ ഗിഫ്റ്റ്’ - വിഡിയോ
text_fieldsഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ആസ്‌ട്രേലിയയോട് തോൽവിയേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളോട് എളുപ്പം കീഴടങ്ങിയ കംഗാരുക്കൾ കലാശപ്പോരിൽ ജയംപിടിക്കുമെന്ന് രോഹിത് ശർമയും സംഘവും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. വിഷയാഘോഷത്തോടെ ഓസീസും തകർന്ന സ്വപ്നങ്ങളുമായി കണ്ണീരോടെ ഇന്ത്യയും മൈതാനം വിട്ടെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമംഗങ്ങളായ വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്‌സ്‌വെല്ലും അന്ന് ഹൃദയസ്പർശിയായ ഒരു നിമിഷം പങ്കിട്ടിരുന്നു.
ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഹസ്തദാനം നടത്തുന്ന സമയത്ത് കോഹ്‌ലി മാക്‌സ്‌വെല്ലിന് ഒരു പ്രത്യേക സമ്മാനം നൽകി. ഫൈനലിൽ 54 റൺസിന്റെ നിർണായക ഇന്നിംഗ്‌സ് കളിച്ച ഇന്ത്യൻ ഐക്കൺ, ആസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓൾറൗണ്ടർക്ക് തന്റെ ഒപ്പിട്ട ജേഴ്‌സിയാണ് സമ്മാനിച്ചത്.
പ്രസന്റേഷൻ ചടങ്ങിന് മുന്നോടിയായി നടന്ന കൈമാറ്റം, രണ്ട് കളിക്കാർ തമ്മിലുള്ള ആത്മ ബന്ധം അടയാളപ്പെടുത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ട ബന്ധം ശക്തിപ്പെടുത്തുകയായിരുന്നു ഇരുവരും.