പഹൽഗാം പരാമർശം; ഇന്ത്യൻ നായകൻ സൂര്യകുമാറിന് പിഴ ചുമത്തി ഐ.സി.സി
text_fieldsസൂര്യകുമാർ യാദവ്
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരായ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിനു പിന്നാലെ പഹൽഗാം ഭീകരാക്രമണ പരാമർശം നടത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴ ചുമത്തി ഐ.സി.സി.
സെപ്റ്റംബർ 14ന് നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ഏഴു വിക്കറ്റ് വിജയം നേടിയ ശേഷം, ജയം പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും, ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി സമർപ്പിക്കുന്നു എന്ന സൂര്യകുമാർ യാദവിന്റെ പ്രസ്താവനയാണ് നടപടിക്ക് കാരണമായത്. മാച്ച് ഫീയുടെ 30 ശതമാനമാണ് താരത്തിനെതിരെ പിഴ ചുമത്തിയത്.
ക്രിക്കറ്റിൽ രാഷ്ട്രീയ പരാമർശം നടത്തിയെന്ന് ചൂണ്ടികാണിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് പരാതി നൽകിയിരുന്നു.
ഇതിൽ അന്വേഷണം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യൻ നായകനെതിരെ നടപടി സ്വീകരിച്ചത്. ഗ്രൂപ്പ് മത്സരത്തിനു ശേഷം സമ്മാനദാന ചടങ്ങിലും വാർത്താ സമ്മേളനത്തിലും ഇന്ത്യൻ നായകൻ രാഷ്ട്രീയ പ്രസ്താവന നടത്തിയെന്നായിരുന്നു പി.സി.ബി പരാതി. തുടർന്ന് ഐ.സി.സി മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ സൂര്യകുമാർ യാദവിന്റെ വാദവും കേട്ടു.
കുറ്റക്കാരനല്ലെന്ന് താരം വാദിച്ചുവെങ്കിലും നടപടി ഒഴിവായില്ല. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ രാഷ്ട്രീയമായി വ്യാഖ്യാനിക്കാവുന്ന ഒരു പ്രസ്താവനയും നടത്തരുതെന്നും ഐ.സി.സി ആവശ്യപ്പെട്ടു.
ഇന്ത്യൻ നായകനെതിരെ പി.സി.ബിയിൽ നിന്നു രണ്ടു പരാതികൾ ലഭിച്ചതായി മാച്ച് റഫറി വെള്ളിയാഴ്ച രാവിലെ സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം ബോധിപ്പിച്ചുകൊണ്ട് ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇ മെയിൽ അയക്കുകയും ചെയ്തു. പരാതിയും, ഒപ്പം സമർപ്പിച്ച തെളിവുകളും പരിശോധിച്ചപ്പോൾ, സൂര്യകുമാറിന്റെ പരാമർശങ്ങൾ കായികരംഗത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതാണെന്നും ഇന്ത്യൻ ക്യാപ്റ്റനെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്നും ഇ മെയിലിൽ അറിയിച്ചു.
കളിയുടെ താൽപര്യത്തിന് ഹാനികരമായപരാമർശങ്ങൾ നടത്തി മത്സരത്തെ വിവാദത്തിലേക്ക് നയിച്ച പെരുമാറ്റത്തിന് സൂര്യകുമാർ യാദവിനെതിരെ നടപടി സ്വീകരിക്കണമെന്ന നിഗമനത്തിലെത്തിയതായാണ് സന്ദേശത്തിലുള്ളത്.
ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണവും, തുടർന്ന് മേയിൽ നടത്തിയ ഓപറേഷൻ സിന്ദൂർ സൈനിക നടപടിക്കും പിന്നാലെ ഇരു ടീമുകളും ക്രിക്കറ്റ് കളത്തിൽ മുഖാമുഖമെത്തിയോടെ മത്സരത്തിന് രാഷ്ട്രീയ-നയതന്ത്ര പോരിന്റെ മാനവും കൈവന്നിരുന്നു. മത്സരം ബഹിഷ്കരിക്കണമെന്നും വ്യാപക ആവശ്യമുയർന്നു.
പക്ഷേ, കളിക്കാനായിരുന്നു ബി.സി.സി.ഐയുടെയും കേന്ദ്ര സർക്കാറിന്റെയും തീരുമാനം. കളി തുടങ്ങിയപ്പോൾ ടോസിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്താൻ നായകൻ സൽമാൻ ആഗയെ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് പിന്നീട് ഏറെ വിവാദമായി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി പാകിസ്താൻ രംഗത്തെത്തിയത് ടൂർണമെന്റിനെ വീണ്ടും ചൂട് പിടിപ്പിച്ചു. മത്സര ബഹിഷ്‍കരണം വരെ പ്രഖ്യാപിച്ച പാകിസ്താനെ അനുനയിപ്പിച്ചാണ് ഐ.സി.സി വീണ്ടും കളിക്കാനിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

