Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ...

ഇന്ത്യ കൈകൊടുക്കാത്തതിന് പാകിസ്താന്റെ പിണക്കം മാച്ച് റഫറിക്കെതിരെ; ഏഷ്യാ കപ്പ് ബഹിഷ്‍കരിക്കുമെന്ന് ഭീഷണി

text_fields
bookmark_border
asia cup 2025
cancel
camera_alt

പാകിസ്താൻ ക്രിക്കറ്റ് ടീം താരങ്ങൾ

ദുബൈ: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരത്തിനിടെയുണ്ടായ ഹസ്തതദാന വിവാദം കൈവിട്ട് കളി കാര്യമായി മാറുന്നു. ഇന്ത്യൻ ടീമിൽ നിന്നുണ്ടായ അവഗണനയിൽ മുറിവേറ്റ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഏഷ്യാ കപ്പ് ബഹിഷ്‍കരണ ഭീഷണിയുമായി രംഗത്ത്. ഞായറാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടയിലെ സംഭവങ്ങളുടെ പേരിൽ മാച്ച് റഫറി ആൻഡി പൈ​ക്രോഫ്റ്റിനെ ലക്ഷ്യം വെച്ചിറങ്ങിയ പി.സി.ബി, മാച്ച് റഫറിയെ ടൂർണമെന്റിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‍കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ഐ.സി.സി പെരുമാറ്റ ചട്ടവും, ക്രിക്കറ്റ് സ്പിരിറ്റ് നിലനിർത്തുന്നതിനായുള്ള എം.സി.സി ചട്ടങ്ങളും ലംഘിക്കുന്നതാണ് മാച്ച് റഫറിയുടെ നടപടിയെന്ന് അറിയിച്ചുകൊണ്ട് പി.സി.ബി ചെയർമാൻ പരാതി നൽകി.

നടപടി സ്വീകരിച്ചില്ലെങ്കിൽ ബുധനാഴ്ച യു.എ.ഇക്കെതിരായ മത്സരം കളിക്കില്ലെന്നാണ് പാകിസ്താന്റെ മുന്നറിയിപ്പ്.

​ഞായറാഴ്ച ദുബൈയിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായുള്ള ടോസിങ്ങിനിടെ ക്യാപ്റ്റൻമാരുടെ ഹസ്തദാനം മുടങ്ങിയതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. ടോസിടൽ പൂർത്തിയാക്കിയതിനു പിന്നാലെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്യാതെയായിരുന്നു മൈതാനം വിട്ടത്. തുടർന്ന് കളി കഴിഞ്ഞ ശേഷവും ഹസ്തദാനമില്ലാതെ താരങ്ങൾ മടങ്ങി. ഇന്ത്യൻ ഭാഗത്തു നിന്നുണ്ടായ അവഗണനയിൽ പ്രതിഷേധമറിയിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിന്നീട് പരാതിയുമായി രംഗത്തു വരികയായിരുന്നു.

പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്‍വിയുടെ എക്സ് പോസ്റ്റ്

​‘ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം വേണ്ടെന്ന് ടോസിങ്ങിനിടെയാണ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്താൻ നായകൻ സൽമാൻ അലി ആഗയെ അറിയിച്ചത്. കായിക സ്പിരിറ്റിന് ചേർന്നതല്ലെന്ന് ആരോപിച്ച് പാകിസ്താൻ ടീം മാനേജ്മെന്റ് പ്രതിഷേധവും രേഖപ്പെടുത്തി’ -പി.സി.ബി ചെയർമാൻ അറിയിച്ചു.

ഐ.സി.സി ചട്ടവും എം.സി.സി നിയമവും ലംഘിക്കുന്ന നടപടിയാണ് മാച്ച് റഫറിയിൽ നിന്നുണ്ടായതെന്ന് പി.സി.ബി ചെയർമാൻ മുഹ്സിൻ നഖ്‍വി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

ടോസിനു പിന്നാലെ ഹസ്തദാനമില്ലാതെ കളി തുടങ്ങിയപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. മത്സരത്തിൽ പാകിസ്താൻ ഏഴ് വിക്കറ്റിന് തോറ്റമ്പിയതോടെ ‘ഹസ്തദാന നിഷേധം’ തീപ്പിടിച്ചു. കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ പാകിസ്താൻ താരങ്ങൾക്ക് മുഖംപോലും നൽകാതെ നീങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരം ശിവം ദുബെക്ക് മാത്രമാണ് കൈ നൽകിയത്.

മത്സര ശേഷം, പാക് കോച്ച് മെക് ഹെസനും സംഭവത്തിൽ നിരാശ പ്രകടിപ്പിച്ചു.

കളിയുടെ അവസാനം പരസ്പരം കൈ കൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ ടീം ഹസ്തദാനം നൽകാത്തതിൽ നിരാശരായിരുന്നു. ടീം ഡ്രസ്സിങ് റൂമിനരികിലെത്തി ഹസ്തദാനം ചെയ്യാൻ ശ്രമിച്ചുവെങ്കിലും കളിക്കാർ മുറിയിലേക്ക് പോയിരുന്നു’ -കോച്ച് പറഞ്ഞു.

അതേസമയം, പാകിസ്താനെതിരായ വിജയം ഇന്ത്യയുടെ ധീരസൈനികർക്കു സമർപ്പിക്കുന്നതായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചു.

‘ഇവിടെ ക്രിക്കറ്റ് കളിക്കാനാണു വന്നത്. ചില കാര്യങ്ങൾ ക്രിക്കറ്റിന് അപ്പുറമുള്ളതാണ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണു ഞങ്ങളുടെ മനസ്സ്. ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നു’– മത്സരശേഷം സൂര്യകുമാർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് കളിക്ക് ശേഷം നടത്തുന്ന വാർത്തസ​മ്മേളനം പാക് കാപ്റ്റൻ ബഹിഷ്‍കരിച്ചിരുന്നു.

പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും ആദ്യമായാണ് ​ക്രിക്കറ്റ് ഗ്രൗണ്ടിൽ മുഖാമുഖമെത്തുന്നത്. ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂർ സൈനിക നടപടിയിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളായി നിൽക്കെ ​ഏഷ്യാകപ്പിൽ ക്രിക്കറ്റ് മത്സരമൊാരുങ്ങിയതോടെ ബഹിഷ്കരിക്കാൻ മുറവിളി ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India PakistanCricket NewsHandshakesuryakumar yadavSports NewsAsia Cup 2025
News Summary - Pakistan To Take Drastic Step Over 'Handshake' Row Against India. Report Says Boycott
Next Story