23 കോടി വിലയുള്ള താരത്തെ ഒഴിവാക്കും! ഐ.പി.എല്ലിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്
text_fieldsഹൈദരാബാദ്: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് (എസ്.ആർ.എച്ച്). ഇതിനായി മിനി താര ലേലത്തിനു മുമ്പായി ടീമിലെ വിലപിടിപ്പുള്ള താരത്തെ ഒഴിവാക്കി പഴ്സിൽ പരമാവധി പണം നിറക്കാനാണ് മാനേജ്മെന്‍റ് നീക്കം.
കഴിഞ്ഞ സീസണിൽ റെക്കോഡ് വിലക്ക് ടീമിൽ നിലനിർത്തിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസനെ ഇത്തവണ ഒഴിവാക്കുന്നത് ടീം ഗൗരവമായി ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. 23 കോടി രൂപ നൽകിയാണ് താരത്തെ കഴിഞ്ഞ സീസണിൽ ടീമിൽ നിലനിർത്തിയത്. ട്വന്‍റി20 ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റർമാർ അണിനിരന്നിട്ടും കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് 18 കോടി രൂപയാണ് എസ്.ആർ.എച്ച് നൽകുന്നത്.
ക്ലാസൻ കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽനിന്ന് 487 റൺസാണ് അടിച്ചെടുത്തത്. എന്നാൽ, ഇതിൽ പകുതിയിലധികം റൺസും നേടിയത് വെറും രണ്ടു മത്സരങ്ങളിൽനിന്നാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരത്തില്‍ 39 പന്തിൽ 105 റൺസാണ് താരം നേടിയത്. 2024ൽ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതിൽ താരത്തിന്‍റെ ബാറ്റിങ്ങിന് നിർണായക പങ്കുണ്ടായിരുന്നു. നാലു അർധ സെഞ്ച്വറികളടക്കം 479 റൺസാണ് ആ സീസണിൽ പ്രോട്ടീസ് താരത്തിന്‍റെ സമ്പാദ്യം. വർഷത്തിന്‍റെ തുടക്കത്തിൽ ക്ലാസൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു.
അതേസമയം, റിലീസ് ചെയ്യുന്ന താരത്തെ മിനി ലേലത്തിൽ കുറഞ്ഞ വിലക്ക് വാങ്ങുന്നതും മാനേജ്മെന്‍റിന്‍റെ പരിഗണനയിലുണ്ട്. മിനി ലേലത്തിൽ 15 കോടി രൂപ വരെ താരത്തിനായി ചെലവഴിക്കാൻ ടീം തയാറായേക്കും. ഇതിലൂടെ ലഭിക്കുന്ന എട്ടു കോടി മറ്റു താരങ്ങൾക്കായി മുടക്കാനാണ് ടീം ആലോചിക്കുന്നത്. നിലവിൽ ബൗളിങ്ങിലും മധ്യനിരയിലും ടീമിന് പ്രശ്നങ്ങളുണ്ട്.
അതേസമയം, ക്ലാസനായി ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ ചരടുവലിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ റിലീസ് ചെയ്ത താരത്തെ മിനി ലേലത്തിൽ വീണ്ടും ടീമിലെത്തിക്കുന്നത് എസ്.ആർ.എച്ചിന് അത്ര എളുപ്പമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

